Breaking

Monday, September 30, 2019

15 മാസത്തിനിടെ വ്യത്യസ്‌ത അപകടങ്ങളിൽ നാല് സഹോദരങ്ങൾ മരിച്ചു, മൂന്നുപേർ മരിച്ചത് ഒരേസ്ഥലത്ത്

ഒല്ലൂർ: പതിനഞ്ചുമാസത്തിനിടെ ഒരു കുടുംബത്തിലെ നാല് സഹോദരങ്ങൾ അപകടങ്ങളിൽ മരിച്ചു. ഇതിൽ മൂന്നുപേർ ദേശീയപാതയിൽ മരത്താക്കരയ്ക്ക് സമീപം പുഴമ്പള്ളം ജങ്ഷനിലാണ് അപകടത്തിൽപ്പെട്ടത്. മറ്റൊരാളാകട്ടെ ഇവിടെനിന്ന് 300 മീറ്ററോളം മാറി മരത്താക്കരയിലും. പുഴമ്പള്ളം ജങ്ഷനിൽ ഒരുവർഷത്തിനിടെ അപകടങ്ങളിൽ മരിച്ചത് 15 പേരാണ്. ഒട്ടനവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. പുള്ളിൽവീട്ടിൽ പരേതരായ കുട്ടന്റെയും കല്യാണിയുടെയും അഞ്ച് മക്കളിൽ നാലുപേരാണ് മരിച്ചത്. മകൻ ഉണ്ണികൃഷ്ണൻ (46) ആണ് ശനിയാഴ്ച അർധരാത്രി അപകടത്തിൽ മരിച്ചത്. വീട്ടിലേക്ക് നടന്നുവരുമ്പോൾ പുഴമ്പള്ളം ജങ്ഷനിൽവെച്ച് ബൈക്കിടിച്ച ഉണ്ണികൃഷ്ണൻ തത്ക്ഷണം മരിച്ചു. ബൈക്ക് യാത്രികരായ രണ്ടുപേർക്ക് പരിക്കുണ്ട്. ഇവരിൽ ചങ്ങരംകുളം സ്വദേശി വിഷ്ണുവിന് സാരമായ പരിക്കുണ്ട്. ഇതേ ജങ്ഷനിലാണ് ജൂലായിൽ ഉണ്ണികൃഷ്ണന്റെ അനുജൻ ശ്രീനിവാസൻ (41) കാറിടിച്ചുമരിച്ചത്. ഇതിനു തൊട്ടുമുമ്പ് ഇവിടെ നടന്ന അപകടത്തിൽ ഉണ്ണികൃഷ്ണന്റെ മറ്റൊരു സഹോദരൻ ആനന്ദൻ (44) മരിച്ചു. രാത്രി നടന്നുവരുമ്പോഴാണ് ഇവരെല്ലാം അപകടത്തിൽപ്പെട്ടത്. ഇവരുടെ മൂത്തസഹോദരൻ സുധാകരൻ (48) മരിച്ചിട്ട് 15 മാസമേ ആയിട്ടുള്ളൂ. മരത്താക്കരയിൽവെച്ച് ബസിടിച്ചാണ് സുധാകരൻ മരിച്ചത്. തലോർ-മണ്ണുത്തി നാലുവരിപ്പാതയിലെ ഏറ്റവും അപകടകരമായ മേഖലയാണ് പുഴമ്പള്ളം ജങ്ഷൻ. കുഞ്ഞനംപാറ സിഗ്നൽ ജങ്ഷൻ കഴിഞ്ഞാൽ റോഡ് മുറിച്ച് മറുഭാഗത്തേക്ക് കടക്കുന്നതിനുള്ള സൗകര്യം ഇവിടെ മാത്രമാണുള്ളത്. പാഞ്ഞുവരുന്ന വാഹനങ്ങളുടെ വേഗം മനസ്സിലാക്കാതെ റോഡ് മുറിച്ചുകടക്കുന്നതാണ് അപകടങ്ങളുണ്ടാക്കുന്നത്. രാത്രിയാണ് അപകടങ്ങൾ കൂടുതൽ. content highlights:four siblings dies in various accident in 15 months


from mathrubhumi.latestnews.rssfeed https://ift.tt/2mW1qB1
via IFTTT