തിരുവനന്തപുരം: ഇന്റർനാഷണൽ സീറോ വേസ്റ്റ് സിറ്റീസ് കോൺഫറൻസിൽ തിരുവനന്തപുരം നഗരത്തിന് അംഗീകാരം ലഭിച്ചെന്നുള്ള മേയറും വട്ടിയൂർക്കാവിലെ എൽ ഡി എഫ് സ്ഥാനാർഥിയുമായ വി കെ പ്രശാന്തിന്റെ ഫെയ്സ്ബുക്ക് കുറിപ്പിനെതിരെ പരിഹാസവുമായി അരുവിക്കര എം എൽ എ കെ എസ് ശബരീനാഥൻ. ലഭിച്ചത് പ്രാഞ്ചിയേട്ടൻ അവാർഡാണെന്ന് ശബരീനാഥൻ പരിഹസിച്ചു. തിരുവനന്തപുരത്തിന് അംഗീകാരം ലഭിച്ച കാര്യം ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് പ്രശാന്ത് പങ്കുവെച്ചത്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെ തന്നെയാണ് ശബരീനാഥന്റെയും പ്രതികരണം. മലേഷ്യയിൽ നടക്കുന്ന ഇന്റർനാഷണൽ സീറോ വേസ്റ്റ് സിറ്റീസ് കോൺഫെറൻസിൽ തിരുവനന്തപുരം നഗരത്തിന് അംഗീകാരം ലഭിച്ചിരിക്കുകയാണ്. വിളപ്പിൽശാല അടച്ചുപൂട്ടിയ ശേഷം തിരുവനന്തപുരം നഗരത്തിൽ കഴിഞ്ഞ കുറച്ചുവർഷങ്ങൾകൊണ്ടു നിരന്തര പരിശ്രമത്തിലൂടെ വിജയിച്ച വികേന്ദ്രീകൃത മാലിന്യ സംസ്കരണ പദ്ധതികൾക്കുള്ള ആഗോള അംഗീകാരമാണിത്. തിരുവനന്തപുരം നഗരത്തിലെ എല്ലാ ജനങ്ങൾക്കും ഇത് അഭിമാന മുഹൂർത്തമാണ്- വി കെ പ്രശാന്തിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത് ഇങ്ങനെയാണ്. എന്നാൽ തിരുവനന്തപുരം നഗരസഭയ്ക്ക് മാലിന്യ നിർമ്മാജ്ജന അവാർഡ് കൊടുത്ത ജി എ ഐ എ സമ്മേളനത്തിന്റെ മുഖ്യ സ്പോൺസർ നഗരസഭയ്ക്ക് വേണ്ടി പ്രോജക്ട് തയ്യാറാക്കിയ തണൽ എന്ന സംഘടനയാണെന്ന് ശബരീനാഥൻ ഫെയ്സ്ബുക്ക് കുറിപ്പിൽ ആരോപിച്ചു. അന്താരാഷ്ട്ര അവാർഡ് കൊടുത്ത തണലിന്റെ തലവനായ ജി എ ഐ എ കോഓർഡിനേറ്ററുടെ ഫേസ്ബുക് പേജിൽ എൽ ഡി എഫ് സ്ഥാനാർഥിയ്ക്ക് സ്തുതിയെന്നും എങ്ങനെയുണ്ട് എൽ ഡി എഫിന്റെ പ്രാഞ്ചി അവാർഡെന്നും ശബരീനാഥൻ ആരായുന്നു. തണൽ കോ ഓർഡിനേറ്റർ ഷിബു കെ എന്നിന്റെ ഫെയ്സ്ബുക്ക് പ്രൊഫൈലിന്റെ സ്ക്രീൻ ഷോട്ടും ഇതിനൊപ്പം കൊടുത്തിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിന് അംഗീകാരം ലഭിച്ച കാര്യം പങ്കുവെച്ചുള്ള വി കെ പ്രശാന്തിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് #സന്തോഷവാർത്ത.... മലേഷ്യയിൽ നടക്കുന്ന ഇന്റർനാഷണൽ സീറോ വേസ്റ്റ് സിറ്റീസ് കോൺഫെറെൻസിൽ തിരുവനന്തപുരം നഗരത്തിന് അംഗീകാരം ലഭിച്ചിരിക്കുകയാണ്. വിളപ്പിൽശാല അടച്ചുപൂട്ടിയ ശേഷം തിരുവനന്തപുരം നഗരത്തിൽ കഴിഞ്ഞ കുറച്ചുവർഷങ്ങൾകൊണ്ടു നിരന്തര പരിശ്രമത്തിലൂടെ വിജയിച്ച വികേന്ദ്രീകൃത മാലിന്യ സംസ്കരണ പദ്ധതികൾക്കുള്ള ആഗോള അംഗീകാരമാണിത്. തിരുവനന്തപുരം നഗരത്തിലെ എല്ലാ ജനങ്ങൾക്കും ഇത് അഭിമാന മുഹൂർത്തമാണ്. ഇൻഡോനേഷ്യ, ഫിലിപ്പൈൻസ്, മലേഷ്യ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള