കണ്ണൂർ : സംസ്ഥാനത്ത് ലൈംഗികത്തൊഴിൽ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം പതിനേഴായിരത്തിലധികം വരുമെന്ന് കേരളാ എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി. 13,331 പുരുഷ ലൈംഗികത്തൊഴിലാളികളുമുണ്ട്. എച്ച്.ഐ.വി. ബാധിതരെ കണ്ടെത്താൻ നടത്തിയ സർവേയിലേതാണ് ഈ കണക്ക്. ഗ്രാമങ്ങളിൽനിന്ന് നഗരങ്ങളിലെത്തി ലൈംഗികത്തൊഴിലിൽ ഏർപ്പെടുന്നവരാണ് ഇതിലേറെയും. നഗരങ്ങളിലെ ഹോട്ടലുകൾ ഫ്ളാറ്റുകൾ, റിസോർട്ടുകൾ എന്നിവ കേന്ദ്രീകരിച്ച് ലൈംഗികത്തൊഴിൽ വ്യാപകമായി നടക്കുന്നതായും സൊസൈറ്റി വ്യക്തമാക്കുന്നു. ഈ കണക്കുകൾ സർവേയിൽ ഉൾപ്പെടുത്തിയിട്ടില്ല. എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിക്ക് കീഴീൽ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകളാണ് കണക്കുകൾ ശേഖരിക്കുന്നത്. 36 മുതൽ 46 വയസ്സുവരെ പ്രായമുള്ളവരാണ് സ്ത്രീലൈംഗികത്തൊഴിലാളികളിൽ 60 ശതമാനവും. പ്രായമായ നൂറുകണക്കിനാളുകൾ ഏജൻറുമാരായും പ്രവർത്തിക്കുന്നു.പതിനേഴായിരത്തോളം സ്ത്രീലൈംഗികത്തൊഴിലാളികളിൽ നാലുപേർക്കാണ് എച്ച്.ഐ.വി. ബാധ. ഇവർക്ക് ചികിത്സ നൽകുന്നുണ്ട്. സ്ത്രീലൈംഗികത്തൊഴിലാളികളെക്കാൾ പുരുഷ ലൈംഗികത്തൊഴിലാളികളിലാണ് എച്ച്.ഐ.വി. ബാധ കൂടുതൽ. 9,608 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയതിൽ 11 പേർക്ക് രോഗ ബാധയുണ്ട്.കോഴിക്കോട് ജില്ലയിലാണ് പുരുഷ ലൈംഗികത്തൊഴിലാളികൾ കൂടുതൽ. മറ്റു സംസ്ഥാനങ്ങളിൽനിന്നെത്തിയ പുരുഷലൈംഗിത്തൊഴിലാളികളുടെ എണ്ണവും കൂടി. കേരളത്തിനുപുറത്തേക്ക് ഈ തൊഴിലിനായി പോയവരുമുണ്ട്. സ്ഥിരമായി പതിനായിരത്തിലധികം പേർ മയക്കുമരുന്നു കുത്തിവെക്കുന്നതായും കണ്ടെത്തി. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ 1,480 പേരെ പരിശോധിച്ചതിൽ രണ്ടുപേർക്ക് എച്ച്.ഐ.വി. ബാധ കണ്ടെത്തി. 20,983 മറുനാടൻതൊഴിലാളികളിൽ 21 പേർക്കും എച്ച്.ഐ.വി. ഉണ്ട്. ഇവർക്കിടയിൽ സിഫിലസ് തുടങ്ങിയ ലൈംഗികരോഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. 3,849 ട്രക്ക് ഡ്രൈവർമാരെ പരിശോധിച്ചതിൽ ഏഴുപേർക്ക് രോഗം സ്ഥിരീകരിച്ചു. പത്തു വർഷത്തിനിടെ എല്ലാ വിഭാഗത്തിലും കൂടി എച്ച്.ഐ.വി. ബാധ കുറഞ്ഞിട്ടുണ്ട്. 2008-ൽ 0.13 ശതമാനമായിരുന്നത് 2018-ൽ 0.05 ശതമാനമായി കുറഞ്ഞതായി സൊസൈറ്റി ജോയന്റ് ഡയറക്ടർ ഡെന്നീസ് ജോസഫ് പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2OXme6Z
via
IFTTT