Breaking

Tuesday, October 15, 2019

33 വർഷത്തെ കാത്തിരിപ്പ്: മിനിയെത്തേടി സഹോദരനെത്തി

കാളികാവ്: മൂന്നരപ്പിതിറ്റാണ്ടിനുശേഷം മിനിയെത്തേടി കൂടപ്പിറപ്പെത്തി. സഹോദരങ്ങളായി ആരുമില്ലെന്നായിരുന്നു മിനിയുടേയും ബന്ധുക്കളുടേയും വിശ്വാസം. എന്നാൽ പെട്ടെന്നൊരുദിനം സഹോദരൻ പടിവാതിൽക്കൽവന്നു നിന്നപ്പോൾ മിനിക്ക് ആദ്യംവിശ്വസിക്കാനായില്ല. പിന്നെ കണ്ണീരണിഞ്ഞ പുഞ്ചിരിയോടെ സ്വീകരിച്ചു. കാളികാവിലെ പൗരപ്രമുഖനായ പരേതനായ മോയിൻ മുസ്ലിയാരുടെ മകന്റെ മകളാണ് മിനി. മിനിയുടെ പിതാവ് ഗഫൂർ 43 വർഷംമുമ്പ് വീട് വിട്ടുപോയി. പത്തുവർഷത്തിനുശേഷം കൈക്കുഞ്ഞായ മിനിയുമായി ഗഫൂർ നാട്ടിൽ തിരിച്ചെത്തി. മകളെ മാതാപ്പിതാക്കളെ ഏൽപ്പിച്ച് ഗഫൂർ വീണ്ടും യാത്രയായി. മകൻ ഏൽപ്പിച്ചു പോയ മകളെ മുത്തശ്ശനും മുത്തശ്ശിയും കുറവുകൾ അറിയിക്കാതെ വളർത്തി. ഗഫൂറിനെ പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. വിവാഹ പ്രായമെത്തിയപ്പോൾ മിനിയെ ഗഫൂറിന്റെ സഹോദരങ്ങളും കുടുംബവുംചേർന്ന് വയനാട് വൈത്തിരിയിലേക്ക് കല്ല്യാണം കഴിച്ചയയ്ക്കുകയുംചെയ്തു. ബുധനാഴ്ച സഹോദരങ്ങളായ മൊയ്തീൻ ബാഖവിയും ഉമർ ബാഖവിയും ചേർന്ന് ഒരിക്കൽക്കൂടി ഗഫൂറിനെത്തേടി ആലുവയിലെത്തി. ഗഫൂർ താമസിച്ചിരുന്ന സ്ഥലം കണ്ടെത്തിയെങ്കിലും ആളെ കണ്ടാത്താനായില്ല. ഗഫൂറിനെ തിരയാൻ സഹോദങ്ങൾക്കൊപ്പം തൈക്കാട്ടുകരയിലെ മുനീർ, മുട്ടത്തെ അബ്ദു സുരഭിയും ചേർന്നു. ദിവസങ്ങളുടെ തിരച്ചിലിൽ നിരാശരായി മടങ്ങുമ്പോഴാണ് തിരച്ചിലിന് കൂടെയുണ്ടായിരുന്ന അബ്ദു സുരഭിയുടെ ഫോൺ വന്നത്. ഗഫൂറിനൊരു മകനുണ്ടെന്ന് പറയാനും നമ്പർ നൽകാനുമായിരുന്നു അത്. തുടർന്ന് അവർ ഗഫൂറിന്റെ മകൻ ബിജുവുമായി സംസാരിച്ചു. ഗഫൂറും ഭാര്യ സുബൈദയും മരണപ്പെട്ട വിവരം ബിജു പിതൃസഹോദരങ്ങളെ അറിയിച്ചു. ബിജുവിന് ഒരു സഹോദരിയുണ്ടെന്ന് ഗഫൂറിന്റെ സഹോദരങ്ങൾ അറിയിച്ചു. വിവരം അറിഞ്ഞയുടനെ ബിജു വൈത്തിരിയിൽ കുടുംബസമേതം താമസിക്കുന്ന മിനിയെത്തേടി പുറപ്പെട്ടു. സഹോദരനേയും ബിജു സഹോദരിയേയും നേരിൽക്കണ്ട അപൂർവ നിമിഷമായി. മകനെ തിരിച്ചുകിട്ടിയില്ലെങ്കിലും ഒരു പേരക്കുട്ടിയെക്കൂടി ലഭിച്ച സന്തോഷത്തിലാണ് ഗഫൂറിന്റെ മാതാവ് ഫാത്തിമ. content highlights:kalikavu mini,biju


from mathrubhumi.latestnews.rssfeed https://ift.tt/35Arsvi
via IFTTT