എട്ടു നഗരങ്ങളിലൊന്നായാണ് കോൺഫറൻസിൽ തിരുവനന്തപുരവും സ്ഥാനം പിടിച്ചിരിക്കുന്നത്. ഏഷ്യാ-പസഫിക് മേഖലയിലുള്ള വിവിധ രാജ്യങ്ങളിൽ സീറോ വേസ്റ്റ് ആശയങ്ങളിലൂന്നി നഗരമാലിന്യ സംസ്കരണ പദ്ധതികൾ നടപ്പാക്കുന്ന നഗരങ്ങളുടെ കൂട്ടായ്മയാണ് ഇന്റർ നാഷണൽ സീറോ വേസ്റ്റ് സിറ്റീസ്. പ്ലാസ്റ്റിക് മാലിന്യത്തിന്റെ തോതു കുറയ്ക്കാനുള്ള പ്രവർത്തനങ്ങൾ, ഉറവിടത്തിൽത്തന്നെ നഗര മാലിന്യങ്ങളുടെ തരംതിരിക്കലും ശേഖരണവും, ഉറവിട മാലിന്യ- വികേന്ദ്രീകൃത സംസ്കരണത്തിനുള്ള പ്രോത്സാഹനം, റീസൈക്ലിംഗ് തുടങ്ങിയവ നടപ്പാക്കുന്ന നഗരങ്ങളുടെ അന്താരാഷ്ട്ര കൂട്ടായ്മയാണിത്. ഇന്ത്യയിൽ നിന്ന് ചെന്നൈ നഗരമാണ് തിരുവനന്തപുരത്തേക്കൂടാതെ സീറോവേസ്റ്റ് സിറ്റി എന്ന സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരിക്കുന്നത്. 2015ൽ ആലപ്പുഴ നഗരസഭയ്ക്കും ഈ അംഗീകാരം ലഭിച്ചിരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ബ്രാൻഡ് ഓഡിറ്റിംഗ്, സ്കൂളുകളിലെ സീറോ വേസ്റ്റ് പ്രവർത്തനങ്ങൾ, ഗ്രീൻ പ്രോട്ടോക്കോൾ, ഉറവിട - വികേന്ദ്രീകൃത മാലിന്യ സംസ്കരണം എന്നീ പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് തിരുവനന്തപുരത്തെ ഈ കൂട്ടായ്മയിലേക്ക് ഇത്തവണ തെരെഞ്ഞെടുത്തിരിക്കുന്നത്. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ കെ. ശ്രീകുമാറാണ് തിരുവനന്തപുരം നഗരസഭയ്ക്കു വേണ്ടി കോൺഫറൻസിൽ പങ്കെടുത്ത് ഇന്ന് ആദരവ് സ്വീകരിച്ചിരിക്കുന്നത്. ജനങ്ങളുടെ സഹകരണത്തിലൂടെ മാത്രമേ വികേന്ദ്രീകൃത മാലിന്യസംസ്കരണം സാധ്യമാകൂ. അതു നേടാൻ തിരുവനന്തപുരത്തിന് സാധിക്കുന്നത് ചെറിയ കാര്യമല്ല. തിരുവനന്തപുരത്തെ ഇത്രയും വലിയൊരു അംഗീകാരം നേടാൻ സഹായിച്ച ഓരോരുത്തർത്തും നന്ദി.... ശബരീനാഥന്റെ ഫെയ്സ്ബുക്ക് കുറിപ്പ് തിരുവനന്തപുരം നഗരസഭയും മാലിന്യവും പിന്നെ ഒരു മലേഷ്യൻ അവാർഡും. -------------- വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിലെ പ്രധാനപ്പെട്ട ചർച്ചാവിഷയമാണ് നഗരത്തിലെ മാലിന്യം. നഗരത്തിൽ പ്രതിദിനം ഉൽപാദിക്കുന്ന മാലിന്യത്തിന്റെ 50 ശതമാനത്തിൽ താഴെ മാത്രമാണ് ഇന്ന് സംസ്കരണം നടക്കുന്നത്, ഈ മാലിന്യമാണ് നഗരത്തിലെ എല്ലാ കോണുകളിലുമായി കുമിഞ്ഞു കൂടുന്നത്. മാലിന്യ സംസ്കരണത്തിൽ നഗരസഭ പരാജയപ്പെട്ടതുകൊണ്ടാണല്ലോ സർക്കാരിന്റെ പൊലൂഷൻ കൺട്രോൾ ബോർഡ് തന്നെ 14.59 കോടി രൂപ ഫൈൻ ഈടാക്കുന്നത്. ഈ വിഷയങ്ങൾ വോട്ടർമാർ സജീവമായി ചർച്ച ചെയ്യുന്നതിനിടയിലാണ് മാലിന്യ നിർമാർജനത്തിന് മലേഷ്യയിലെ പെനാങിൽ നടന്ന International Zero Waste Conference അവാർഡ് തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ച വാർത്ത പത്രക്കുറിപ്പിലൂടെ അറിയുന്നത്. ഇനി ഇതിന്റെ വസ്തുതകളിലേക്ക് കടക്കാം: 1) പ്രസ്തുത കോൺഫറൻസ് സംഘടിപ്പിച്ചത് GAIA (Global Alliance for Incinerator Alternatives) എന്ന സംഘടനയാണ്.