തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാത 45 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നതിനുള്ള മൂന്നുറീച്ചുകളിലെ നിർമാണം ആരംഭിക്കുക 2022-ൽ. രാമനാട്ടുകര-കുറ്റിപ്പുറം, കുറ്റിപ്പുറം-കാപ്പിരിക്കാട്, കാപ്പിരിക്കാട്-ഇടപ്പള്ളി റീച്ചുകളിലാണ് വൈകുക. ഭൂമി ഏറ്റെടുക്കുന്നതടക്കം ഇവിടെ പൂർത്തിയാകാനുണ്ട്. ഭൂമിയേറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കുമെന്നു സംസ്ഥാനം ഉറപ്പുനൽകിയിട്ടുണ്ട്. മറ്റ് അഞ്ചുറീച്ചുകളിൽ അടുത്ത മാർച്ചോടെ നിർമാണം തുടങ്ങാനാകുമെന്നാണ് ദേശീയപാത അതോറിറ്റിയുടെ പ്രതീക്ഷ. വടക്കൻമേഖലയിലെ മൂന്നുറീച്ചുകളുടെ ടെൻഡർനടപടികൾ തുടങ്ങിയതായി അതോറിറ്റി അറിയിച്ചു. തലപ്പാടി-ചെങ്ങള, ചെങ്ങള-നീലേശ്വരം, മൂടാടി ഭാഗങ്ങളുടെ പ്രവൃത്തി ടെൻഡറിലേക്ക് കടക്കുകയാണ്. പേരോൽ-തളിപ്പറമ്പ്, തളിപ്പറമ്പ്-മുഴുപ്പിലങ്ങാട് റീച്ചുകളുടെ പഠനറിപ്പോർട്ട് ഉടൻ തയ്യാറാകും. ഇതുൾപ്പടെ അഞ്ചുറീച്ചുകളുടെ പണി 2020 മാർച്ചിൽ തുടങ്ങാനാകും. തലപ്പാടി-ചെങ്ങള റീച്ചിന് 21.55 ഹെക്ടർഭൂമി ഏറ്റെടുത്തു. 35.66 ഹെക്ടറാണ് ഇനി അധികമായി വേണ്ടത്. ബാക്കി ഭൂമി ഏറ്റെടുക്കുന്നത് വേഗത്തിലാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ചെങ്ങള- നീലേശ്വരം റീച്ചിൽ അധികമായിവേണ്ട 41 ഹെക്ടറിൽ 20 ഹെക്ടർ ഏറ്റെടുത്തു. രണ്ടു റീച്ചുകളുടെയും കരാർ നവംബർ അഞ്ചിനകം തയ്യാറാക്കും. തെക്കൻമേഖലയിലെ നിർമാണജോലികൾ 2021 മാർച്ചോടെ മാത്രമേ തുടങ്ങാനാകൂ. കടമ്പാട്ടുകോണം-കഴക്കൂട്ടം, കൊല്ലം ബൈപാസ്-കടമ്പാട്ടുകോണം, കൊറ്റംകുളങ്ങര-കൊല്ലം ബൈപാസിന്റെ തുടക്കം, പറവൂർ-കൊറ്റംകുളങ്ങര, പറവൂർ-തുറവൂർ റീച്ചുകളിൽ ഭൂമി ഏറ്റെടുക്കാനുള്ള ത്രീ-ജി വിജ്ഞാപനമായിട്ടേയുള്ളു. 2021-ൽ ദേശീയപാതാ വികസനം പൂർത്തിയാക്കുമെന്നാണ് അതോറിറ്റി നേരത്തേ പറഞ്ഞിരുന്നത്. ഭൂമിയേറ്റെടുക്കൽ വൈകിയതും ഏറ്റെടുക്കലിനെതിരേ പ്രതിഷേധവും കേസും വന്നതാണ് വൈകാനിടയാക്കിയത്. കേസ് തുടരുന്നതിനാൽ നിശ്ചയിച്ചസമയത്ത് നിർമാണം തുടങ്ങാനാകുമോയെന്നും ആശങ്കയുണ്ട്. എന്തു വിട്ടുവീഴ്ചചെയ്തും വികസനം പൂർത്തിയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഭൂമി എറ്റെടുക്കുന്നതിന്റെ നാലിലൊന്നു തുകയായ 5200 കോടി രൂപ അതോറിറ്റിക്ക് നൽകാമെന്നു സംസ്ഥാന സർക്കാർ സമ്മതിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ജി. സുധാകരനും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പുമായി പലവട്ടം ചർച്ച നടത്തിയശേഷം ധാരണാപത്രം ഒപ്പിട്ടിരുന്നു. ഇതോടെയാണ് നടപടികൾ വേഗത്തിലാക്കാൻ അതോറിറ്റി തീരുമാനിച്ചത്. content highlights:national highway
from mathrubhumi.latestnews.rssfeed https://ift.tt/31o7d0w
via
IFTTT