Breaking

Monday, October 21, 2019

മഴ വോട്ടെടുപ്പിനെ ബാധിക്കാൻ സാധ്യത; സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് ടിക്കാറാം മീണ

കൊച്ചി: കനത്ത മഴ തുടരുന്നതിനാൽ എറണാകുളത്തെ സാഹചര്യങ്ങൾ നിരീക്ഷിച്ചുവരികയാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം നിയമസഭാമണ്ഡലത്തിൽ നിലവിൽ വോട്ടെടുപ്പ് മാറ്റിവെയ്ക്കേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ വോട്ടെടുപ്പ് മാറ്റിവെയ്ക്കാൻ തീരുമാനമില്ലെന്ന് ജില്ലാ കളക്ടർ എസ്.സുഹാസ് പ്രതികരിച്ചു. പ്രശ്നങ്ങൾ നേരിടുന്ന ബൂത്തുകളിലും പ്രദേശങ്ങളിലും സാധ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്നും നിരീക്ഷകരോട് വിവരങ്ങൾ ആരാഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഞ്ചേശ്വരം ഒഴികെ തിങ്കളാഴ്ച ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ബാക്കി നാല് നിയമസഭ മണ്ഡലങ്ങളിലും ശക്തമായ മഴ തുടരുകയാണ്. അതിശക്തമായ മഴയെ തുടർന്ന് എറണാകുളത്തെ ആറ് ബൂത്തുകൾ നിലവിൽ മാറ്റിസ്ഥാപിച്ചിട്ടുണ്ട്. മിക്ക ബൂത്തുകളിലും ആദ്യമണിക്കൂറിൽ പോളിങ് മന്ദഗതിയിലുമാണ്. അരൂരിലും കോന്നിയിലും പല ബൂത്തുകളിലും വൈദ്യുതിബന്ധം തകരാറിലായെന്നും റിപ്പോർട്ടുകളുണ്ട്. എറണാകുളം ജില്ലയിലും കൊച്ചി നഗരത്തിലും ഞായറാഴ്ച രാത്രി മുതൽ കനത്ത മഴയാണ് പെയ്യുന്നത്. കൊച്ചിയിലെ മിക്ക റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ട് ഗതാഗതം തടസ്സപ്പെട്ടു. റെയിൽവേ ട്രാക്കുകളിൽ വെള്ളംകയറിയതിനാൽ ട്രെയിൻ ഗതാഗതവും താറുമാറായി.


from mathrubhumi.latestnews.rssfeed https://ift.tt/35W3GKz
via IFTTT