ജിദ്ദ: മദീനയിലെ ബസ് അപകടത്തിൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു. ഉംറ തീർഥാടകർ സഞ്ചരിച്ച ബസിൽ ഉണ്ടായിരുന്നുവെന്ന് കരുതുന്ന ഏഴ് ഇന്ത്യക്കാരെ കാണാനില്ലെന്ന് കോൺസുലേറ്റ് അറിയിച്ചു. അപകടത്തിൽപ്പെട്ട് മദീന കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇന്ത്യക്കാരുടെയും ബസിൽ യാത്ര ചെയ്ത കാണാതായവരുടെയും പേരുവിവരങ്ങളാണ് ഇന്ത്യൻ കോൺസുലേറ്റ് പുറത്തുവിട്ടിട്ടത്. ഇതിൽ മലയാളികളാരും ഇല്ല. ഒക്ടോബർ 16-നുണ്ടായ ബസ് അപകടത്തിൽ വിവിധ രാജ്യക്കാരായ 36 പേർ മരിക്കുകയും നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ബസ്സിലുണ്ടായിരുന്ന പൂണെ സ്വദേശികളായ മതീൻ ഗുലാം, ഭാര്യ സീബ നിസാം എന്നിവർ മദീന കിംഗ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലാണുള്ളതെന്ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ബിഹാർ മുസഫർപുർ സ്വദേശി അശ്റഫ് ആലം, യു.പി സ്വദേശികളായ ഫിറോസ് അലി, അഫ്താബ് അലി, നൗഷാദ് അലി, സീശാൻ ഖാൻ, ബിലാൽ, പശ്ചിമ ബംഗാൾ സ്വദേശി മുഖ്താർ അലി എന്നിവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഏഴുപേരുടെയും വിശദ വിവരങ്ങൾ സൗദി അധികൃതർക്ക് കോൺസുലേറ്റ് കൈമാറിയിട്ടുണ്ട്. ആശുപത്രിയിൽ കഴിയുന്ന ദമ്പതികളായ മതീൻ ഗുലാം, സീബ നിസാം എന്നിവർക്ക് സാധ്യമായ എല്ലാ സഹായവും ചെയ്യുന്നുണ്ട്. കാണാതായവർ മരിച്ചവരുടെ കൂട്ടത്തിൽ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. എങ്കിലും വ്യക്തമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. കൂടുതൽ വിവരങ്ങൾക്ക് കോൺസുലേറ്റിന്റെ 0500127992, 0556122301 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും കോൺസുലേറ്റ് അറിയിച്ചു. റിയാദിൽ നിന്ന് ഉംറ തീർഥാടകരുമായാണ് ഉംറ, മദീന സിയാറ എന്നിവയ്ക്കായി ബസ്സ് പുറപ്പെട്ടിരുന്നത്. മദീന വഴി മക്കയിലേക്കുള്ള യാത്രക്കിടെ ഉക്ഹുലിൽ ബസ്സ് മണ്ണുമാന്തി യന്ത്രവുമായി കൂട്ടിയിടിച്ച് തീപ്പിടിക്കുകയായിരുന്നു. എന്നാൽ അപകടത്തിൽ മരിച്ചവരുടെ വിശദ വിവരങ്ങൾ സൗദി അധികൃതർ ഇതുവരെ പുറത്തു വിട്ടിട്ടില്ല. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലായതിനാൽ കൂടുതൽ പരിശോധന നടത്തിയ ശേഷമേ വിശദ വിവരങ്ങൾ ലഭ്യമാവുകയുള്ളൂ. അപകടം നടന്നയുടനെ തന്നെ ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അപകട സ്ഥലത്തേക്ക് പ്രതിനിധികളെ അയച്ച വിവരം മാതൃഭൂമി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. Content Highlights:saudi arabia medina bus crash; jeddah indian consulate informs seven indians are missing
from mathrubhumi.latestnews.rssfeed https://ift.tt/2BvhMEq
via
IFTTT