ന്യൂഡൽഹി: സ്പെക്ട്രം ലേലം ഈ സാമ്പത്തികവർഷംതന്നെ നടത്തുമെന്നും വില പരിഷ്കരിക്കുന്നതിനു നടപടിയെടുത്തുവരുകയാണെന്നും ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. ഡൽഹിയിൽ തുടങ്ങിയ മൂന്നാമത് ഇന്ത്യ മൊബൈൽ കോൺഗ്രസ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സ്പെക്ട്രംലേലം അനിശ്ചിതമായി നീളുന്നതിലും സ്പെക്ട്രത്തിന്റെ ഉയർന്നവിലയിലും ആശങ്ക പ്രകടിപ്പിച്ചുവരുന്ന ടെലികോം കമ്പനികൾക്ക് ആശ്വാസകരമാണ് മന്ത്രിയുടെ പ്രഖ്യാപനം. കഴിഞ്ഞ രണ്ടു സാമ്പത്തികവർഷവും സ്പെക്ട്രംലേലം നടത്തിയിരുന്നില്ല. 2016-17-ലാവട്ടെ ഏഴ് ബാൻഡുകളിലായി 2354.44 മെഗാഹെർട്സ് വിൽപ്പനയ്ക്കുവെച്ചതിൽ 965 മെഗാഹെർട്സ് മാത്രമാണ് വിറ്റുപോയത്. ഇതുവഴി സർക്കാരിന് 65,789 കോടി രൂപ ലഭിച്ചു. ഇക്കുറി 5ജി ഉൾപ്പെടുന്ന 8644 മെഗാഹെർട്സ് 4.9 ലക്ഷംകോടി രൂപ അടിസ്ഥാനവില നിശ്ചയിച്ചു ലേലംചെയ്യാനാണ് ലക്ഷ്യമിട്ടത്. എന്നാൽ, സാമ്പത്തികപ്രതിസന്ധിയിൽ മുങ്ങിനിൽക്കുന്ന ടെലികോം കമ്പനികൾ വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടുവരുന്നതിനിടെയാണ് തിങ്കളാഴ്ച മന്ത്രിയുടെ ആശ്വാസപ്രഖ്യാപനം വന്നത്. ആഗോള നിലവാരത്തെക്കാൾ ഏഴിരട്ടിവരെ ഉയർന്നതാണ് ഇന്ത്യയിലെ വിലയെന്ന് എയർടെല്ലിന്റെ രാകേഷ് ഭാരതി മിത്തൽ ഉൾപ്പെടെയുള്ളവർ മന്ത്രിയുടെ സാന്നിധ്യത്തിൽത്തന്നെ തിങ്കളാഴ്ച ചൂണ്ടിക്കാട്ടി. ഒട്ടേറെ നയമാറ്റങ്ങളും ബിസിനസ് എളുപ്പമാക്കാനുള്ള നടപടികളും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റിലയൻസ് ജിയോ ഇൻഫോകോം ബോർഡ് അംഗം മഹേന്ദ്ര നഹാത, വോഡഫോൺ-ഐഡിയ ചെയർമാൻ കുമാർമംഗലം ബിർള തുടങ്ങിയവരും സമാനമായ ആവശ്യം ഉന്നയിച്ചു. തുടർന്നു സംസാരിച്ച മന്ത്രി ഇതിനു മറുപടിയെന്നോണമാണ് വില കുറയ്ക്കുമെന്ന സൂചന നൽകിയത്. രാജ്യത്ത് ടെലികോംരംഗത്തുണ്ടായ വളർച്ച മന്ത്രി ചൂണ്ടിക്കാട്ടി. 2014-ൽ രണ്ട് ടെലികോം നിർമാതാക്കളായിരുന്നു ഇന്ത്യയിലെങ്കിൽ ഇപ്പോഴത് 268 എണ്ണമായി. അതിൽ ചിലർ ലോകത്തുതന്നെ ഏറ്റവും വലിയ കമ്പനികളാണ്. ഈ മേഖലയിൽ ഇന്ത്യയ്ക്കു രണ്ടാംസ്ഥാനവുമുണ്ട്. രാജ്യത്ത് 21,000 സ്റ്റാർട്ടപ്പുകൾ രജിസ്റ്റർചെയ്തതിൽ 8000 സംരംഭങ്ങളും സാങ്കേതിക മേഖലയിലാണെന്നും മന്ത്രി പറഞ്ഞു. വ്യാജസന്ദേശങ്ങളുടെ ഉറവിടം പരിശോധിക്കാനാകണം -മന്ത്രി അഭ്യൂഹംപരത്തി പ്രശ്നങ്ങളുണ്ടാക്കുന്ന വ്യാജ സന്ദേശങ്ങളുടെ ഉറവിടം പരിശോധിക്കാൻ നിയമപാലകർക്ക് അവസരം ലഭിക്കണമെന്ന് ടെലികോം-നിയമ മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. എൻക്രിപ്ഷനെ (വാട്സാപ്പിലും മറ്റും ഉപയോഗിക്കുന്ന രഹസ്യകോഡ്) ബഹുമാനിക്കുന്നു. എന്നാൽ, കലാപങ്ങളുണ്ടാക്കുന്ന അഭ്യൂഹസന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതാരെന്നു കണ്ടെത്തണം. ആൾക്കൂട്ട കൊലപാതകത്തിലേക്കും മറ്റും നയിക്കുന്ന സന്ദേശങ്ങളയക്കുന്നതാരെന്ന് അന്വേഷണ ഏജൻസികൾക്ക് അറിയേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. content highlights:Spectrum price reform in the works,indian mobile congress
from mathrubhumi.latestnews.rssfeed https://ift.tt/35D93hh
via
IFTTT