പത്തനാപുരം : അമ്മയ്ക്കും അനുജനുമൊപ്പം ബസ് കാത്തുനിൽക്കുകയായിരുന്ന ഏഴുവയസ്സുകാരൻ ബസ് മാറിക്കയറിപ്പോയത് ബന്ധുക്കളെയും പോലീസിനെയും നാട്ടുകാരെയും വട്ടംകറക്കി. ഒരുമണിക്കൂറിനുശേഷം കിലോമീറ്ററുകൾക്കപ്പുറം കോന്നിയിൽനിന്ന് കുട്ടിയെ പോലീസ് കണ്ടെത്തി. പത്തനാപുരം പട്ടണത്തിൽ വെള്ളിയാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം. തട്ടാക്കുടി സ്വദേശിയായ വീട്ടമ്മ രണ്ടുകുട്ടികളുമൊത്ത് നാട്ടിലേക്കുള്ള ബസ് കാത്തുനിൽക്കുകയായിരുന്നു. വീട്ടമ്മ ഇളയകുട്ടിയെ ശ്രദ്ധിക്കുന്നതിനിടെ, സ്റ്റോപ്പിൽവന്നുനിന്ന ബസിൽ കുട്ടി കയറുകയായിരുന്നു. പത്തനംതിട്ട ഭാഗത്തേക്കുള്ള ഈ ബസ് പുറപ്പെട്ടശേഷമാണ് കുട്ടി സമീപത്ത് ഇല്ലെന്ന കാര്യം അമ്മ അറിയുന്നത്. നിലവിളിയോടെ തിരക്കിൽ കുട്ടിയെ തിരയുന്നത് കണ്ടപ്പോഴാണ് മറ്റുള്ളവർ വിവരം അറിയുന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് അഭ്യൂഹം ഉയർന്നതോടെ തടിച്ചുകൂടിയവർ കുട്ടിയുടെ ചിത്രംസഹിതം സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. പത്തനാപുരം പോലീസിലും അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് മറ്റു സ്റ്റേഷനുകളിലേക്ക് വിവരം കൈമാറി. അതുവഴി കടന്നുപോയ ബസുകളിൽ തിരച്ചിൽ തുടങ്ങി. കോന്നിയിൽ വച്ച് പോലീസ് പരിഭ്രാന്തനായ കുട്ടിയെ കണ്ടെത്തി പത്തനാപുരം പോലീസിനെ അറിയിച്ചു. സി.ഐ.യും പോലീസുകാരും അമ്മയെയും കൂട്ടി കോന്നിയിലെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുവന്നു. അമ്മയും ഒപ്പമുണ്ടെന്ന ധാരണയിലാണ് കുട്ടി ബസിൽ കയറിയത്. content highlights:Young boy found after being lost for one hour
from mathrubhumi.latestnews.rssfeed https://ift.tt/2nZpFyA
via
IFTTT