Breaking

Sunday, September 29, 2019

മരട് ഫ്ളാറ്റ് നിർമാതാക്കളുടെ സ്വത്ത് കണ്ടുകെട്ടി

ന്യൂഡൽഹി: മരടിൽ തീരപരിപാലനനിയമം ലംഘിച്ച് പണിത ഫ്ളാറ്റ് സമുച്ചയങ്ങളുടെ നിർമാതാക്കളുടെ സ്വത്ത് സുപ്രീംകോടതി കണ്ടുകെട്ടി. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. പൊളിച്ചുനീക്കുന്ന ഫ്ളാറ്റ് ഉടമകൾക്കുള്ള നഷ്ടപരിഹാരം നിശ്ചയിക്കാൻ കേരള ഹൈക്കോടതി റിട്ട. ജഡ്ജി കെ. ബാലകൃഷ്ണൻ നായരുടെ അധ്യക്ഷതയിൽ സമിതിയെയും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് നിയോഗിച്ചു. ആൽഫ വെഞ്ച്വേഴ്സ് ഡയറക്ടർ പോൾ രാജ്, ഹോളി ഫെയ്ത്ത് ബിൽഡേഴ്സ് ആൻഡ് ഡെവലപ്പേഴ്സ് മാനേജിങ് ഡയറക്ടർ സാനി ഫ്രാൻസിസ്, ജെയ്ൻ ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻസ് മാനേജിങ് ഡയറക്ടർ സന്ദീപ് മാലിക്ക്, കെ.പി. വർക്കി ആൻഡ് ബിൽഡേഴ്സ് മാനേജിങ് ഡയറക്ടർ കെ.വി. ജോസ് എന്നിവരുടെ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളുമാണ് നടപടി നേരിട്ടത്. ഇവർക്ക് നോട്ടീസയക്കാൻ സുപ്രീംകോടതി രജിസ്ട്രിയോട് ബെഞ്ച് നിർദേശിച്ചു. ഫ്ളാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം നൽകാൻ മേൽനോട്ടം വഹിക്കുക, നിർമാതാക്കൾക്ക് ഫ്ളാറ്റ് ഉടമകൾ നൽകിയ യഥാർഥ തുക കണ്ടെത്തുക എന്നിവ നഷ്ടപരിഹാരസമിതിയുടെ ചുമതലയാണ്. ഫ്ളാറ്റ് ഉടമകളുടെ യഥാർഥ മുടക്കുമുതൽ കണ്ടെത്താനുള്ള പ്രക്രിയയിൽ ബിൽഡർമാരെയും പ്രമോട്ടർമാരെയും നിർമാണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും പങ്കാളികളാക്കണം. ബിൽഡർമാർ, പ്രമോട്ടർമാർ, നിർമാണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർക്കെതിരേ ഫ്ളാറ്റ് ഉടമകൾ കൈക്കൊണ്ടിട്ടുള്ള മറ്റു നിയമനടപടികളുമായി മുൻവിധിയില്ലാതെയാണ് ഈ ഉത്തരവ്. നടപടിയുടെ പുരോഗതി ഒക്ടോബർ 25-ന് അറിയിക്കണം. ഫ്ളാറ്റ് ഉടമകൾക്ക് നാലാഴ്ചയ്ക്കകം 25 ലക്ഷം രൂപ വീതം ഇടക്കാലനഷ്ടപരിഹാരം നൽകാൻ വെള്ളിയാഴ്ച സംസ്ഥാന സർക്കാരിനോട് കോടതി നിർദേശിച്ചിരുന്നു. ഈ പണം കെട്ടിടനിർമാതാക്കളിൽനിന്നും പ്രമോട്ടർമാരിൽനിന്നും നിർമാണത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽനിന്നുമായി ഈടാക്കാമെന്നും പറഞ്ഞിരുന്നു. കോടതി ഉത്തരവ് നടപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചതായി സംസ്ഥാന ചീഫ് സെക്രട്ടറി നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നുണ്ടെന്ന് സുപ്രീംകോടതി ശനിയാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. കോടതിക്ക് ഉറപ്പുനൽകിയ നടപടികൾ സ്വീകരിച്ചാൽ തുടർന്ന് കേസ് പരിഗണിക്കുമ്പോൾ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകേണ്ടതില്ല. അല്ലാത്തപക്ഷം അടുത്തതവണ കേസ് പരിഗണിക്കുമ്പോൾ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും ഉത്തരവിൽ പറയുന്നു. Content Highlights:Maradu flat issue


from mathrubhumi.latestnews.rssfeed https://ift.tt/2nyUXMq
via IFTTT