കൊച്ചി: മരടിലെ മൂന്ന് ഫ്ളാറ്റുകളിലെ താമസക്കാരെ ഒഴിപ്പിക്കുന്ന നടപടികൾ തുടങ്ങി. എന്നാൽ ബലം പ്രയോഗിച്ച് ആരെയും ഒഴിപ്പിക്കില്ലെന്ന് സബ് കളക്ടർ സ്നേഹിൽ കുമാർ പറഞ്ഞു. ലിഫ്റ്റ് ഉൾപ്പടെ ഫ്ളാറ്റുകളിലെ പൊതു ഇടങ്ങളിലെ വൈദ്യുതി പുന:സ്ഥാപിക്കുന്നത് പരിഗണിക്കാമെന്നും സബ് കളക്ടർ ഉറപ്പ് നൽകി. നഗരസഭ ഉദ്യോഗസ്ഥർ ഫ്ളാറ്റുകൾ സന്ദർശിച്ച് താമസക്കാരുമായി സംസാരിച്ചു.ഇന്ന് മൂന്നു ഫ്ളാറ്റുകളിലെ താമസക്കാരെ കണ്ടാണ് ഉദ്യോഗസ്ഥർ വിവരം ധരിപ്പിക്കുന്നത്. ഉടമകളെ നേരിൽ കണ്ട് ഒഴിയാൻ ആവശ്യപ്പെടും. കൂടുതൽ സമയം വേണമെന്നുള്ള താമസക്കാരുടെ ആവശ്യം ചർച്ച ചെയ്യും. പക്ഷെ ഒക്ടോബർ മൂന്ന് എന്ന തീയതിക്ക് അപ്പുറത്തേക്ക് പോകാൻ കഴിയില്ല. ഇക്കാര്യങ്ങൾ ഫ്ളാറ്റുകളിലെ താമസക്കാരെ നേരിട്ട് ബോധ്യപ്പെടുത്തുമെന്നും സ്നേഹിൽ കുമാർ വ്യക്തമാക്കി. മരട് നഗരസഭയുമായുള്ള യോഗത്തിന് ശേഷമായിരുന്നു സ്നേഹിൽ കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാൽ നിയമപ്രകാരമുള്ള ഒഴിപ്പിക്കൽ നോട്ടീസ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മരട് ഭവന സംരക്ഷണ സമിതി പറഞ്ഞു. താമസിക്കാനുള്ള സ്ഥലം നഗരസഭ കണ്ടെത്തി നൽകണം. വാടക സർക്കാർ നൽകണം. പ്രാഥമിക നഷ്ടപരിഹാര തുക ലഭിക്കാതെ ഫ്ളാറ്റ് വിട്ടിറങ്ങില്ലെന്നും ഫ്ളാറ്റുടമകൾ വ്യക്തമാക്കി. പകരം താമസം ഒരുക്കിയിരിക്കുന്നത് എവിടെയാണെന്ന് ബോധ്യപ്പെടുത്തണം. ഫ്ളാറ്റിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ താമസ സൗകര്യം സ്വീകരിക്കില്ല. ഫ്ളാറ്റ് പൊളിക്കുമ്പോഴുള്ള ആരോഗ്യ പ്രശ്നങ്ങൾ തങ്ങളെയും ബാധിക്കും. ഒഴിയാൻ ഒരു മാസമെങ്കിലും സമയം വേണമെന്നും താമസക്കാർ വ്യക്തമാക്കി. content highlights: Maradu Flat evacuation process will be started today
from mathrubhumi.latestnews.rssfeed https://ift.tt/2nFdzu5
via
IFTTT