Breaking

Saturday, September 28, 2019

അപേക്ഷിച്ചാലുടൻ വൈദ്യുതി; ഇതിനായി കെ.എസ്.ഇ.ബി. ജീവനക്കാരുടെ മത്സരവും

പത്തനംതിട്ട: അപേക്ഷിച്ചാലുടൻ വൈദ്യുതി കണക്ഷൻ നൽകാൻ കെ.എസ്.ഇ.ബി. അതും ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ നൽകും. ഇതിനായി വൈദ്യുതി ബോർഡ് ജീവനക്കാർ മത്സരിക്കുന്നുമുണ്ട്. റാപ്പിഡ് കണക്ഷൻ എന്ന് പേര് നൽകി വൈദ്യുതി ബോർഡ് സംസ്ഥാനത്ത് നടപ്പാക്കുന്നതാണ് പദ്ധതി.മുമ്പ് പുതിയ വൈദ്യുതി കണക്ഷനുവേണ്ടി വിവിധ ഘട്ടങ്ങളിലായി മൂന്നിനം ഫീസടയ്ക്കണമായിരുന്നു. ബോർഡ് അധികൃതരുടെ പരിശോധനകൾ പൂർത്തിയാക്കി കണക്ഷൻ ലഭിക്കുമ്പോഴേക്കും ദിവസങ്ങളോ മാസങ്ങളോ നീണ്ടുപോകുമായിരുന്നു. എന്നാലിപ്പോൾ രേഖകൾ തയ്യാറാക്കി സെക്ഷൻ ഓഫീസിലെത്തുന്ന ഉപഭോക്താവിന് മൂന്നിനം ഫീസുകൾ ഒന്നിച്ചടയ്ക്കാം. പണം അടച്ചാലുടൻ വൈദ്യുതി ബോർഡ് ജീവനക്കാർ മീറ്ററും സാധനസാമഗ്രികളുമായി കണക്ഷൻ നൽകേണ്ട സ്ഥലത്ത് എത്തും.വയറിങ്ങും മറ്റും പരിശോധിച്ച് മിനിറ്റുകൾക്കുള്ളിൽ കണക്ഷൻ നൽകും.വൈദ്യുതി ബോർഡ് നൽകുന്ന സാധാരണ കണക്ഷനാണ് റാപ്പിഡ് കണക്ഷനായി പരിഗണിക്കുന്നത്. പുതിയ തൂണുകൾ സ്ഥാപിച്ചോ നിശ്ചിത ദൂരപരിധിയിൽ കൂടുതലുള്ളതോ ആയ കണക്ഷനുകൾ തൽക്കാലം ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് അധികൃതർ പറയുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ റാപ്പിഡ് കണക്ഷൻ നൽകുന്നതിന് വൈദ്യുതി ബോർഡ് ജീവനക്കാർക്ക് പ്രത്യേക പാരിതോഷികം നൽകുമെന്നതിനാൽ ജീവനക്കാരും മത്സരിക്കുകയാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2mja0d5
via IFTTT