Breaking

Monday, September 30, 2019

മരട്: താമസക്കാര്‍ സ്വയം ഒഴിയുന്നു

കൊച്ചി: തീര പരിപാലന നിയമം ലംഘിച്ച് നിർമിച്ച ഫ്ളാറ്റുകളിലെ താമസക്കാർ സ്വയം ഒഴിയുന്നു. മൂന്നാം തീയതിക്കു മുമ്പ് ഒഴിയണമെന്നാണ് സർക്കാർ നിർദേശിച്ചിരിക്കുന്നത്. ഇതിന് പരമാവധി ശ്രമിക്കുമെന്നും കോടതി ഉത്തരവായതിനാൽ പ്രതിഷേധങ്ങൾക്കില്ലെന്നും ഫ്ലാറ്റുടമകൾ പറഞ്ഞു. ഇതോടെ സുപ്രീംകോടതി ഉത്തരവ് ഒരു തടസ്സവുമില്ലാതെ നടപ്പാകാൻ കളമൊരുങ്ങി. ഏതാനും ആവശ്യങ്ങളുന്നയിച്ച് ഞായറാഴ്ച രാവിലെ ഫ്ളാറ്റുടമകൾ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം മൂന്നുമണിയോടെ പിൻവലിച്ചു. മരട് ഭവനസംരക്ഷണ സമിതി ഭാരവാഹികൾ എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസുമായി നടത്തിയ ചർച്ചയെത്തുടർന്നായിരുന്നു ഇത്. അന്തേവാസികൾക്ക് കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകണം, പകരം കണ്ടെത്തിയിട്ടുള്ള താമസസ്ഥലങ്ങൾ മികച്ചതാണെന്ന് ഉറപ്പാക്കണം, നഷ്ടപരിഹാരം ലഭിക്കുന്നതുവരെ വാടക സർക്കാർ നൽകണം, ഒഴിഞ്ഞുപോകാൻ കൂടുതൽ സമയം നൽകണം, ഇറങ്ങും മുമ്പ് ഇടക്കാല നഷ്ടപരിഹാരമായ 25 ലക്ഷം രൂപ നൽകണം, ഇറങ്ങിപ്പോകും വരെ വൈദ്യുതിയും വെള്ളവും നൽകണം എന്നിവയായിരുന്നു സമരക്കാരുടെ ആവശ്യങ്ങൾ. നോട്ടീസ് നൽകാമെന്ന് കളക്ടർ സമ്മതിച്ചതായി മരട് ഭവനസംരക്ഷണ സമിതി പ്രസിഡന്റ് അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളി പറഞ്ഞു. പകരം കണ്ടെത്തിയ 510 ഫ്ലാറ്റുകൾ മികച്ചതാണെന്ന് ഉറപ്പുലഭിച്ചതായും അദ്ദേഹം പറഞ്ഞു. വൈദ്യുതിയും വെള്ളവും പുനഃസ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്. വാടക അഡ്വാൻസ് നൽകുന്നതിന് ഒരു ലക്ഷം രൂപ വീതം നൽകണമെന്ന് സമരക്കാർ കളക്ടറോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം ഉറപ്പൊന്നും നൽകിയില്ല. പ്രതിമാസ വാടക താമസക്കാർതന്നെ നൽകും. സാധനങ്ങൾ കൊണ്ടുപോകുന്ന വണ്ടികളുടെ ചെലവ് വഹിക്കുന്ന കാര്യം പരിഗണിക്കാമെന്ന് അധികൃതർ പറഞ്ഞതായി ഭാരവാഹികൾ അറിയിച്ചു. കെട്ടിടങ്ങൾ പൊളിക്കുന്നതിനു മുമ്പ് ഫ്ളാറ്റുകളുടെ മൂല്യം കണക്കാക്കാൻ അവസരമൊരുക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീംകോടതി നൽകാൻ നിർദേശിച്ചിരിക്കുന്ന ഇടക്കാല നഷ്ടപരിഹാരമായ 25 ലക്ഷം രൂപ ഒന്നോ രണ്ടോ ആഴ്ചയ്ക്കകം നൽകാൻ സർക്കാരിന് കത്തെഴുതുമെന്ന് ചർച്ചയിൽ പങ്കെടുത്ത എം. സ്വരാജ് എം.എൽ.എ. പറഞ്ഞു. കോടതിവിധിയെ പൂർണമായും മാനിക്കുന്നതിനാൽ സ്വയം ഒഴിഞ്ഞുപോകുകയാണെന്ന് ഫ്ളാറ്റുടമകളുടെ സംഘടനാ ഭാരവാഹികൾ പറഞ്ഞു. സുപ്രീംകോടതിയിൽ നൽകിയിരിക്കുന്ന തിരുത്തൽ ഹർജിയിൽ പ്രതീക്ഷയുണ്ട്. ഫ്ലാറ്റ് പൊളിക്കലിന്റെ ചുമതലയുള്ള സബ് കളക്ടർ സ്നേഹിൽകുമാർ സിങ്, സിറ്റി പോലീസ് കമ്മിഷണർ വിജയ് സാഖറെ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. content highlights:maradu flat owners vacates voluntarily


from mathrubhumi.latestnews.rssfeed https://ift.tt/2m8UEYm
via IFTTT