Breaking

Saturday, September 28, 2019

ഭിന്നിച്ചുനിൽക്കുന്ന ലോകം ആരുടേയും താത്‌പര്യമല്ല- പ്രധാനമന്ത്രി

ന്യൂയോർക്ക്: ജീവിതത്തിന്റെ എല്ലാതുറകളിലും ആധുനിക സാങ്കേതികവിദ്യ വലിയ മാറ്റം കൊണ്ടുവരുന്ന ഈ കാലഘട്ടത്തിൽ ഭിന്നിച്ചുനിൽക്കുന്ന ഒരു ലോകം ആരുടേയും താത്പര്യമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി യു.എൻ. പൊതുസഭയിൽ. ബഹുമുഖത്വത്തിലേക്കുള്ള പുതിയപാതയിലേക്ക് അന്താരാഷ്ട്രസമൂഹം നീങ്ങണമെന്നും അദ്ദേഹം പറഞ്ഞു. “ലോകം ഒരു പുതിയ യുഗത്തിലൂടെയാണ് പോയിക്കൊണ്ടിരിക്കുന്നത്. ലോകത്തിന്റെ മുഖം മാറിക്കൊണ്ടിരിക്കുന്നു. 21-ാം നൂറ്റാണ്ടിൽ ആധുനിക സാങ്കേതികവിദ്യ സാമൂഹികജീവിതത്തിലും വ്യക്തിജീവിതത്തിലും സാമ്പത്തിക, സുരക്ഷാ, കണക്ടിവിറ്റി, അന്താരാഷ്ട്രബന്ധങ്ങൾ തുടങ്ങിയ മേഖലകളിലും വലിയമാറ്റമാണ് കൊണ്ടുവന്നിട്ടുള്ളത്. ഈ സാഹചര്യത്തിൽ കഷണങ്ങളായി ചിതറിയ ലോകം ആർക്കും താത്പര്യമില്ല. ഞങ്ങളുടെ അതിർത്തികൾക്കുള്ളിൽ മാത്രം ഒതുങ്ങിനിൽക്കാൻ ഞങ്ങളും ആഗ്രഹിക്കുന്നില്ല. ഈ പുതിയ യുഗത്തിൽ ബഹുമുഖതയിലേക്കുള്ള പുതിയപാതയിലേക്ക് വേണം നമ്മൾ യാത്ര ചെയ്യാൻ.”- മോദി പറഞ്ഞു. 1893-ൽ സ്വാമി വിവേകാനന്ദന്റെ പ്രശസ്തമായ ഷിക്കാഗോ പ്രസംഗത്തെക്കുറിച്ചും മോദി പരാമർശിച്ചു. “125 വർഷം മുമ്പ് മഹാനായ ആത്മീയഗുരു സ്വാമി വിവേകാനന്ദൻ ഷിക്കാഗോയിലെ ലോക മതപാർലമെന്റിൽ തന്റെ സന്ദേശം നൽകിയിരുന്നു. ഐക്യത്തിന്റെയും സമാധാനത്തിൻറെയും സന്ദേശമായിരുന്നു അത്, യുദ്ധത്തിന്റേതല്ല. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയും ലോകത്തിന് നൽകുന്ന സന്ദേശം അതുതന്നെയാണ്. ഐക്യവും സമാധാനവും. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് ഈ വർഷം ലോകത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് പ്രക്രിയ നടന്നിരുന്നു. എക്കാലത്തെയും കൂടുതൽ വോട്ടർമാർ വോട്ടുചെയ്ത് എന്റെ സർക്കാരിനെ രണ്ടാംതവണയും അധികാരത്തിലെത്തിച്ചു. നിങ്ങളുടെമുന്നിൽ എന്നെ വീണ്ടുമെത്തിച്ചതും അതാണ്. കാലാവസ്ഥാ വ്യതിയാനത്തിനെതിരേയുള്ള പോരാട്ടത്തിലും മുന്നിൽനിൽക്കുന്ന രാജ്യമാണ് ഇന്ത്യ. ഹരിതഗൃഹവാതകങ്ങൾ പുറത്തുവിടുന്നതിൽ വളരെ ചെറിയ പങ്കുമാത്രമാണ് ഇന്ത്യക്കുള്ളത്. പുനരുപയോഗിക്കാൻ കഴിയുന്ന ഊർജസ്രോതസ്സുകളിലൂടെ 450 ജിഗാവാട്ട് വൈദ്യുതിയുത്പാദിപ്പിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങൾ. അതുകൂടാതെ അന്താരാഷ്ട്ര സൗരോർജസഖ്യം രൂപവത്കരിക്കാനും ഇന്ത്യ ശ്രമിക്കുന്നുണ്ട്. അടുത്ത അഞ്ചുവർഷംകൊണ്ട് ജലസംരക്ഷണത്തിനുപുറമേ 15 കോടി വീടുകളിലേക്ക് വെള്ളമെത്തുന്നെന്നും സർക്കാർ ഉറപ്പുവരുത്തും. ഇക്കാലയളവ് കൊണ്ടുതന്നെ ഒന്നേകാൽ ലക്ഷം കിലോമീറ്ററിൽ പുതിയ റോഡും നിർമിക്കും.”-മോദി പറഞ്ഞു. രണ്ടാംതവണയാണ് മോദി യു.എൻ. പൊതുസഭയെ അഭിസംബോധന ചെയ്യുന്നത്. 2014-ൽ ആദ്യമായി പ്രധാനമന്ത്രിയായപ്പോഴാണ് ആദ്യമായി യു.എന്നിലെത്തിയത്. Content Highlights:no one interested to divided world - PM


from mathrubhumi.latestnews.rssfeed https://ift.tt/2nXpxzv
via IFTTT