മുംബൈ: ബി.സി.സി.ഐ ഉപദേശക സമിതി അംഗങ്ങളായ മുൻ ഇന്ത്യൻ താരം കപിൽ ദേവ്, അൻഷുമാൻ ഗെയ്ക്വാദ്, ശാന്ത രംഗസ്വാമി എന്നിവർക്ക് ഭിന്നതാത്പര്യ ആരോപണത്തിൽ കാരണംകാണിക്കൽ നോട്ടീസ്. മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ അംഗം സഞ്ജീവ് ഗുപ്തയുടെ പരാതിയിൽ ബി.സി.സി.ഐ എത്തിക്സ് ഓഫീസർ ഡി.കെ ജെയ്നാണ് ഉപദേശക സമിതി അംഗങ്ങൾക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. ഇന്ത്യൻ പരിശീലകനെ നിയമിക്കാനുള്ള ചുമതല കപിൽ ദേവ് ഉൾപ്പെട്ട ഉപദേശക സമിതിക്കായിരുന്നു. രവി ശാസ്ത്രിയെ വീണ്ടും ടീം ഇന്ത്യയുടെ പരിശീലകനായി തിരഞ്ഞെടുത്തത് ഈ സമിതിയായിരുന്നു. ബി.സി.സി.ഐ ഭരണഘടനയനുസരിച്ച് ഒരംഗത്തിന് ഒരേസമയം ഒന്നിൽ കൂടുതൽ പദവികൾ വഹിക്കാനാവില്ല. എന്നാൽ ഉപദേശക സമിതി അംഗങ്ങൾ ഇത്തരത്തിൽ ഒന്നിൽ കൂടുതൽ പദവികൾ വഹിക്കുന്നുണ്ടെന്നാണ് സഞ്ജീവ് ഗുപ്ത ആരോപിക്കുന്നത്. ഇന്ത്യയ്ക്ക് ലോകകപ്പ് സമ്മാനിച്ച ക്യാപ്റ്റൻ കപിൽ ദേവ് ഉപദേശക സമിതി അംഗമാണെന്നതിനൊപ്പം ഇന്ത്യൻ ക്രിക്കറ്റേഴ്സ് അസോസിയേഷൻ അംഗവും കമന്റേറ്ററും ഒരു ഫ്ളഡ് ലൈറ്റ് കമ്പനിയുടെ ഉടമയുമാണെന്നും ഗുപ്ത പരാതിയിൽ പറയുന്നു. ഇതുപോലെ അൻഷുമാൻ ഗെയ്ക്വാദ് ബി.സി.സി.ഐ അഫിലിയേഷൻ കമ്മിറ്റിയിൽ അംഗമാണെന്നും അദ്ദേഹത്തിന് സ്വന്തമായി ക്രിക്കറ്റ് അക്കാദമിയുണ്ടെന്നുമാണ് ഗുപ്തയുടെ ആരോപണം. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനായിരുന്ന ശാന്ത രംഗസ്വാമിക്ക് ഉപദേശക സമിതിയിൽ അംഗമായിരിക്കുമ്പോൾ തന്നെ ഇന്ത്യൻ ക്രിക്കറ്റേഴ്സ് അസോസിയേഷനിലും അംഗത്വമുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. പരാതിയിൽ ഒക്ടോബർ പത്തിനു മുൻപ് വിശദീകരണം നൽകണമെന്നാവശ്യപ്പെട്ടാണ് ഡി.കെ ജെയ്ൻ ഇവർക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. നേരത്തെ ഭിന്നതാത്പര്യ വിഷയത്തിൽ സച്ചിൻ തെണ്ടുൽക്കർ, സൗരവ് ഗാംഗുലി, വി.വി.എസ് ലക്ഷ്മൺ, രാഹുൽ ദ്രാവിഡ് എന്നിവരോടും ബി.സി.സി.ഐ എത്തിക്സ് ഓഫീസർ വിശദീകരണം ചോദിച്ചിരുന്നു. Content Highlights:Kapil Dev led Cricket Advisory Committee served with conflict of interest notice
from mathrubhumi.latestnews.rssfeed https://ift.tt/2nCu1LE
via
IFTTT