Breaking

Saturday, October 19, 2019

നടുക്കുന്ന ഓർമകളും മുറിപ്പാടുകളുമായി സുനിലിന്റെ വീട്ടുകാർ

തൃശ്ശൂർ: ''ഇടിഞ്ഞുവീഴാറായ ഓലപ്പുരയിലാണന്ന് താമസം. അക്കാലത്ത് ഇടയ്ക്കിടെ ഭൂകമ്പം ഉണ്ടാകാറുണ്ട്. അതുപേടിച്ചാണ് ഉറക്കം. അങ്ങനെയൊരു രാത്രിയാണ് ഇടതുകൈപ്പത്തിയിൽ ശക്തിയുള്ള എന്തോ വീണതായിത്തോന്നിയത്. ഭൂകമ്പമെന്ന് ഭയന്ന് പിന്നിലൂടെ ഇറങ്ങിയോടി. പുറത്ത് നിലാവത്ത് അഞ്ചാറുപേരെ കണ്ടു. അതിലൊരാൾ വാൾകൊണ്ട് മുതുകിൽ വെട്ടി. അപായമറിഞ്ഞ് മുന്നിലെ മുറ്റത്തേക്കോടി. അതിനിടെ ഇടതുനെറ്റിയിൽ തലയോട്ടിയോട് ചേർന്ന് അടുത്ത വെട്ടുകിട്ടി. അവിടെനിന്ന് തെറിക്കുന്ന ചോരതുടയ്ക്കാനായി ഇടതുകൈ നെറ്റിയോട് ചേർത്തപ്പോൾ നടുങ്ങിപ്പോയി. കൈപ്പത്തി ഇല്ലായിരുന്നു...'' 25 വർഷംമുമ്പ് ഡിസംബർ നാലിന് പുലർച്ചെ രണ്ടിനുണ്ടായ സംഭവം സുബ്രഹ്മണ്യന് ഇപ്പോഴും നടുക്കുന്ന ഓർമയാണ്. തൃശ്ശൂരിലെ തൊഴിയൂരിൽ തീവ്രവാദിസംഘടനയായ ജംഇയ്യത്തുൽ ഇഹ്സാനിയക്കാർ വെട്ടിക്കൊന്ന സുനിലിന്റെ സഹോദരനാണ് സുബ്രഹ്മണ്യൻ. ആർ.എസ്.എസ്. പ്രവർത്തകരായിരുന്നു ഇരുവരും. സമയം കിട്ടുമ്പോൾ ശാഖയിൽപ്പോകും. സുബ്രഹ്മണ്യന് പ്ലംമ്പിങ്ങും സുനിലിന് മരംകടയിലുമായിരുന്നു ജോലി. ആക്രമണത്തിനുശേഷം തൃശ്ശൂർ മെഡിക്കൽ കോളേജിൽ 15-ാം ദിവസമാണ് സുബ്രഹ്മണ്യന് ഒാർമ തിരികെക്കിട്ടുന്നത്. ഒന്നരമാസത്തിനുശേഷം ആശുപത്രി വിട്ടപ്പോൾ ഗുരുവായൂർ പോലീസ് വീട്ടിൽവന്നു. സുനിലിനെ കൊന്നവർ സി.പി.എമ്മുകാരാണെന്നും അവരെ പിടികൂടിയിട്ടുണ്ടെന്നും പറഞ്ഞു. കോടതിയിൽ കാണുമ്പോൾ അവരാണ് ആക്രമിച്ചതെന്ന് പറയണമെന്നും നിർദേശിച്ചു. സുബ്രഹ്മണ്യനും അച്ഛനും അമ്മയും ആദ്യമായി പ്രതികളെ കാണുന്നത് കോടതിവരാന്തയിലാണ്. അവർ പോലീസിന്റെ നിർദേശം അനുസരിച്ചു. ഗുരുവായൂരിനടുത്ത തൊഴിയൂരിലെ മണ്ണാംകുളം ഗ്രാമത്തിൽ സംഭവംനടന്ന മൺവീട് ഇന്നില്ല. പഞ്ചായത്തിൽനിന്നുകിട്ടിയ ചെറിയ തുകകൊണ്ട് നിർമിച്ച മൺഭിത്തിയുള്ള ചോരുന്ന ഓടിട്ടവീട്ടിലാണ് താമസം. മുട്ടിനുകീഴെ ഇടതുകൈ നഷ്ടപ്പെട്ടതോടെ സുബ്രഹ്മണ്യന് പ്ലംമ്പിങ് ജോലിചെയ്യാൻ കഴിയാതായി. കോഴിവളർത്തലാണ് ഇപ്പോൾ പ്രധാന ജോലി. കൂട്ടിന് ദേഹമാസകലം മുറിവേറ്റ പാടുകളുമായി ചൂണ്ടുവിരൽ നഷ്ടപ്പെട്ട അച്ഛൻ കുഞ്ഞുമോനും വെട്ടേറ്റ് കാലിലെ മസിൽ നഷ്ടപ്പെട്ട അമ്മ കുഞ്ഞിമുവുമുണ്ട്. കുഞ്ഞിമുവിന്റെ കഴുത്തിലും വയറിലും ചെവിയിലും മുഖത്തുമെല്ലാം വെട്ടേറ്റ പാടുകൾ. ആദ്യകാലങ്ങളിൽ ബി.ജെ.പി.യുടെയും ആർ.എസ്.എസിന്റെയും സഹായമുണ്ടായിരുന്നു. യഥാർഥപ്രതികളല്ല പിടിക്കപ്പെട്ടതെന്നു കണ്ടെത്തി വിട്ടയച്ചതോടെ അതുനിലച്ചു. കഷ്ടപ്പാടുകൾക്കിടയിലും നാലു പെങ്ങൻമാരെയും കെട്ടിച്ചയച്ചു. യഥാർഥ പ്രതികളെ പിടിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും കോടിയേരി ബാലകൃഷ്ണനെയും കഴിഞ്ഞവർഷം കണ്ടിരുന്നു. പ്രതികളെ കണ്ടെത്തിയതിൽ അവരോട് ബഹുമാനമുണ്ട്, അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. സുരേഷ് ബാബുവിനോടും. സുബ്രഹ്മണ്യന് സംശയങ്ങളേെറയുണ്ട്. അതിലൊന്ന് കേസ് രേഖകൾ കാണാതായതാണ്. പട്ടികജാതിയിൽപ്പെട്ട തങ്ങളെ ആക്രമിച്ചതിന് ആ വകുപ്പൊന്നും ചേർത്ത് കേസെടുക്കാത്തതെന്ത്? രേഖകൾ കാണാതായിട്ടും പ്രതികളല്ലാത്തവരെ ശിക്ഷിച്ചിട്ടും പോലീസിനുനേരെ നടപടിയില്ലാത്തതെന്ത്? പുതിയ കണ്ടെത്തലുകളും അന്വേഷണവും ഇതിനൊക്കെ ഉത്തരം നൽകുമെന്ന പ്രതീക്ഷയിലാണവർ.


from mathrubhumi.latestnews.rssfeed https://ift.tt/2MveEyN
via IFTTT