തിരുവനന്തപുരം: തുലാവർഷത്തിന്റെ ഭാഗമായുള്ള ഇടിമിന്നലോടുകൂടിയ കനത്തമഴ അഞ്ചു ദിവസംകൂടി തുടരാൻ സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. ഏതാനും ജില്ലകളിൽ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ തിങ്കളാഴ്ച ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കു സാധ്യതയുണ്ട് തിങ്കളാഴ്ച തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് ജാഗ്രതയും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട് എന്നിവിടങ്ങളിൽ മഞ്ഞ ജാഗ്രതയും നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിലും ഭൂമിയിൽ വിള്ളലുകൾ കാണപ്പെട്ട പ്രദേശങ്ങളിലും താമസിക്കുന്നവർ ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് മാറിത്താമസിക്കാൻ തയ്യാറാകണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അഭ്യർഥിച്ചു. വൈകുന്നേരങ്ങളിലെ കനത്ത മഴ താഴ്ന്നപ്രദേശങ്ങളിൽ പ്രളയങ്ങൾക്കും മലയോര മേഖലയിൽ മലവെള്ളപ്പാച്ചിൽ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവയ്ക്കും കാരണമായേക്കുമെന്നും മുന്നറിയിപ്പുണ്ട്. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ പ്രഭാവംമൂലം ശക്തമായ കാറ്റുവീശാനുള്ള സാധ്യതയുണ്ട്. മണിക്കൂറിൽ 45-55 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ തിങ്കളാഴ്ച മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. content highlights: orange alert in kerala
from mathrubhumi.latestnews.rssfeed https://ift.tt/2BsBO2D
via
IFTTT