വടകര: പെട്ടെന്നൊരു വെളിപാടുപോലെയാണ് ജോളി പറഞ്ഞത്. ''ബാക്കി സയനൈഡ് വീട്ടിലുണ്ട്.'' തിങ്കളാഴ്ചരാത്രി ചോദ്യംചെയ്യൽ അവസാനിക്കുന്ന വേളയിലായിരുന്നു വെളിപ്പെടുത്തൽ. ഇതു തനിക്കായി കരുതിവെച്ചതാണെന്നും പിടിക്കപ്പെടുമെന്ന ഘട്ടംവന്നാൽ കഴിക്കാൻവെച്ചതാണെന്നും പോലീസിനോടു വെളിപ്പെടുത്തി. അറസ്റ്റുചെയ്യാനൊരുങ്ങുകയാണെങ്കിൽ ഇതുകഴിക്കാനായിരുന്നു ജോളി ആലോചിച്ചിരുന്നതെന്ന് പോലീസ് പറയുന്നു. എന്നാൽ, രാവിലെതന്നെ പോലീസ് എത്തിയതോടെ ഈ നീക്കം പൊളിഞ്ഞു. തിങ്കളാഴ്ചത്തെ ചോദ്യംചെയ്യലിൽ സയനൈഡ് വീട്ടിലുണ്ടെന്ന് വെളിപ്പെടുത്തിയ ഉടൻതന്നെ ജോളിയെ അന്വേഷണസംഘം വടകര പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാനെന്ന വ്യാജേന പുറത്തിറക്കി. വാഹനം വടകര ഭാഗത്തേക്ക് പോവുകയുംചെയ്തു. എന്നാൽ കോട്ടക്കടവിൽനിന്ന് പോലീസ് വാഹനംതിരിച്ചു. വന്ന വഴിയെതന്നെ താമരശ്ശേരിയിലേക്ക് കുതിച്ചു. കുറച്ചുസമയം കഴിഞ്ഞാണ് ജോളിയുമായി വീണ്ടും പൊന്നാമറ്റം വീട്ടിൽ തെളിവെടുപ്പ് നടത്തുന്നെന്ന വാർത്ത പുറത്തായത്. രാത്രി ഒമ്പതരയോടെ തുടങ്ങിയ തെളിവെടുപ്പ് അവസാനിച്ചത് പന്ത്രണ്ടേകാലിനാണ്. ഇതിനിടെയാണ് അടുക്കളയിലെ റാക്കിനുള്ളിൽ ചെമ്പുപാത്രങ്ങൾക്കിടയിൽ തുണിയിൽപൊതിഞ്ഞ് സൂക്ഷിച്ച കുപ്പി ജോളി എടുത്തുകൊടുത്തത്. തെളിവെടുപ്പ് സമയത്ത് പോലീസ് വിവരസാങ്കേതിക വിദ്യാവിഭാഗം സൂപ്രണ്ട് ഡോ. ദിവ്യ വി. ഗോപിനാഥ് ഉൾപ്പെടെയുള്ള ഫൊറൻസിക് വിദഗ്ധരും സ്ഥലത്തുണ്ടായിരുന്നു. ഇവർ ഈ കുപ്പിയിലെ വസ്തു പരിശോധിച്ചു. വിശദപരിശോധനയ്ക്ക് െഫാറൻസിക് ലാബിലേക്ക് അയച്ചു. കണ്ടെത്തിയത് സയനൈഡാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. സയനൈഡാണെന്നാണ് ജോളി പറഞ്ഞത്. തെളിവെടുപ്പ് പൂർത്തിയാക്കി ജോളിയും ഉദ്യോഗസ്ഥരും തിരിച്ച് വടകരയിലെത്തുമ്പോൾ പുലർച്ചെ രണ്ടുമണിയായി. ചൊവ്വാഴ്ച രാവിലെ പത്തരയോടെ ജോളിയെ വീണ്ടും ചോദ്യംചെയ്യലിന് എസ്.പി. ഓഫീസിൽ ഹാജരാക്കി. വളരെ പരുഷമായാണ് ജോളി ചോദ്യങ്ങളോടു പ്രതികരിക്കുന്നത്. ആറുകേസുകൾ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരും അവരവർക്കുവേണ്ട കാര്യങ്ങൾ ശേഖരിക്കുന്നുണ്ട്. content highlights:koodathai murder case Jolly , cyanide
from mathrubhumi.latestnews.rssfeed https://ift.tt/2P12Feb
via
IFTTT