കൊച്ചി: മരടിലെ നാല് വിവാദ ഫ്ളാറ്റുകളിലേക്കുള്ള വൈദ്യുതിയും കുടിവെള്ളവും അധികൃതർ വിച്ഛേദിച്ചു. പുലർച്ചെ നാലു മണിക്കു ശേഷം ആളുകൾ ഉറക്കത്തിലായിരുന്നപ്പോഴാണ് വൈദ്യുതി വിച്ഛേദിച്ചത്. താത്കാലികമായി പകരം സംവിധാനമേർപ്പെടുത്തി പിടിച്ചുനിൽക്കുകയാണ് ഫ്ളാറ്റുടമകൾ. 26-ന് വൈദ്യുതി വിച്ഛേദിക്കുമെന്നാണ് തലേന്ന് ഉച്ചകഴിഞ്ഞ് ഒട്ടിച്ച നോട്ടീസിൽ കെ.എസ്.ഇ.ബി. അറിയിച്ചിരുന്നത്. എന്നാൽ, പുലരുംമുമ്പേ ഇവർ വലിയ പോലീസ് സന്നാഹത്തോടെ എത്തുകയായിരുന്നു. എല്ലാ ഫ്ളാറ്റുകളിലും ജനറേറ്ററുള്ളതിനാൽ തത്കാലം ലിഫ്റ്റ് പോലുള്ള അത്യാവശ്യം കാര്യങ്ങൾ പ്രവർത്തിച്ചു. പാചകവാതക വിതരണം വിച്ഛേദിക്കുമെന്ന് എണ്ണക്കമ്പനികളും അറിയിച്ചിട്ടുണ്ട്. തീവ്രവാദികളെപ്പോലെയാണ് സർക്കാർ കൈകാര്യം ചെയ്യുന്നതെന്ന് ഫ്ളാറ്റുടമകൾ ആരോപിച്ചു. വൈദ്യുതി വിച്ഛേദിക്കുന്നത് പകൽ ആവാമായിരുന്നു. രോഗികൾ, കുട്ടികൾ എന്നിവർ ഉറങ്ങിക്കിടക്കുമ്പോൾ ഇങ്ങനെയൊരു നടപടി സ്വീകരിച്ചത് മനുഷ്യാവകാശ ലംഘനമാണെന്ന് ഫ്ലാറ്റുടമകൾ കുറ്റപ്പെടുത്തി. വ്യാഴാഴ്ച രാവിലെയാണ് കുടിവെള്ളം വിച്ഛേദിച്ചത്. ടാങ്കർ ലോറികളിൽ വെള്ളമെത്തിച്ചും കുപ്പിവെള്ളം വാങ്ങിയും താമസക്കാർ പിടിച്ചുനിൽക്കുകയാണ്. ഹോളിഫെയ്ത്ത് എച്ച്.ടു.ഒ. ഫ്ലാറ്റിൽ ആദ്യം ലിഫ്റ്റിനും പൊതു സംവിധാനങ്ങൾക്ക് മാത്രമായും ജനറേറ്റർ ഉപയോഗിക്കുകയായിരുന്നു. നാലു മണിക്കൂർ കൂടുമ്പോൾ ഓഫ് ചെയ്യേണ്ടി വരുന്നതിനാൽ കൂടുതൽ ശക്തിയുള്ള ജനറേറ്റർ എത്തിച്ചു. കുട്ടികളിൽ പലരും വ്യാഴാഴ്ച സ്കൂളിൽ പോയില്ല. മനുഷ്യാവകാശ ലംഘനം ആരോപിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ദേശീയ-സംസ്ഥാന മനുഷ്യാവകാശ കമ്മിഷനുകൾ എന്നിവർക്ക് ഫ്ലാറ്റുടമകൾ ഇ-മെയിലിൽ പരാതി അയച്ചിട്ടുണ്ട്. 'എന്തുവന്നാലും ഇറങ്ങില്ല, ബലം പ്രയോഗിച്ച് ഇറക്കിവിടട്ടെ' എന്നാണ് ഉടമകളുടെ നിലപാട്. മുഴുവൻ സമയവും ജനറേറ്റർ പ്രവർത്തിപ്പിക്കണമെങ്കിലും ദിവസേന കുടിവെള്ളം ടാങ്കറിൽ എത്തിക്കണമെങ്കിലും വലിയ ചെലവ് വരും. സ്പെഷ്യൽ ബ്രാഞ്ച് പോലീസ് എല്ലായിടത്തും ക്യാമ്പ് ചെയ്യുന്നുണ്ട്. ഫ്ളാറ്റുടമകളെ 29 മുതൽ ഒഴിപ്പിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. മരട് മുനിസിപ്പാലിറ്റി, ജില്ലാ ഭരണകൂടം, പോലീസ് എന്നിവർക്കാണ് ഇതിന്റെ ചുമതല. ഒക്ടോബർ മൂന്നിനാണ് ഒഴിപ്പിക്കൽ പൂർത്തിയാക്കേണ്ടത്. ഫ്ളാറ്റ് പൊളിക്കുമ്പോൾ ഒരു കിലോമീറ്റർ ചുറ്റളവിലുള്ളവരെയും ഒഴിപ്പിക്കണം. ഭൂരിഭാഗം പേരും ഇക്കാര്യം അറിഞ്ഞിട്ടില്ല. പരിസരത്ത് 9,522 കെട്ടിടങ്ങൾ ഉണ്ടെന്നാണ് കണക്ക്. ഇതിൽ വാണിജ്യ സ്ഥാപനങ്ങളും വൻകിട ഹോട്ടലുകളും ഉൾപ്പെടുന്നു. ഫ്ളാറ്റ് പൊളിക്കൽ 90 ദിവസം നീളും. ഇത്രയും നാൾ സമീപവാസികളെ മാറ്റിനിർത്തുന്നത് പ്രായോഗികമാണോ എന്ന ചോദ്യം ഉയർന്നിട്ടുണ്ട്. ഒക്ടോബർ 11-ന് പൊളിക്കൽ തുടങ്ങും. Content Highlights:Water and light to Maradu Flats were blocked
from mathrubhumi.latestnews.rssfeed https://ift.tt/2n3fg4n
via
IFTTT