Breaking

Saturday, September 28, 2019

ഫ്‌ളാറ്റ് പൊളിക്കൽ; സർക്കാർ 90 കോടിയോളം മുടക്കേണ്ടി വരും

കൊച്ചി: സുപ്രീംകോടതിയിൽനിന്ന് വിമർശനം ഏറ്റുവാങ്ങിയതു കൂടാതെ മരടിലെ ഫ്ളാറ്റ് പൊളിക്കൽ സർക്കാരിന് സാമ്പത്തികമായും ബാധ്യതയായി. സർക്കാർ കൊടുക്കുന്ന നഷ്ടപരിഹാരം ബിൽഡർമാരിൽനിന്ന് ഈടാക്കാമെന്ന് കോടതി നിർദേശിച്ചിട്ടുണ്ടെങ്കിലും അതത്ര എളുപ്പമാകില്ല. 54 അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്. ഇവയിലെ തുകയെത്രയെന്ന് വെളിവായിട്ടില്ല. ഫ്ളാറ്റ് ഉടമകൾക്ക് ആദ്യഘട്ടമായി 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി സർക്കാരിനോട് നിർദേശിച്ചിരിക്കുന്നത്. 350-ഓളം ഫ്ളാറ്റുടമകളുണ്ട്. 25 ലക്ഷം വീതം നൽകാൻ 90 കോടിയോളം രൂപ മുടക്കണം. ഇതുകൂടാതെ പൊളിക്കലിനും കുടിയൊഴിപ്പിക്കലിനുമുള്ള ചെലവ് വേറെ. കമ്പനികൾ ക്വാട്ട് ചെയ്തിരിക്കുന്ന തുക അന്തിമമായി തീരുമാനിക്കാത്തതിനാൽ എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല. 30 കോടിയെന്നാണ് ആദ്യം കണക്കാക്കിയിരുന്നത്. ഇതുകൂടാതെ മാലിന്യം തള്ളാനുള്ള സ്ഥലം, സമീപവാസികളെ കുറച്ചുനേരത്തേക്കെങ്കിലും ഒഴിപ്പിക്കൽ, ഫ്ളാറ്റുടമകൾ ഒഴിയാൻ തയ്യാറായില്ലെങ്കിൽ പോലീസ് നടപടി എന്നിവയെല്ലാം വേണ്ടിവരും. നഗരസഭ ചിത്രത്തിൽനിന്ന് അപ്രത്യക്ഷമാകുകയും ചെയ്തു. ഫ്ളാറ്റ് സ്വയം ഒഴിഞ്ഞുപോകുന്നവർക്കെ നഷ്ടപരിഹാരവും തുടർന്നുള്ള തുകയും നൽകൂവെന്ന് സർക്കാർ നിലപാട് സ്വീകരിച്ചേക്കും. തിരുത്തൽ ഹർജിയിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് ഫ്ളാറ്റുടമകൾ. എന്നാൽ, ഇതിന് വിദൂരസാധ്യത മാത്രമാണുള്ളതെന്ന് നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രി, കേന്ദ്ര പരിസ്ഥിതി മന്ത്രാലയം എന്നിവർക്കും ഇവർ കത്തയച്ചിട്ടുണ്ട്. പൊളിക്കൽ ഉണ്ടാകില്ലെന്നാണ് ഫ്ലാറ്റുടമകളിൽ ഭൂരിപക്ഷവും ഇപ്പോഴും വിശ്വസിക്കുന്നത്. ഒഴിപ്പിക്കലിനു മുമ്പ് ഫ്ളാറ്റുടമകളുമായി നേരിട്ട് സംസാരിക്കില്ലെന്ന് പൊളിക്കലിന് ചുമതലയുള്ള ഫോർട്ട്കൊച്ചി സബ് കളക്ടർ സ്നേഹിൽ കുമാർ സിങ് വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ തയ്യാറാക്കിയിരിക്കുന്ന ഷെഡ്യൂൾ കൃത്യമായി പാലിച്ചാൽപോലും കൃത്യസമയത്ത് പൊളിക്കൽ തീരില്ലെന്നിരിക്കെ ഒന്നും വൈകിക്കാൻ സർക്കാരിന് കഴിയില്ല. തുല്യമായ നിലവാരത്തിലുള്ള താമസ സൗകര്യവും അഡ്വാൻസായി 25 ലക്ഷവും നൽകിയാൽ ഇറങ്ങാമെന്നാണ് വെള്ളിയാഴ്ച വൈകീട്ടെത്തിയ സ്ഥലം എം.എൽ.എ. എം. സ്വരാജിനോട് വിവിധ ഫ്ലാറ്റുകളിലെ താമസക്കാർ പറഞ്ഞത്. ജനറേറ്ററും ടാങ്കർ ലോറിയിൽ കൊണ്ടുവരുന്ന കുടിവെള്ളവും ഉപയോഗിച്ച് അധികദിവസം തുടരാൻ കഴിയില്ലെന്ന് ഇവർ സമ്മതിക്കുന്നു. അതേസമയം നഷ്ടപരിഹാരം നൽകണമെന്ന വിധി ഇവർക്ക് നേരിയ ആശ്വാസം നൽകുന്നുമുണ്ട്. content highlights:Maradu flat


from mathrubhumi.latestnews.rssfeed https://ift.tt/2niaPD5
via IFTTT