Breaking

Sunday, September 29, 2019

സ്ഥാനാർഥികൾ നിരന്നു: മുറിവുണക്കാൻ കോൺഗ്രസ്

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസ് നേതൃത്വം നിർദേശിച്ച സ്ഥാനാർഥിപ്പട്ടികയ്ക്ക് ഹൈക്കമാൻഡ് അംഗീകാരം നൽകി. വട്ടിയൂർക്കാവിൽ കെ. മോഹൻകുമാറും കോന്നിയിൽ പി. മോഹൻരാജും അരൂരിൽ ഷാനിമോൾ ഉസ്മാനും എറണാകുളത്ത് ടി.ജെ. വിനോദും പ്രചാരണം തുടങ്ങി. സ്ഥാനാർഥി നിർണയത്തോടെ ഉടലെടുത്ത മുറിവുണക്കാൻ പാർട്ടിക്കുള്ളിൽ തകൃതിയായ ശ്രമവും ആരംഭിച്ചു. കോന്നിയിലെ തർക്കമാണ് അവസാനംവരെ കോൺഗ്രസ് നേതൃത്വത്തിന് തലവേദന സൃഷ്ടിച്ചത്. തന്റെ അനുയായിയായ റോബിൻ പീറ്ററിനായി അടൂർ പ്രകാശ് എം.പി. കടുത്ത സമ്മർദമാണ് ചെലുത്തിയത്. എന്നാൽ പത്തനംതിട്ട ഡി.സി.സി.യിൽനിന്ന് വലിയ എതിർപ്പുണ്ടായി. പല തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥിത്വത്തിനായി പരിഗണിക്കപ്പെടുകയും അവസാനം ഒഴിവാക്കപ്പെടുകയും ചെയ്ത മുൻ ഡി.സി.സി. പ്രസിഡന്റ് പി. മോഹൻരാജിന്റെ പേരിനാണ് ജില്ലയിൽനിന്ന് മുൻതൂക്കം ലഭിച്ചത്. എൻ.എസ്.എസിന്റെ താത്പര്യവും പരിഗണിക്കപ്പെട്ടു. എതിർ സ്ഥാനാർഥികളെക്കുറിച്ചുള്ള കണക്കുകൂട്ടലും മോഹൻരാജിന് അനുകൂലഘടകമായി. സി.പി.എം, ബി.ജെ.പി സ്ഥാനാർഥികൾ ഒരേ വിഭാഗത്തിൽനിന്നുള്ളവരാകുമെന്ന നിഗമനവുമുണ്ടായി. ബി.ജെ.പി.യിൽനിന്ന് കെ. സുരേന്ദ്രൻ മത്സരിക്കാനാണ് സാധ്യത. ഡി.സി.സി. നേതൃത്വത്തിനും അധ്യക്ഷൻ ബാബു ജോർജിനുമെതിരേ തുറന്നടിച്ച് അടൂർ പ്രകാശും റോബിൻ പീറ്ററും രംഗത്തെത്തിയത് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. റോബിൻ പീറ്ററെയും അനുയായികളെയും ശനിയാഴ്ച രാത്രി തിരുവനന്തപുരത്ത് വിളിച്ചുവരുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസാരിച്ചു. നേതൃത്വത്തിന്റെ ഇടപെടലിലൂടെ ഒരുപരിധിവരെ മഞ്ഞുരുകി. അരൂരിൽ ഷാനിമോൾ ഉസ്മാൻ സ്ഥാനാർഥിത്വം നൽകിയതും വലിയ കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിലാണ്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ തോറ്റെങ്കിലും അരൂരിൽ മുന്നിലെത്തിയ ഷാനിമോൾക്ക് സ്ഥിതിഗതികൾ അനുകൂലമാകുമെന്നാണ് ചിന്ത. ഡി.സി.സി. പ്രസിഡന്റ് എം. ലിജുവിന്റെമേലും മത്സരിക്കാനുള്ള സമ്മർദമുണ്ടായിരുന്നു. എന്നാൽ, ഷാനിമോൾ മത്സരിക്കുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് ലിജുവും മുന്നോട്ടുവെച്ചത്. വട്ടിയൂർക്കാവിൽ എൻ. പീതാംബരക്കുറുപ്പിനെ ഒഴിവാക്കുന്നതിൽ കെ. മുരളീധരന് എതിർപ്പുണ്ടായിരുന്നെങ്കിലും മോഹൻകുമാറിനെ അദ്ദേഹം അംഗീകരിച്ചതോടെ എതിർശബ്ദം ഇല്ലാതായി. എറണാകുളത്ത് കെ.വി. തോമസ് സ്ഥാനാർഥിത്വത്തിനായി രംഗത്തുണ്ടായിരുന്നെങ്കിലും നേതൃത്വം അദ്ദേഹത്തെയും അനുനയിപ്പിച്ചു. തന്റെ ആവശ്യമില്ലെന്ന് ഡി.സി.സി. നേതൃത്വം പറഞ്ഞു കോന്നിയിൽ തന്റെ ആവശ്യമില്ലെന്ന് ഡി.സി.സി. അധ്യക്ഷൻ തന്നെ പ്രവർത്തകരോട് പറഞ്ഞിട്ടുണ്ട്. ഇക്കാര്യം എനിക്കറിയാം. ആറ്റിങ്ങലിലെ എം.പി.െയ കോന്നിയിൽ ആവശ്യമില്ലെന്നാണ് ഡി.സി.സി. നേതൃത്വത്തിന്റെ നിലപാട്. അതുകൊണ്ട് ഞാനും പ്രത്യേക താത്പര്യം എടുക്കുന്നില്ല. റോബിൻ പീറ്റർ വിജയിക്കാൻ കഴിയുന്ന സ്ഥാനാർഥിയാണെന്ന എന്റെ അഭിപ്രായമാണ് ചർച്ചകളിൽ നേതൃത്വത്തെ അറിയിച്ചത് -അടൂർ പ്രകാശ് എം.പി. പിന്നിൽ ഡി.സി.സി.യിലെ ഉപജാപകസംഘം തനിക്ക് ജനകീയ പിന്തുണയുള്ളതിനാലാണ് ഡി.സി.സി നേതാക്കൾ എനിക്കെതിരേ രംഗത്തുവന്നത്. ഡി.സി.സി.യിലെ പത്തിൽ താഴെ ആൾക്കാരടങ്ങുന്ന ഉപജാപകസംഘമാണ് ഇതിനുപിന്നിൽ. -റോബിൻ പീറ്റർ Content Highlights:Byelection 2019 Congress


from mathrubhumi.latestnews.rssfeed https://ift.tt/2nE4gKX
via IFTTT