മയ്യഴി: മാഹി പന്തക്കലിൽ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിക്കുനേരേ നടന്ന ബോംബേറ്നാടകമെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ബ്രാഞ്ച് സെക്രട്ടറിയെയും സഹായിയെയും പോലീസ് അറസ്റ്റുചെയ്തു. പന്തക്കൽ ബ്രാഞ്ച് സെക്രട്ടറി കുന്നത്താൻപറമ്പ് കല്ലൻ ബിജു എന്ന കെ.പി.ബിജു(37), സഹായി പന്തക്കലിലെ തൊവരക്കുന്നുമ്മൽ വീട്ടിൽ റിനോജ് എന്ന അഞ്ജു(26) എന്നിവരെയാണ് മാഹി പോലീസ് സൂപ്രണ്ട് വംശീധര റെഡ്ഡിയുടെ നേതൃത്വത്തിലുള്ള പള്ളൂർ, മാഹി പോലീസ് സംഘം അറസ്റ്റുചെയ്തത്. സെപ്റ്റംബർ 22-ന് രാത്രി ഒൻപതോടെ പന്തക്കൽ ഭാഗത്തുനിന്ന് പള്ളൂരിലേക്ക് സ്കൂട്ടറിൽ സഞ്ചരിക്കവേ ഊരോത്തുമ്മൽ കവാടത്തിന് സമീപം തന്റെ സ്കൂട്ടറിനുനേരേ ഒരുസംഘം ബോംബെറിഞ്ഞെന്നാണ് ബിജു പള്ളൂർ പോലീസിൽ പരാതിനൽകിയത്. സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞ് കാലിന് പരിക്കേൽക്കുകയും സ്ഫോടനത്തിൽ ചെവിക്ക് തകരാർ സംഭവിക്കുകയും ചെയ്തെന്നാണ് പാതിയിലുള്ളത്. സ്കൂട്ടറിന് തകരാർ സംഭവിച്ചതായും പറഞ്ഞിരുന്നു. തലശ്ശേരി സഹകരണ ആസ്പത്രിയിൽ പ്രവേശിപ്പിച്ച ബിജുവിനെ ചോദ്യംചെയ്തപ്പോൾ വ്യത്യസ്തമായ മൊഴികൾ നല്കിയതിനെത്തുടർന്ന് പോലീസ് തന്ത്രപരമായി നടത്തിയ അന്വേഷണത്തിലാണ് വാദി പ്രതിയായിമാറിയത്. സ്കൂട്ടർ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോൾ തകരാറൊന്നുമില്ലെന്ന് വ്യക്തമായതായും പോലീസ് പറഞ്ഞു. ബ്രാഞ്ച് സെക്രട്ടറി ബിജു തയ്യാറാക്കിയ നാടകമനുസരിച്ച് സഹായിയെക്കൊണ്ട് ബോംബെറിയിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. മാഹി കോടതിയിൽ ഹാജരാക്കിയ രണ്ടുപേരെയും 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കുടുക്കിയത് സി.സി.ടി.വി. ദൃശ്യങ്ങളും സൈബർ സെല്ലും സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുൾപ്പെട്ട ബോംബേറുനാടകം പൊളിഞ്ഞത് ശാസ്ത്രീയാന്വേഷണത്തിൽ. സംഭവംനടന്ന പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങളും സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയുമാണ് പരാതിക്കാരനെയും സുഹൃത്തിനെയും കുടുക്കിയത്. മാഹി പോലീസ് സൂപ്രണ്ടിന്റെയും പുതുതായി ചാർജെടുത്ത സി.ഐ. കെ.ധനശേഖരൻ, പള്ളൂർ എസ്.ഐ. സെന്തിൽകുമാർ എന്നിവരുടെയും നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് സി.പി.എം. പള്ളൂർ ലോക്കൽ കമ്മിറ്റി പ്രകടനവും പൊതുയോഗവും നടത്തിയിരുന്നു. Content Highlights: Scientifi investigation reveals the truth
from mathrubhumi.latestnews.rssfeed https://ift.tt/2mALWCD
via
IFTTT