Breaking

Saturday, October 19, 2019

പാകിസ്താന് എഫ്.എ.ടി.എഫ്. മുന്നറിയിപ്പ്: നാലുമാസത്തിനകം നന്നാവണം

പാരീസ്: പാകിസ്താന് കർശന മുന്നറിയിപ്പുമായി എഫ്.എ.ടി.എഫ്. ഭീകരസംഘടനകൾക്കുനേരെ കർശന നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കരിമ്പട്ടികയിൽപ്പെടുത്തുമെന്നാണ് അന്ത്യശാസനം. 2020 ഫെബ്രുവരിവരെ പാകിസ്താനെ ഗ്രേ ലിസ്റ്റിൽ നിലനിർത്താനും പാരീസിൽ ചേർന്ന പ്ലീനറി സമ്മേളനം തീരുമാനിച്ചു. ഭീകരസംഘടനകൾക്ക് സാമ്പത്തികസഹായം എത്തുന്നത് തടയാനുള്ള അന്താരാഷ്ട്ര കൂട്ടായ്മയാണ് എഫ്.എ.ടി.എഫ്. (ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ്). ഭീകരവാദം അടിച്ചമർത്താൻ പാകിസ്താൻ മതിയായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് യോഗം വിലയിരുത്തി. ഇക്കാര്യത്തിൽ നൽകിയ കർമപദ്ധതി 2020 ഫെബ്രുവരിയോടെ പൂർത്തിയാക്കണം. ഇല്ലെങ്കിൽ പാകിസ്താൻ കരിമ്പട്ടികയിലാവുമെന്ന് എഫ്.എ.ടി.എഫ്. പ്രസിഡന്റ് ഷിയാങ്മിൻ ലിയു പത്രസമ്മേളനത്തിൽ പറഞ്ഞു. അഞ്ചുദിവസത്തെ പ്ലീനറി വെള്ളിയാഴ്ചയാണ് സമാപിച്ചത്. എഫ്.എ.ടി.എഫ്. അംഗരാജ്യങ്ങളിലെ ധനകാര്യസ്ഥാപനങ്ങൾ പാകിസ്താനുമായുള്ള വ്യാപാരബന്ധങ്ങൾ, ഇടപാടുകൾ എന്നിവയിൽനിന്ന് മാറിനിൽക്കുന്നതടക്കമുള്ള നടപടികളുമുണ്ടാവും. ഭീകരവാദം തുടച്ചുനീക്കാൻ 27 ഇന കർമപദ്ധതി നടപ്പാക്കാനാണ് എഫ്.എ.ടി.എഫ്. പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നത്. ഒക്ടോബർവരെ സമയവും നൽകിയിരുന്നു. എന്നാൽ, ഇതിൽ 22 എണ്ണം അവർക്ക് നടപ്പാക്കാനായില്ല. ചൈന, തുർക്കി, മലേഷ്യ എന്നീ രാജ്യങ്ങൾ പിന്തുണച്ചതിനാലാണ് ഇപ്പോൾ സമയപരിധി 2020 ഫെബ്രുവരിവരെ നീട്ടിനൽകിയത്. ഐക്യരാഷ്ട്രസഭ ഭീകരരായി പ്രഖ്യാപിച്ചവരുൾപ്പെടെയുള്ള ഭീകരർക്കെതിരേ പാകിസ്താൻ മതിയായ നടപടികളെടുക്കുന്നില്ലെന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ആരോപിച്ചിരുന്നു. 205 അംഗരാജ്യങ്ങളും ഐക്യരാഷ്ട്രസഭ, ലോകബാങ്ക്, ഐ.എം.എഫ്. എന്നീ സംഘടനകളുടെ പ്രതിനിധികളും ഉൾപ്പെട്ട പ്ലീനറി യോഗത്തിലാണ് പാകിസ്താനെ ചൈനയും തുർക്കിയും മലേഷ്യയും പിന്തുണച്ചത്. കള്ളപ്പണം വെളുപ്പിക്കൽ, അന്താരാഷ്ട്ര സമ്പദ്വ്യവസ്ഥയ്ക്ക് ഭീഷണി ഉയർത്തുന്ന പ്രവർത്തനങ്ങൾ തുടങ്ങിയവയും തടയാൻ ലക്ഷ്യമിട്ടാണ് 1989-ൽ പാരീസ് കേന്ദ്രീകരിച്ച് എഫ്.എ.ടി.എഫ്. രൂപംകൊണ്ടത്. ഗ്രേ ലിസ്റ്റിൽ നിലനിർത്തിയത് കടുത്ത സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാകിസ്താന് വലിയ തിരിച്ചടിയാണ്. ഐ.എം.എഫ്., ലോകബാങ്ക്, യൂറോപ്യൻ യൂണിയൻ എന്നിവയുടെ സാമ്പത്തികസഹായം ലഭിക്കാൻ പാകിസ്താൻ ബുദ്ധിമുട്ടും. Content Highlights:Pakistan FATF blacklist terrorism


from mathrubhumi.latestnews.rssfeed https://ift.tt/2P24M14
via IFTTT