Breaking

Saturday, September 28, 2019

ആ വോട്ടുകൾ എവിടെപ്പോയി... ഉത്തരംമുട്ടി ബി.ജെ.പി.

കോട്ടയം: പാലായിൽ എൽ.ഡി.എഫ്. ചരിത്രം കുറിച്ചപ്പോൾ ബി.ജെ.പി.യിലുണ്ടായത് വോട്ടുചോർച്ച. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 24,821 വോട്ട് നേടിയ ബി.ജെ.പി.ക്ക്‌ ഇത്തവണ 18,044 വോട്ടാണ് ലഭിച്ചത്. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കൂടിയായ എൻ. ഹരിയായിരുന്നു 2016-ലും സ്ഥാനാർഥി. അതേ സ്ഥാനാർഥിയെത്തന്നെ കളത്തിലിറക്കിയപ്പോൾ 6777 വോട്ടിന്റെ കുറവാണ് ഉണ്ടായത്. ശബരിമല വിഷയവും ഇടതുഭരണത്തിലെ വീഴ്ചകളും ബി.ജെ.പി. പ്രചാരണ വിഷയമാക്കിയെങ്കിലും വോട്ട് കുറഞ്ഞു. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ. സ്ഥാനാർഥി പി.സി. തോമസിന് 26,533 വോട്ട് ലഭിച്ചിരുന്നു. എന്നാൽ ഉപതിരഞ്ഞെടുപ്പിൽ ഇതിന്റെ അടുത്തെത്താൻപോലും കഴിഞ്ഞില്ലെന്നത് പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചു.സഖ്യകക്ഷിയായ ബി.ഡി.ജെ.എസിന്റെ വോട്ട് എൻ. ഹരിക്കു ലഭിച്ചിട്ടില്ലെന്നാണ് സൂചന. എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കാപ്പന് അനുകൂലമായി പ്രസ്താവന ഇറക്കിയിരുന്നു. ആ വോട്ടുകൾ തനിക്കുലഭിച്ചെന്ന് മാണി സി. കാപ്പനും പറയുന്നുണ്ട്.രാമപുരം പഞ്ചായത്തിൽ മാണി സി. കാപ്പന് ലീഡ് ലഭിച്ചപ്പോൾ യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജോസ് ടോം ബി.ജെ.പി. വോട്ട് ഇടതിന് മറിച്ചുവെന്ന ആരോപിച്ചിരുന്നു. ജോസ് കെ. മാണിയും ഉമ്മൻചാണ്ടിയും അതേ ആരോപണം ആവർത്തിച്ചു. പണംവാങ്ങി എൻ. ഹരി വോട്ട് യു.ഡി.എഫിന് മറിച്ചുവെന്ന് പാലാ നിയോജകമണ്ഡലം പ്രസിഡന്റായിരുന്ന അഡ്വ. ബിനു പുളിക്കക്കണ്ടം വോട്ടെടുപ്പിനുമുമ്പ് ആരോപിച്ചിരുന്നു. 5000 വോട്ട് യു.ഡി.എഫിനു നൽകാൻ ഹരി ധാരണയുണ്ടാക്കിയെന്നായിരുന്നു ആരോപണം. സംഭവം വിവാദമായതിനെത്തുടർന്നു ബിനുവിനെ പാർട്ടി സസ്‌പെൻഡ് ചെയ്തു. സ്ഥാനാർഥി നിർണയംമുതൽതന്നെ ബി.ജെ.പി.ക്കുള്ളിൽ തർക്കമുണ്ടായിരുന്നു. എൻ. ഹരിയുടെ സ്ഥാനാർഥിത്വത്തിനെതിരേ പാർട്ടിക്കുള്ളിൽ പ്രതിഷേധം ഉയർന്നു. പാലാ നിയോജകമണ്ഡലത്തിൽനിന്നുള്ള സ്ഥാനാർഥിയെ മത്സരിപ്പിക്കണമെന്നായിരുന്നു പ്രതിഷേധം ഉയർത്തിയവരുടെ ആവശ്യം. പാർട്ടി പ്രവർത്തകർ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയെങ്കിലും ഹരിയെ മത്സരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2mrQ8o1
via IFTTT