Breaking

Sunday, September 29, 2019

എൻ.സി.പി.യിൽ പുതിയ അധികാരകേന്ദ്രം; മന്ത്രിമാറ്റച്ചിന്തകൾ ചൂടുപിടിക്കുന്നു

കൊച്ചി: മാണി സി.കാപ്പന്റെ വിജയത്തോടെ എൻ.സി.പി.യിൽ ഒരു അധികാരകേന്ദ്രംകൂടി രൂപപ്പെട്ടു. ജയിച്ചാൽ മന്ത്രി എന്ന പ്രചാരണമാണ് കാപ്പനുവേണ്ടി പാലായിൽ നടത്തിയത്. ഈ പ്രചാരണത്തിന് സി.പി.എമ്മും പ്രോത്സാഹനം നൽകി. അങ്ങനെയൊരവസ്ഥ ഉണ്ടാകുമെന്ന് നേതാക്കൾ ആദ്യഘട്ടത്തിൽ പ്രതീക്ഷിച്ചിരുന്നതുമില്ല. വിജയം നേടിയതോടെ കാപ്പനെ പിന്തുണയ്ക്കുന്നവർ പാർട്ടിക്കുള്ളിൽ അഭിപ്രായ രൂപവത്കരണത്തിനുള്ള പണി തുടങ്ങി. അതേസമയം, കാപ്പൻ ഈ നീക്കങ്ങളെ നിഷേധിക്കുന്നുണ്ട് എൻ.സി.പി. സംസ്ഥാന അധ്യക്ഷൻ തോമസ് ചാണ്ടിയെ മന്ത്രിക്കസേരയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന് പാർട്ടിക്കുള്ളിൽ ചർച്ചകൾ നേരത്തെതന്നെ നടക്കുന്നുണ്ട്. ചാണ്ടിയുമായി ബന്ധപ്പെട്ട കേസുകളെല്ലാം തീർന്നെന്നും അദ്ദേഹത്തെ അധികാരസ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരണമെന്നുമാണ് ഇവർ ആവശ്യപ്പെടുന്നത്. എന്നാൽ ചാണ്ടിയുടെ കേസുകൾ തീർന്നിട്ടില്ലെന്ന് ശശീന്ദ്രൻ വിഭാഗം ആവർത്തിക്കുന്നു. പാർട്ടിയിൽ അഭ്യന്തരതർക്കം മുറുകുമ്പോഴാണ് അപ്രതീക്ഷിത വിജയവുമായി കാപ്പനും അധികാരത്തിന്റെ ഭാഗമായത്. ഇനി ഒന്നരവർഷം മാത്രമേ ഉള്ളൂവെന്നതിനാൽ കാര്യങ്ങൾ വെച്ചുനീട്ടാൻ കഴിയില്ലെന്ന് കാപ്പനൊപ്പമുള്ളവർ പറയുന്നു. ഒക്ടോബറിനുശേഷം ഇക്കാര്യം പാർട്ടിയിൽ ശക്തമായി ഉന്നയിക്കാനാണ് തീരുമാനം. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനുള്ള പാർട്ടി കേന്ദ്രകമ്മിറ്റിക്ക് ഇപ്പോൾ കേരളത്തിലെ കാര്യങ്ങൾ ശ്രദ്ധിക്കാനാകുന്നില്ല. പാലായിൽ വോട്ട് അഭ്യർഥിക്കാൻ ശരത് പവാറോ, പ്രഫുൽ പട്ടേലോ, സുപ്രിയ സുലെയോ എത്തിയില്ല. കേന്ദ്രനേതാക്കൾ ഉറപ്പുനൽകിയിട്ട് അവസാന നിമിഷം ഒഴിയുകയായിരുന്നു. മന്ത്രിമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് കേന്ദ്ര കമ്മിറ്റിയുടെ അനുമതി വേണം. ശരത് പവാറിനെക്കൊണ്ട് കാര്യംസാധിപ്പിക്കുന്നതിന് മുതിർന്ന നേതാവ് ടി.പി. പീതാംബരൻ മാസറ്ററെ കൂടെനിർത്തി നീങ്ങാനാണ് കാപ്പനെ പിന്തുണയ്ക്കുന്നവർ ആലോചിക്കുന്നത്. എ.കെ. ശശീന്ദ്രന്റെ സീറ്റ് ലക്ഷ്യമിട്ട്, തോമസ് ചാണ്ടിയുമായി ഒരു സംയുക്തനീക്കം നടത്താനുള്ള ആലോചനകളും അവർക്കുണ്ട്. എന്നാൽ, ശശീന്ദ്രൻ വിഭാഗം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കാപ്പനെതിരേ കോടതികളിൽ നിലനിൽക്കുന്ന കേസുകൾ അദ്ദേഹത്തിന് തിരിച്ചടിയാവുമെന്നാണ് കണക്കുകൂട്ടൽ. തിരഞ്ഞെടുപ്പിനിടെ സ്ഥാനാർഥിക്കെതിരേ പരാതികളുമായി ചിലർ രംഗത്തുവന്നിരുന്നു. അവർക്ക് പിന്നിൽ പാർട്ടിയിലെ ചില കേന്ദ്രങ്ങളാണെന്ന ആരോപണവും എൻ.സി.പി.യിലുണ്ട്. മന്ത്രിക്കസേരയിലേക്കുള്ള കാപ്പന്റെ നീക്കങ്ങൾ ചെറുക്കാൻ അവർതന്നെ ആളെ ഇറക്കിക്കളിക്കുമെന്ന് കുരുതുന്നവരുമുണ്ട്. Content highlights: Pressure politics in NCP after Pala byelection


from mathrubhumi.latestnews.rssfeed https://ift.tt/2nE45zh
via IFTTT