കൊച്ചി: വയലാർ രാമവർമ സാഹിത്യ പുരസ്കാര നിർണയ വിവാദത്തിൽ കൂടുതൽ പ്രതികരണങ്ങളുമായി പ്രൊഫ. എം.കെ. സാനു. മൂല്യനിർണയത്തിൽ ഏറ്റവും കുറഞ്ഞ പോയിന്റ് കിട്ടിയ കൃതിക്ക് പുരസ്കാരം നൽകാൻ സമ്മർദം ഉണ്ടായെന്ന് എം.കെ. സാനു 'മാതൃഭൂമി'യോട് പറഞ്ഞു. അവസാനഘട്ടത്തിലെത്തിയ കൃതികളിൽ വി.ജെ. ജെയിംസിെന്റ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ 'നിരീശ്വര'നെ മറികടന്ന് ആരോപണ വിധേയമായ പുസ്തകത്തിന് പുരസ്കാരം നൽകാൻ സമ്മർദമുണ്ടായി. ഇടത് ബന്ധമുള്ള, മലയാളത്തിലെ പ്രമുഖ കവിയും ഭാഷാ ഗവേഷകനും അധ്യാപകനുമായ വ്യക്തിയുടെ ആത്മകഥയ്ക്ക് ഇത്തവണത്തെ വയലാർ പുരസ്കാരം ലഭിച്ചേക്കുമെന്ന് താൻ നേരത്തേ അറിഞ്ഞതാണ്. ആ വ്യക്തിയുടെ ബന്ധുവായ, സർവകലാശാലയിലെ ഉന്നതനാണ് ഇടപെടലുകൾക്കു പിന്നിലെന്നാണ് തനിക്ക് ലഭിച്ച വിവരം. അവാർഡുകളുടെ സുതാര്യതയും സത്യസന്ധതയും നഷ്ടമായിരിക്കുന്നുവെന്നും മൂല്യങ്ങളില്ലാത്ത പ്രവൃത്തിക്ക് കൂട്ടുനിൽക്കാനാവാത്തതിനാലാണ് രാജിവെച്ചതെന്നും എം.കെ. സാനു പറഞ്ഞു. നിലവാരമില്ലാത്ത, സർഗാത്മകതയുടെ കണികപോലുമില്ലാത്ത കൃതിക്ക് അവാർഡ് ലഭിക്കരുതെന്ന ഉദ്ദേശ്യം മാത്രമേ തനിക്കുള്ളു. ബാഹ്യ ഇടപെടലുകൾക്കെതിരേ പ്രതികരിച്ചു എന്ന സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നത്. 'ആരോഗ്യപരമായ കാരണങ്ങൾ' എന്നാണ് രാജിക്കത്തിൽ പരാമർശിച്ചത്. ട്രസ്റ്റിനെയോ അംഗങ്ങളെയോ അപകീർത്തിപ്പെടുത്തുന്ന ഒന്നും രാജിക്കത്തിലില്ല. അവാർഡിന് പരിഗണിച്ച കൃതികളുടെ പേര് പുറത്തുപറഞ്ഞതിനെ 'ഹീനമായ പ്രവൃത്തി' എന്നാണ് ട്രസ്റ്റ് സെക്രട്ടറി വിശേഷിപ്പിച്ചത്. ഇത് താൻ വെറും ഫലിതമായി മാത്രം കാണുന്നുവെന്നും രാജിവെച്ചതിനു ശേഷമാണ് പേര് വെളിപ്പെടുത്തിയതെന്നും സാനു പറഞ്ഞു. തീരുമാനം പുനഃപരിശോധിക്കും എന്നാണ് കരുതുന്നത് താനില്ലെങ്കിലും അവാർഡ് പ്രഖ്യാപനം നടക്കും. സമിതിയിൽ ഇനിയും രണ്ടുപേർ ഉണ്ട്. അവർ ശനിയാഴ്ച പുരസ്കാരം പ്രഖ്യാപിക്കും. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അർഹതയില്ലാത്ത കൃതിക്ക് പുരസ്കാരം നൽകുന്നത് പുനഃപരിശോധിക്കുമെന്നാണ് കരുതുന്നതെന്ന് എം.കെ. സാനു പറഞ്ഞു. പുരസ്കാര പ്രഖ്യാപനത്തിന്റെ അവസാന ഘട്ടത്തിൽ രാജിവെയ്ക്കരുതെന്ന് കാലുപിടിച്ച് പറഞ്ഞിട്ടും തീരുമാനത്തിൽനിന്ന് എം.കെ. സാനു പിൻമാറിയില്ലെന്ന് വയലാർ രാമവർമ സ്മാരക ട്രസ്റ്റ് സെക്രട്ടറി സി.വി. ത്രിവിക്രമൻ പ്രതികരിച്ചിരുന്നു. അവാർഡ് പ്രഖ്യാപനത്തിന് തിരുവനന്തപുരത്ത് എത്താനും തിരിച്ചുമുള്ള വിമാന ടിക്കറ്റ് അയച്ചുകൊടുത്തിരുന്നുവെന്നും ആ ടിക്കറ്റുകളും രാജിക്കത്തിനൊപ്പം തിരിച്ചയച്ചുവെന്നും ട്രസ്റ്റ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച രാവിലെ ട്രസ്റ്റ് യോഗം ചേർന്ന് പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കും. തുടർന്ന് പുതിയ അദ്ധ്യക്ഷന്റെ സാന്നിദ്ധ്യത്തിൽ ജഡ്ജിങ് കമ്മിറ്റി യോഗം ചേർന്ന് പുരസ്കാര നിർണയം നടത്തും. content highlights:vayalar award mk sanu
from mathrubhumi.latestnews.rssfeed https://ift.tt/2lL5XWt
via
IFTTT