പത്തനംതിട്ട: യുവതി പ്രവേശനം, മരട് ഫ്ളാറ്റ് വിധികളിലെ വ്യത്യസ്ത നിലപാടിൽ സർക്കാരിനെതിരെ ഒളിയമ്പുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ. യുവതി പ്രവേശനത്തിലൂടെ മാത്രം നവോത്ഥാനം പൂർത്തിയാകില്ല. ശബരിമല പോലെ മരടിലേതും സുപ്രീം കോടതി വിധിയാണെന്ന് എ പത്മകുമാർ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ശബരിമല യുവതി പ്രവേശന വിധി തിടുക്കത്തിൽ നടപ്പിലാക്കിയ സർക്കാർ മരട് ഫ്ളാറ്റ് പൊളിക്കലിനോട് മുഖം തിരിക്കുകയായിരുന്നു. ശബരിമല, മരട് വിധികളോട് രണ്ട് സമീപനം സ്വീകരിച്ചതിലുള്ള നീരസം എ പത്മകുമാർ മറച്ചു വെക്കുന്നില്ല. മരടിൽ പത്തോ അമ്പതോ ഉടമകളേ ഉള്ളു. എന്നാൽ ശബരിമലയിൽ വിശ്വസിക്കുന്ന ലക്ഷക്കണക്കിന് ആളുകൾ ഉണ്ട്. സുപ്രീം കോടതി വിധി എന്തായാലും അത് നടപ്പിലാക്കണം എന്ന അടിസ്ഥാനത്തിലാണ് അന്ന് പറഞ്ഞിട്ടുള്ള കാര്യം. ശബരിമല യുവതി പ്രവേശനം കൊണ്ട് മാത്രം നവോത്ഥാനം പൂർണമാകും എന്ന അഭിപ്രായം തനിക്കില്ല. നവോത്ഥാനം എന്നത് പിന്നോക്ക വിഭാഗത്തിന്റെ ഉന്നതിയുമായി ബന്ധപ്പെട്ട് ഉയർന്ന് വരേണ്ട പ്രശ്നമാണ്. ബിന്ദുവും കനകദുർഗ്ഗയും ശബരിമലയിൽ കയറിയതിലൂടെ വിധി നടപ്പിലായെന്നോ യുവതികൾ പ്രവേശിച്ചെന്നോ കാണേണ്ട. വെല്ലുവിളിച്ച് കയറുന്നതും അല്ലാത്തതും തമ്മിൽ വ്യത്യാസമുണ്ട്. തന്റെ വീട്ടിൽ നിന്ന് ആരും ശബരിമലയിൽ പോകില്ലെന്ന നിലപാട് പത്മകുമാർ ആവർത്തിച്ചു. തന്നെ ഈ സ്ഥാനത്തിരിത്തിയ മുഖ്യമന്ത്രിക്ക് ഈ കുടുംബ പശ്ചാത്തലം അറിയാമെന്നും പത്മകുമാർ പറഞ്ഞു. content highlights: A Padmakumar,sabarimala women entry
from mathrubhumi.latestnews.rssfeed https://ift.tt/2nTVrNg
via
IFTTT