Breaking

Saturday, October 19, 2019

കളക്ടറുടെ അക്കൗണ്ടിലേക്കുള്ള 23 ലക്ഷം രൂപ തട്ടിയെടുത്ത ക്ലാർക്ക് അറസ്റ്റിൽ

കടുത്തുരുത്തി: കുറുപ്പന്തറയിലെ മൂവാറ്റുപുഴവാലി ജലസേചനപദ്ധതി സ്‌പെഷ്യൽ തഹസിൽദാരുടെ(ഭൂമിയേറ്റെടുക്കൽ) ഓഫീസിൽ ലക്ഷങ്ങളുടെ തിരിമറി നടത്തിയെന്ന കേസിൽ ക്ലാർക്ക് അറസ്റ്റിൽ. ഇയാളെ സസ്‌പെൻഡ് ചെയ്യാൻ കളക്ടർ പി.കെ.സുധീർബാബു നിർദേശം നൽകി. പാലാ തിടനാട് കരിപ്പോട്ടപ്പറമ്പിൽ കെ.ആർ.ഉല്ലാസ്‌മോനെയാണ്(39) ഇപ്പോൾ താമസിക്കുന്ന തൃപ്പൂണിത്തുറ പുത്തൻകാവ് പുന്നയ്ക്കാവെളിയിലുള്ള വീട്ടിൽനിന്ന്‌ കസ്റ്റഡിയിലെടുത്തത്. സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് സ്‌പെഷ്യൽ തഹസിൽദാർ ആർ.രാമചന്ദ്രൻ കടുത്തുരുത്തി പോലീസിൽ റിപ്പോർട്ട് നൽകിയിരുന്നു.വെള്ളിയാഴ്ച രാവിലെ കടുത്തുരുത്തി സി.ഐ. പി.കെ.ശിവൻകുട്ടി, എസ്.ഐ. അബ്ദുൾ സമദ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പിന്നീട് കോടതിയിൽ ഹാജരാക്കി. ഈ മാസം ഒൻപതിനും 15-നും ഇടയിൽ സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നാല് കേസുകളിലായി കളക്ടറുടെ പേരിലുള്ള അക്കൗണ്ടിലേക്ക് അടയ്ക്കേണ്ടിയിരുന്ന 23 ലക്ഷം രൂപയാണ് ജീവനക്കാരൻ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെടുത്തത്. തട്ടിയെടുത്ത പണം ഉടൻതന്നെ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് വിവരം.കോട്ടയം റവന്യൂ റിക്കവറി തഹസിൽദാരുടെ ഓഫീസിൽ സീനിയർ ക്ലാർക്കായി ജോലി ചെയ്യുന്നതിനിടെ ഭൂമിയുടെ പോക്കുവരവുമായി ബന്ധപ്പെട്ട പണം സമാനരീതിയിൽ തിരിമറി നടത്തിയെന്ന കേസിൽ 2014-ൽ ഈരാറ്റുപേട്ട പോലീസിൽ ഇയാൾക്കെതിരെ കേസുണ്ടായി. പത്തോളം ബാങ്കുകളിൽ ഇയാൾക്ക് അക്കൗണ്ടുണ്ട്. ജില്ലാ കളക്ടറുടെ നിർദേശത്തെ തുടർന്ന് കക്ഷികൾക്കുള്ള നഷ്ടപരിഹാരത്തുക ഇറിഗേഷൻ വകുപ്പ് നൽകുന്നതനുസരിച്ച് കളക്ടറുടെ അക്കൗണ്ടിലേക്ക്‌ മാറ്റുകയാണ് പതിവ്. അടുത്തിടെ ഇത്തരത്തിൽ കളക്ടറുടെ അക്കൗണ്ടിലേക്ക് അയച്ച 23 ലക്ഷത്തോളം രൂപ അവിടെ ലഭിച്ചിരുന്നില്ല.ജീവനക്കാർ പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട ജോലികളിൽ മുഴുകിയിരുന്ന സമയത്ത് നടന്ന ഇടപാടിലെ തുകയാണ് ലഭിക്കാതിരുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. സ്‌പെഷ്യൽ തഹസിൽദാരുടെ ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിച്ചാണ് ഫണ്ട് ട്രാൻസ്ഫർ നടക്കുന്നത്. ഇത് ദുരുപയോഗം ചെയ്ത് ഉല്ലാസ്‍മോൻ സ്വന്തം അക്കൗണ്ടിലേക്ക്‌ പണം മാറ്റുകയായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/35MGVso
via IFTTT