Breaking

Saturday, September 28, 2019

പാലായിൽ പുതുമാണി

കോട്ടയം: കേരള കോൺഗ്രസിന്റെ തട്ടകത്തിൽ മാണി സി. കാപ്പന്റെ അട്ടിമറി സ്മാഷ്. 54 വർഷം കെ.എം. മാണി പ്രതിനിധാനം ചെയ്ത പാലാ നിയോജകമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥി എൻ.സി.പി.യിലെ മാണി സി. കാപ്പന് ജയം. 2006 മുതൽ തുടർച്ചയായി മൂന്നു തിരഞ്ഞെടുപ്പുകളിൽ ഇവിടെ പരാജയപ്പെട്ട കാപ്പൻ ഇക്കുറി 2943 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണു യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജോസ് ടോമിനെ പരാജയപ്പെടുത്തിയത്. കെ.എം. മാണിയുടെ നിര്യാണത്തെത്തുടർന്നാണ് ഉപ തിരഞ്ഞെടുപ്പ് നടന്നത്. 1980-നു ശേഷം ആദ്യമായി മണ്ഡലം ഇടതുപക്ഷത്തേക്കു മാറി. 1980-ൽ മാണി ഇടതുമുന്നണിക്കൊപ്പം നിന്നാണു ജയിച്ചത്. 2016-ൽ മാണി 4674 വോട്ടിനും ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിലെ തോമസ് ചാഴികാടൻ 33,472 വോട്ടിനും മുന്നിട്ടുനിന്ന സ്ഥലത്താണ് ഇക്കുറി ഐക്യമുന്നണി വീണത്. മുഖ്യമന്ത്രി പിണറായി വിജയൻ മണ്ഡലത്തിൽ ക്യാമ്പുചെയ്ത് നടത്തിയ ചിട്ടയായ പ്രവർത്തനത്തിലൂടെയാണ് ഇടതുജയം. യു.ഡി.എഫ്. കോട്ടകളെ വീഴ്ത്തിയ കാപ്പന്റെ വിജയയാത്രയിൽ ഒൻപത് പഞ്ചായത്തുകളും പാലാ നഗരസഭയും അദ്ദേഹത്തിനു ലീഡ് നൽകി. മുത്തോലി, കൊഴുവനാൽ, മീനച്ചിൽ പഞ്ചായത്തുകളിൽ മാത്രമാണ് ജോസ് ടോമിനു മേൽക്കൈ. 2016-ൽ മാണിക്ക് രണ്ടു പഞ്ചായത്തുകളിൽ മാത്രമാണു മേൽക്കെ നഷ്ടമായത്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് സ്ഥാനാർഥി തോമസ് ചാഴികാടന് എല്ലാ പഞ്ചായത്തുകളിലും വൻ ഭൂരിപക്ഷം കിട്ടിയിരുന്നു. ജോസ് കെ. മാണിയുടെ ബൂത്തിൽ 10 വോട്ടുകൾക്ക് കാപ്പൻ മുന്നിലെത്തി. ആദ്യമായാണ് പാലാ ടൗണിലെ സെയ്ന്റ് തോമസ് സ്കൂളിലെ ഇൗ ബൂത്തിൽ കേരള കോൺഗ്രസ് പിന്നിലാകുന്നത്. ആദ്യത്തെ 110 ബൂത്തുകളിൽ അജയ്യമായി മുന്നേറിയ കാപ്പന് എട്ടാം റൗണ്ടിൽ മാത്രമാണ് ആ വേഗം കുറഞ്ഞത്. മുത്തോലി പഞ്ചായത്തിൽ ജോസ് ടോമിന് ലീഡ് വന്നപ്പോഴായിരുന്നു അത്. എന്നാലും അതിനകം നേടിയ മൊത്തം ലീഡിനെ മറികടക്കാൻ ജോസിനു കഴിഞ്ഞില്ല. അവസാന റൗണ്ടുകളിൽ എണ്ണിയ മീനച്ചിൽ, കൊഴുവനാൽ പഞ്ചായത്തുകളാണ് കാപ്പന്റെ ഭൂരിപക്ഷം കുറച്ചത്. യു.ഡി.എഫ്. കോട്ടയായ രാമപുരം, ഭരണങ്ങാനം, കരൂർ പഞ്ചായത്തുകളിലും പാലാ നഗരസഭയിലും ഐക്യമുന്നണി തകർന്നതോടെ പാളയത്തിൽനിന്നുള്ള വോട്ടുകളും ചോർന്നെന്ന സൂചനയാണു കിട്ടുന്നത്. എൻ.ഡി.എ. ക്യാമ്പിലും വോട്ടുചോർച്ച വിവാദമാകും. എൻ.ഡി.എ. സ്ഥാനാർഥി എൻ. ഹരിക്ക് 18,044 വോട്ടുകൾ മാത്രമാണു കിട്ടിയത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ അവർക്ക് പാലായിൽ 26,553 വോട്ടും 2016-ൽ 24,821 വോട്ടും കിട്ടിയിരുന്നു. വോട്ടുനില ആകെ വോട്ട് 1,79,107 പോൾ ചെയ്തത് 1,27,939 മാണി സി. കാപ്പൻ(എൽ.ഡി.എഫ്.-എൻ.സി.പി.) 54,137 അഡ്വ. ജോസ് ടോം( യു.ഡി.എഫ്. സ്വത.) 51,194 എൻ. ഹരി(എൻ.ഡി.എ.-ബി.ജെ.പി.) 18,044 Content Highlights: Pala By election; Mani C Kappan


from mathrubhumi.latestnews.rssfeed https://ift.tt/2mvbXD0
via IFTTT