പടിഞ്ഞാറത്തറ: ഓഗസ്റ്റിലെ അതിതീവ്രമഴയിൽ ബാണാസുര സാഗർ ഡാമിന്റെ റിസർവോയറിനോട് ചേർന്നുള്ള കുന്നിൽ ഉണ്ടായത് കനത്ത മണ്ണിടിച്ചിൽ. ഡാമിന്റെ സ്പിൽവേയിൽ നിന്ന് അരക്കിലോമീറ്ററിനുള്ളിലാണ് മണ്ണിടിഞ്ഞത്. റിസർവോയറിനോട് ചേർന്നുള്ള കുന്നിലെ സ്വകാര്യവ്യക്തിയുടെ ഒന്നരയേക്കറോളം ഭൂമിയാണ് സംഭരണിയിലേക്ക് ഇടിഞ്ഞുതാഴ്ന്നത്. സ്ഥലത്തുണ്ടായിരുന്ന തെങ്ങും കവുങ്ങുമെല്ലാം ഇപ്പോൾ റിസർവോയറിന് നടുവിലാണ്. റിസർവോയറിനരികിലൂടെ കെ.എസ്.ഇ.ബി. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പുതിയ റോഡും നിർമിച്ചിരുന്നു. ഈ റോഡ് ഉൾപ്പെടെയാണ് വെള്ളത്തിലേക്ക് ഇടിഞ്ഞുതാഴ്ന്നത്. ശേഷിക്കുന്ന റോഡിലും വിള്ളലുകൾ ഉണ്ടായിട്ടുണ്ട്. ജില്ലയിൽ വിവിധയിടങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടായ ഓഗസ്റ്റ് എട്ട്, ഒമ്പത് തീയതികളിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. എന്നാൽ പ്രളയസമയത്ത് ഡാമിലെ മണ്ണിടിച്ചിൽ പുറംലോകം അറിഞ്ഞതുമില്ല. ഇപ്പോൾ പ്രദേശവാസികൾ വഴിയാണ് വിവരം പുറത്തെത്തിയത്. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ ഡാമിന്റെ റിസർവോയറിനോട് ചേർന്ന് നിർമാണത്തിലിരിക്കുന്ന റിസോർട്ടിന് സമീപത്ത് ശക്തമായ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. പുറത്തറിയിക്കാതെ മണ്ണിടിഞ്ഞ ഭാഗം പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച് നിർമാണപ്രവർത്തനങ്ങൾ തുടരാനുള്ള ശ്രമമാണ് അന്നുണ്ടായത്. അനധികൃത നിർമാണങ്ങൾ പതിവ് സുരക്ഷയെപ്പോലും ബാധിക്കുന്ന തരത്തിൽ ഡാമിന്റെ പരിസര പ്രദേശങ്ങളിൽ ഇപ്പോഴും വൻകിട നിർമാണ പ്രവർത്തനങ്ങൾ പതിവാണ്. അണക്കെട്ടിനോട് ചേർന്ന് അടുത്തകാലത്ത് ഹൈഡൽ ടൂറിസം വകുപ്പിന്റെ നിരവധി നിർമാണ പ്രവർത്തനങ്ങൾ നടന്നിരുന്നു. ഇത്തരത്തിലുള്ള നിർമാണ പ്രവർത്തനങ്ങൾ അണക്കെട്ടിനോട് ചേർന്നുള്ള അനധികൃത നിർമാണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതായും ആക്ഷേപമുണ്ട്. നിരവധി സ്വകാര്യറിസോർട്ടുകളും പ്രവർത്തിക്കുന്നുണ്ട്. അനധികൃത നിർമാണ പ്രവർത്തനങ്ങളാണ് ഡാമിന്റെ സമീപത്ത് മണ്ണിടിച്ചിൽ ഉണ്ടാവാൻ കാരണമായതെന്ന ആരോപണവും ശക്തമായിട്ടുണ്ട്. വിദഗ്ധപഠനം