Breaking

Monday, September 30, 2019

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്; മിക്‌സഡ് റിലേയില്‍ ഇന്ത്യയ്ക്ക് നിരാശ

ദോഹ: ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 4x400 മിക്സഡ് റിലേയിൽ മലയാളിക്കരുത്തിലിറങ്ങിയ ഇന്ത്യയ്ക്ക് നിരാശ. ഞായറാഴ്ച രാത്രി നടന്ന ഫൈനലിൽ മലയാളികളായ മുഹമ്മദ് അനസ്, വി.കെ. വിസ്മയ, ജിസ്ന മാത്യു, നോഹ നിർമൽ ടോം എന്നീ മലയാളികളടങ്ങിയ ഇന്ത്യൻ ടീം സമയം മെച്ചപ്പെടുത്തിയെങ്കിലും ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. മൂന്നുമിനിറ്റ് 09.34 സെക്കൻഡിൽ ലോക റെക്കോഡ് സമയത്തോടെ അമേരിക്ക സ്വർണം നേടിയപ്പോൾ ജമൈക്ക വെള്ളിയും (3:11.78) ബഹ്റൈൻ (3:11.82) വെങ്കലവും നേടി. മൂന്നുമിനിറ്റ് 15.77 സെക്കൻഡിൽ ഫിനിഷ് ചെയ്ത ഇന്ത്യ സീസണിലെ മികച്ച സമയം കുറിച്ചു. ഇന്ത്യ നേരത്തെ തന്നെ ഒളിമ്പിക്സ് യോഗ്യത നേടിയിരുന്നു. ശനിയാഴ്ച പ്രാഥമിക ഘട്ടത്തിൽ മൂന്നുമിനിറ്റ് 16.14 സെക്കൻഡിലാണ് മലയാളി സംഘം ഓട്ടം പൂർത്തിയാക്കിയത്. ബ്രസീൽ ഇന്ത്യയ്ക്ക് പിന്നിലായി ഫിനിഷ് ചെയ്തു. പ്രാഥമിക ഘട്ടത്തിലെന്നപോലെ, മുഹമ്മദ് അനസ്, വിസ്മയ, ജിസ്ന മാത്യു, നോഹ നിർമൽ ടോം എന്നീ ക്രമത്തിലാണ് ഇന്ത്യ ഓടിയത്. എട്ടാമത്തെ ട്രാക്കിൽ ഓടിയ അനസ് ഓട്ടം അവസാനിപ്പിക്കുമ്പോൾ ഇന്ത്യ മുൻനിരയിലായിരുന്നു. എന്നാൽ രണ്ടാം ലാപ്പിൽ വിസ്മയ ഓട്ടം അവസാനിപ്പിക്കുമ്പോൾ ഇന്ത്യ പിറകിലായി. മൂന്നാമത് ബാറ്റൺ സ്വീകരിച്ച ജിസ്നയ്ക്കും സ്ഥാനം മെച്ചപ്പെടുത്താനായില്ല. ദോഹ ലോകചാമ്പ്യൻഷിപ്പിൽ ഇതുവരെ ഇന്ത്യയുടെ മികച്ച പ്രകടനമാണിത്. 2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ മിക്സഡ് റിലേയിൽ ഇന്ത്യ സ്വർണം നേടിയിരുന്നു. മുഹമ്മദ് അനസ്, എം.ആർ. പൂവമ്മ, ഹിമ ദാസ്, ആരോക്യ രാജീവ് എന്നിവരടങ്ങിയ ടീം അന്ന് മൂന്നുമിനിറ്റ് 15.71 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് സ്വർണമണിഞ്ഞത്. Content Highlights:IAAF World Championships Indian mixed relay team finishes seventh


from mathrubhumi.latestnews.rssfeed https://ift.tt/2osu65d
via IFTTT