Breaking

Saturday, September 28, 2019

ഫ്ളാറ്റ് പൊളിക്കലിന് ആകെ 138 ദിവസം; സർക്കാരിന്റെ കർമപദ്ധതി ഇങ്ങനെ

ന്യൂഡൽഹി: മരടിലെ നാല് ഫ്ളാറ്റ് സമുച്ചയങ്ങൾ സുരക്ഷിതമായി പൊളിച്ച് അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ 15 ഘട്ട കർമപദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും അതിന് 138 ദിവസമെടുക്കുമെന്നും സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. പൊളിക്കാൻ മാത്രം 90 ദിവസമെടുക്കും. അടുത്ത ഫെബ്രുവരി ഒമ്പതിനകം ഫ്ളാറ്റ് നിന്ന സ്ഥലം പൂർവസ്ഥിതിയിലാക്കും. അതേസമയം, ഫ്ളാറ്റുകൾ പൊളിക്കുന്നത് വലിയ സാമ്പത്തിക, സാമൂഹിക പ്രത്യാഘാതമുണ്ടാക്കുമെന്നും ചീഫ് സെക്രട്ടറി നൽകിയ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. പൊളിക്കാനുള്ള കെട്ടിടങ്ങൾ ടെൻഡർ ലഭിച്ച കരാറുകാർക്ക് ഒക്ടോബർ 11-നു കൈമാറും. ഫ്ളാറ്റുകൾക്ക് ഒരു കിലോമീറ്റർ പരിധിയിലെ കെട്ടിട ഉടമകൾക്ക് (9522 കെട്ടിടങ്ങൾ) രണ്ടുദിവസം കൊണ്ട് നോട്ടീസയക്കും. ഫ്ളാറ്റുകളിലെ താമസക്കാർക്ക് ഒഴിഞ്ഞുപോകാനുള്ള നോട്ടീസ് നൽകാൻ നാലുദിവസം വേണം. അപ്രതീക്ഷിത സാഹചര്യം നേരിടാൻ ജല അതോറിറ്റി, കെ.എസ്.ഇ.ബി., ബി.എസ്.എൻ.എൽ. അഗ്നിരക്ഷാ സേന എന്നിവയുമായി ചേർന്നു പദ്ധതികൾ തയ്യാറാക്കാൻ ഒമ്പതു ദിവസം വീതം ആവശ്യമാണ്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയുെട പൈപ്പ് ലൈനുകളും ഓഫീസുകളും ഇവിടെയുള്ളതിനാൽ അവയ്ക്ക് പകരം സംവിധാനമൊരുക്കാനും പോലീസ് സന്നാഹം ഏർപ്പെടുത്താനും ഒമ്പതുദിവസം വീതമെടുക്കും. ഫ്ളാറ്റുടമകൾക്കു പുനരധിവാസം ഉറപ്പാക്കാൻ ജില്ലാ ഭരണകൂടത്തിന് ഒമ്പതുദിവസം, കെട്ടിടങ്ങൾ പൊളിക്കാനുള്ള സ്ഫോടകവസ്തുക്കൾ സംഭരിക്കാനുള്ള സൗകര്യമുണ്ടാക്കാൻ ഒമ്പതു ദിവസം, ഫ്ളാറ്റുടമകളെ ഒഴിപ്പിക്കാൻ നാലുദിവസം, പരിസരവാസികളെ ഒഴിപ്പിക്കാൻ നാലുദിവസം, കെട്ടിടങ്ങൾ പൊളിക്കാൻ 90 ദിവസം, കെട്ടിടാവശിഷ്ടങ്ങൾ നീക്കംചെയ്ത് സ്ഥലം പൂർവസ്ഥിതിയിലാക്കാൻ 30 ദിവസം