Breaking

Sunday, September 29, 2019

ഫ്ളാറ്റ് ഒഴിപ്പിക്കൽ ഇന്നുമുതൽ; പൊളിക്കാൻ നിയന്ത്രിത സ്‌ഫോടനം തന്നെ

കൊച്ചി: മരടിലെ വിവാദ ഫ്ളാറ്റുകളിലെ താമസക്കാരെ ഞായറാഴ്ച മുതൽ ഒഴിപ്പിച്ചുതുടങ്ങും. മൂന്നാം തീയതി വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. ഫ്ളാറ്റുകൾ പൊളിക്കാൻ നിയന്ത്രിത സ്ഫോടനം ഉപയോഗിക്കാൻ തീരുമാനമായി. യന്ത്രങ്ങൾ ഉപയോഗിച്ച് പൊളിക്കുന്നതിനാണ് മുൻഗണനയെന്ന് ഇതിന്റെ ചുമതല വഹിക്കുന്ന ഫോർട്ടുകൊച്ചി സബ് കളക്ടർ സ്നേഹിൽകുമാർ സിങ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാൽ, ഇത് ആറുമാസത്തോളമെടുക്കുമെന്നതിനാൽ നിയന്ത്രിത സ്ഫോടനത്തിന് തീരുമാനിക്കുകയായിരുന്നെന്ന് സബ് കളക്ടർ പറഞ്ഞു. ഒഴിഞ്ഞുപോകുന്നവർക്കായി എറണാകുളം നഗരത്തിൽ അഞ്ഞൂറോളം ഫ്ളാറ്റുകൾ ജില്ലാ ഭരണകൂടം കണ്ടെത്തിയിട്ടുണ്ട്. സാധനങ്ങൾ കൊണ്ടുപോകുന്ന പ്രൊഫഷണൽ ഏജൻസികളുമായി നിരക്ക് സംബന്ധിച്ച് ഉദ്യോഗസ്ഥർ ചർച്ച നടത്തുന്നുണ്ട്. മാറാൻ തയ്യാറാകുന്നവർക്ക് അതിനുള്ള സൗകര്യം നൽകും. വാടക താമസക്കാർതന്നെ നൽകേണ്ടിവരും. പരമാവധി വാടക കുറച്ചുകിട്ടുന്നതിന് റവന്യൂ ഉദ്യോഗസ്ഥർ ചർച്ച നടത്തും. നാല് ഫ്ലാറ്റുകളിലെ അഞ്ച് ടവറുകളിലായി 343 അപ്പാർട്ടുമെന്റുകളാണുള്ളത്. ഇവയിൽ വാടകക്കാർ ഉൾപ്പെടെ 198 പേരാണ് സ്ഥിരമായുള്ളത്. ബാക്കിയുള്ളതിന്റെ ഉടമസ്ഥർ വല്ലപ്പോഴും എത്തുന്നവരാണ്. ഞായറാഴ്ച രാവിലെ ഒമ്പതുമണിയോടെ ഉദ്യോഗസ്ഥർ ഒഴിപ്പിക്കൽ ദൗത്യവുമായി ഫ്ലാറ്റുകളിൽ എത്തും. ശത്രുക്കളായല്ല, കോടതി ഉത്തരവ് പാലിക്കാൻ നിർബന്ധിതരായ മിത്രങ്ങളായാണ് എത്തുകയെന്ന് സബ് കളക്ടർ പറഞ്ഞു. ബലപ്രയോഗം ഉദ്ദേശിക്കുന്നില്ല. എന്നാൽ, പോലീസ് സന്നാഹമുണ്ടാകും. ഫ്ളാറ്റുടമകളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉദ്യോഗസ്ഥർ ശേഖരിക്കും. ആദ്യഘട്ട നഷ്ടപരിഹാരമായ 25 ലക്ഷം രൂപ കൈമാറുന്നതിനുള്ള ആദ്യപടിയാണിത്.ഫ്ലാറ്റുകൾ പൊളിക്കാൻ ആറ് ഏജൻസികളെയാണ് ഷോർട്ട്ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഒമ്പതാം തീയതിക്കുമുമ്പ് ഏജൻസിയെ തീരുമാനിക്കും. അഞ്ചിടത്തും 11-ാം തീയതി ഒരുമിച്ച് പൊളിക്കൽ തുടങ്ങും. അടുത്ത ജനുവരി ഒമ്പത് വരെയുള്ള 90 ദിവസത്തിനുളളിൽ പൊളിച്ചുതീരും. ഓരോരുത്തരും ക്വോട്ട് ചെയ്ത തുക വെളിപ്പെടുത്താൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. ഒഴിഞ്ഞുപോകാനുള്ള അവസാനദിനമായ ഒക്ടോബർ മൂന്നുവരെ വൈദ്യുതിയും വെള്ളവും പുനഃസ്ഥാപിക്കും. സ്വയം ഒഴിയാൻ തയ്യാറായി ചിലർ മുന്നോട്ടുവന്നിട്ടുണ്ടെന്ന് സബ് കളക്ടർ പറഞ്ഞു. ഫ്ളാറ്റ് പൊളിക്കൽ സംബന്ധിച്ച് തെറ്റായ വീഡിയോകൾ പ്രചരിപ്പിക്കരുതെന്ന് അദ്ദേഹം അഭ്യർഥിച്ചു. ഇത്ര വലിയ അഞ്ച് കെട്ടിടങ്ങൾ ഒരുമിച്ച് പൊളിക്കുന്നത് ഇന്ത്യയിലാദ്യമാണെന്നും സ്നേഹിൽകുമാർ സിങ് വ്യക്തമാക്കി. ശനിയാഴ്ച കൊച്ചിയിലെത്തിയ ചീഫ് സെക്രട്ടറി ടോം ജോസ് ജില്ലാ കളക്ടർ എസ്. സുഹാസ്, പോലീസ് കമ്മിഷണർ വിജയ് സാഖറെ, സ്നേഹിൽകുമാർ സിങ് എന്നിവരുമായി ചർച്ച നടത്തി. Content highlights:Maradu Flats demolition


from mathrubhumi.latestnews.rssfeed https://ift.tt/2m1yS91
via IFTTT