വേണം റിസർവോയറിന് സമീപത്തെ മണ്ണിടിച്ചിൽ അണക്കെട്ടിനോട് ചേർന്ന് താമസിക്കുന്നവരെ ആശങ്കയിലാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷവും ഈ വർഷവും പ്രളയത്തിൽ വലിയ ദുരന്തങ്ങൾ ഉണ്ടായ സാഹചര്യത്തിൽ റിസർവോയറിനോട് ചേർന്നുണ്ടായ മണ്ണിടിച്ചിലിനെക്കുറിച്ച് വിദഗ്ധമായ പഠനം വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ജില്ലയിലെ മറ്റിടങ്ങളെ അപേക്ഷിച്ച് ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴയാണ് ഇത്തവണ പെയ്തത്. ഓഗസ്റ്റിലെ പ്രളയത്തിന് ശേഷം സെപ്റ്റംബറിൽ മഴ വീണ്ടും ശക്തിപ്പെട്ടപ്പോഴും തീവ്രമായ മഴയാണ് ലഭിച്ചത്. അണക്കെട്ടുകളുടെ സമീപപ്രദേശങ്ങളിൽ പൊതുവേ ചെറിയ ഭൂചലനങ്ങൾ ഉണ്ടാവുന്ന സാഹചര്യത്തിൽ ബാണാസുര സാഗർഡാമിന്റെ അണക്കെട്ടിനോട് ചേർന്നും ഭൂകമ്പമാപിനി സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ഡാമിന്റെ സുരക്ഷയെ ബാധിക്കും ഡാമിന്റെ റിസർവോയറിന് സമീപത്തുണ്ടായ മണ്ണിടിച്ചിൽ ഡാമിന്റെ സുരക്ഷയെ ബാധിക്കും. ഡാമിന്റെ പരിസരപ്രദേശങ്ങളിൽ അനധികൃത നിർമാണങ്ങൾ നടക്കുന്നുണ്ട്. ഇത് കാരണമാണോ മണ്ണിടിച്ചിൽ ഉണ്ടായതെന്ന് സംശയിക്കുന്നു. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ പെയ്യുകയും ഇതിനൊപ്പം മണ്ണിടിച്ചിൽ ഉണ്ടാവുകയും ചെയ്തതോടെ ഡാമിനോട് ചേർന്നുള്ളവർ ഭീതിയിലാണ്. ജനങ്ങളുടെ ആശങ്കയകറ്റാൻ മണ്ണിടിഞ്ഞ സ്ഥലത്ത് വിദഗ്ധ പരിശോധനയും മണ്ണിടിച്ചിലിന്റെ കാരണത്തെക്കുറിച്ച് വിദഗ്ധ പഠനവും നടത്താൻ അധികൃതർ തയ്യാറാവണം -ഹാരിസ് കണ്ടിയൻ,പടിഞ്ഞാറത്തറ ഗ്രാമപ്പഞ്ചായത്തംഗം സുരക്ഷയെ ബാധിക്കില്ല, സംഭരണശേഷി കുറയും റിസർവോയറിന് സമീപത്തുണ്ടായ മണ്ണിടിച്ചിൽ നിലവിൽ ഡാമിന്റെ സുരക്ഷയെ ബാധിക്കില്ല. നിർമാണ പ്രവർത്തനങ്ങളൊന്നും നടക്കാത്ത സ്ഥലമാണ് റിസർവോയറിലേക്ക് ഇടിഞ്ഞു വീണത്. മണ്ണിടിച്ചിൽ കാരണം റിസർവോയറിൽ ചെളിനിറഞ്ഞ് ഡാമിന്റെ സംഭരണശേഷി കുറയാൻ കാരണമാവും. എന്നാൽ ഡാമിന്റെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള മണ്ണിടിച്ചിൽ ഉണ്ടായിട്ടില്ലെന്നും ഡാം അധികൃതർ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2UYNYcu
via
IFTTT