എന്നിങ്ങനെ ആവശ്യമാണ്. ഇതിൽ പല കാര്യങ്ങളും സമാന്തരമായി നടക്കുന്നതിനാൽ 138 ദിവസംകൊണ്ട് പദ്ധതി പൂർത്തിയാകും. മരടിലെ അനധികൃത നിർമാണങ്ങളുടെ കണക്ക് സംസ്ഥാന തീരദേശ മാനേജ്മെന്റ് അതോറിറ്റി രൂപവത്കരിച്ച കമ്മിറ്റി ഒക്ടോബർ 31-ന് മുൻപ് തയ്യാറാക്കും. ഇതുവരെ മരട് നഗരസഭയിൽ 291 അനധികൃത നിർമാണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അതിൽ അന്വേഷണം നടക്കുന്നുണ്ട്. കേരളത്തിലുടനീളം തീരദേശചട്ടങ്ങൾ ലംഘിച്ചുള്ള നിർമാണങ്ങൾ നാലുമാസത്തിനകം കണ്ടെത്തും. ഹൈക്കോടതി ജഡ്ജിയുടെ അധ്യക്ഷതയിൽ ഇതിനായി മൂന്നംഗ കമ്മിറ്റിയുണ്ടാക്കണം. പ്രിൻസിപ്പൽ സെക്രട്ടറിയുടെ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനും സാങ്കേതിക വിദഗ്ധനും കമ്മിറ്റിയിലുണ്ടാകണം. അവരുടെ ശുപാർശ പ്രകാരം അനധികൃത കെട്ടിടനിർമാതാക്കൾക്കെതിരേ നടപടിയെടുക്കും. തീരദേശ ചട്ടങ്ങൾ ലംഘിച്ചുള്ള കെട്ടിടങ്ങൾ ഡിസൈൻ ചെയ്ത ആർക്കിടെക്റ്റുകൾക്കെതിരേ നടപടിയെടുക്കാൻ കൗൺസിൽ ഓഫ് ആർക്കിടെക്ചറിനോട് ശുപാർശ ചെയ്യും. സ്വീകരിച്ച നടപടികൾ ഫ്ളാറ്റുകളിലേക്കുള്ള വെള്ളവും വൈദ്യുതിയും നിർത്തിവെച്ചു. ഫ്ളാറ്റിൽനിന്ന് ഒഴിയുന്നവർക്ക് താമസിക്കാൻ പകരം സംവിധാനം ഇതേ താലൂക്കിൽതന്നെ ജില്ലാ കളക്ടർ കണ്ടെത്തിയിട്ടുണ്ട്. നിയമം ലംഘിച്ച കെട്ടിട നിർമാതാക്കൾക്കെതിരേ നടപടിയെടുക്കാൻ ഡി.ജി.പി.യോട് ആവശ്യപ്പെട്ടു. ഇതിൽ പോലീസ് നടപടി തുടങ്ങി. ഫ്ളാറ്റുകൾ പൊളിക്കുന്നതിന്റെ പാരിസ്ഥിതികാഘാതം സംബന്ധിച്ച് ഐ.ഐ.ടി. മദ്രാസിന്റെ റിപ്പോർട്ട് ലഭിച്ചു. ഇതുപ്രകാരം ഒരു കിലോമീറ്ററിലേറെ ചുറ്റളവിൽ വായുമലിനീകരണം, ശബ്ദമലിനീകരണം, കെട്ടിടങ്ങൾക്കു വിറയലും കേടുപാടുകളും സംഭവിക്കൽ എന്നിവയെല്ലാമുണ്ടാകാം. അതിനാൽ, ഒരു കിലോമീറ്റർ പരിധിയിലെ കെട്ടിടങ്ങളുടെ കണക്ക് (9,522) സംസ്ഥാന റിമോട്ട് സെൻസിങ് കേന്ദ്രം നൽകിയിട്ടുണ്ട്. content highlights:Maradu flat


from mathrubhumi.latestnews.rssfeed https://ift.tt/2miOG7w
via IFTTT