കഴിഞ്ഞ കാലങ്ങളിലും ഇവർ സമാനമായ സമ്മേളനങ്ങൾ നടത്തിയിട്ടുണ്ട്. 2) GAIA യുടെ ഇന്ത്യയിലെ പ്രധാന പ്രതിനിധി ഒരു ഷിബു നായരാണ്. ഇതിനോടൊപ്പം ഷിബു നായർ തണൽ എന്ന തിരുവനന്തപുരത്തുള്ള സംഘടനയുടെ ഡയറക്ടറുമാണ്. 3) തിരുവനന്തപുരം നഗരസഭയുടെ ഹരിതസേന പദ്ധതിയും മാലിന്യ സംസ്കരണ പദ്ധതികളും കഴിഞ്ഞ കാലങ്ങളായി നടത്തുന്നതും ഈ തണൽ തന്നെയാണ്. 4) ഇനി ഏറ്റവും ശ്രദ്ധേയമായ കാര്യം നഗരസഭയ്ക്ക് വേണ്ടി പ്രസ്തുത അവാർഡിനുള്ള രേഖകൾ സമർപ്പിച്ചതും തണൽ തന്നെ. വെബ്സൈറ്റിലെ നഗരസഭയെ ക്കുറിച്ചുള്ള രേഖകളിൽ തണൽ എന്ന സംഘടനയോട് കടപ്പാടുണ്ട് എന്ന് പറയുന്നു. ചുരുക്കം പറഞ്ഞാൽ, നഗരസഭയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന തണൽ എന്ന സംഘടനയുടെ ഡയറക്ടർ ഷിബു നായർ തന്നെയാണ് അവാർഡ് കൊടുത്ത് സംഘടനയുടെ ദേശ തലവൻ. ഒരു കൈയ്യിൽ നിന്ന് മറ്റൊരു കൈയിലേക്ക് ; എത്ര ലളിതം, എത്ര സുന്ദരം. അതോടൊപ്പം അവാർഡിനു വേണ്ടി സമർപ്പിച്ചിരിക്കുന്ന രേഖകളിൽ 19000 കിച്ചൻ ബിന്നുകൾ നമ്മുടെ നഗരത്തിൽ ഉണ്ടെന്ന് അവകാശപ്പെടുന്നു. ശരിക്കുമുള്ള കണക്ക് ഇതിലും വളരെ താഴെയാണ്.പരാജയമെന്ന് കോർപ്പറേഷൻ തന്നെ സമ്മതിച്ച പൈപ്പ് കമ്പോസ്റ്റ് പദ്ധതി 50% ഫലപ്രദമാണെന്നാണ് സംഘടനയുടെ റിപ്പോർട്ടിൽ കളവ് പറയുന്നത്. ഇതെല്ലാം ചേർത്ത് വായിക്കുമ്പോൾ, ഇലക്ഷൻ സമയത്ത് തട്ടിക്കൂട്ടിയ ഒരു പ്രാഞ്ചിയേട്ടൻ അവാർഡിന്റെ ഗന്ധമടിക്കുന്നു.അവാർഡ് ഉള്ളതാണോ അതോ നിർമ്മിതമാണോ എന്ന് ഉത്തരവാദിത്വപ്പെട്ടവർ വിശദീകരിച്ചാൽ കൊള്ളാം. ശരി തെറ്റുകൾ നമുക്ക് ചർച്ച ചെയ്യാം,നമ്മൾ തയ്യാർ. വിഷയവുമായി ബന്ധപ്പെട്ട് കെ എസ് ശബരീനാഥന്റെ രണ്ടാമത്തെ ഫെയ്സ്ബുക്ക് കുറിപ്പ് 1. തിരുവനന്തപുരം നഗരസഭയ്ക്ക് മാലിന്യ നിർമ്മാജ്ജന അവാർഡ് കൊടുത്ത ജി എ ഐ എ സമ്മേളനത്തിന്റെ മുഖ്യ സ്പോൺസർ നഗരസഭയ്ക്ക് വേണ്ടി പ്രൊജക്റ്റ് തയ്യാറാക്കിയ തണൽ എന്ന സംഘടന. 2. അന്താരാഷ്ട്ര അവാർഡ് കൊടുത്ത തണലിന്റെ തലവനായ ജി ഐ എ ഐ കോഓർഡിനേറ്ററുടെ ഫേസ്ബുക് പേജിൽ എൽ ഡി എഫ് സ്ഥാനാർഥിയ്ക്ക് സ്തുതി. എങ്ങനെയുണ്ട് എൽ ഡി എഫിന്റെ പ്രാഞ്ചി അവാർഡ്? content highlights:thiruvananthapuram corporation gets award sabarinadhan mla criticises vk prasanth
from mathrubhumi.latestnews.rssfeed https://ift.tt/2BdmeYf
via
IFTTT