Breaking

Monday, September 30, 2019

പിരിമുറുക്കത്തിനൊടുവില്‍ പടിയിറക്കം

കൊച്ചി: പിരിമുറുക്കം ഇരുപക്ഷത്തുമുണ്ടായിരുന്നു... ഫ്ളാറ്റുടമകൾ ഒരുവശത്ത്... മറുവശത്ത് ഇവരെ ഒഴിപ്പിക്കാൻ നിയോഗിക്കപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർ. പക്ഷേ, ഒരു പ്രതിഷേധസ്വരം പോലുമുയർത്താതെ ഫ്ളാറ്റുടമകൾ സ്വയം ഒഴിയാൻ തയ്യാറായതോടെ, ഞായറാഴ്ച മൂന്നുമണിയോടെ ആശങ്കകൾ ഒഴിവായി. മരടിലെ ഫ്ളാറ്റുടമകളെ ഒഴിപ്പിക്കുന്നത് അവരെ നേരിൽ ധരിപ്പിക്കാൻ ഇതിന്റെ ചുമതലയുള്ള സബ് കളക്ടർ സ്നേഹിൽകുമാർ സിങ് ഞായറാഴ്ച രാവിലെ 'ഹോളിഫെയ്ത്ത് എച്ച്.ടു.ഒ.'യിൽ എത്തുമെന്നായിരുന്നു കരുതിയിരുന്നത്. രാവിലെ ഒമ്പതുമുതൽ ഫ്ളാറ്റുടമകളുടെ നിരാഹാരം ഇവിടെ ആരംഭിക്കുകയും ചെയ്തു. മറ്റ് ഫ്ളാറ്റുകളിൽനിന്നുള്ളവരും ഇവിടേക്കെത്തി. സബ് കളക്ടർ വരുമ്പോൾ പ്രതിഷേധമുണ്ടാകുമെന്നു കരുതി വലിയ പോലീസ് സംഘവും പുറത്ത് നിലയുറപ്പിച്ചു. രാവിലെ എട്ടു മണിയോടെ ദേശീയ ചാനലുകളടക്കം വൻ മാധ്യമപ്പടയും നിരന്നു. രാവിലെതന്നെ സ്നേഹിൽകുമാറും സംഘവും നഗരസഭയിൽ ചർച്ചകളിലായിരുന്നു. ഹോളി ഫെയ്ത്തിലേക്ക് വരാതെ നഗരസഭാ ഉദ്യോഗസ്ഥർ മറ്റ് ഫ്ളാറ്റുകളിലേക്കാണ് പോയത്. അവിടെയുണ്ടായിരുന്ന അന്തേവാസികളെ ഒഴിഞ്ഞുപോകേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി. ഒമ്പതുമണി കഴിഞ്ഞപ്പോൾ ഹോളിഫെയ്ത്തിലെ താമസക്കാരനായ ജയകുമാർ വള്ളിക്കാവ് നിരാഹാര സമരം ആരംഭിച്ചു. 'മരട് ഭവന സംരക്ഷണ സമിതി' പ്രസിഡന്റ് അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളിയുടെ ചെറുപ്രസംഗം. എല്ലാവരും സബ് കളക്ടറുടെ വരവ് കാത്തിരിക്കുകയായിരുന്നു. ഇടയ്ക്ക് പോലീസ് വാഹനം വന്നപ്പോൾ അദ്ദേഹം വരികയാണെന്നു വിചാരിച്ച് മുദ്രാവാക്യം വിളി ഉച്ചത്തിലായി. പത്തേമുക്കാലോടെ സ്നേഹിൽകുമാർ കുണ്ടന്നൂർ പാലത്തിലെത്തി. ഇവിടെ വണ്ടി നിർത്തിയിറങ്ങിയ അദ്ദേഹം, അവിടെനിന്ന് ഫ്ളാറ്റിലെ സ്ഥിതിയും പാലത്തിൽനിന്നുള്ള ദൂരവും മറ്റും നോക്കിക്കണ്ട ശേഷം തിരികെപ്പോയി. ഇതിനിടെയാണ്, 12 മണിയോടെ ഗസ്റ്റ്ഹൗസിൽ ചർച്ചയ്ക്കെത്താൻ ജില്ലാ കളക്ടർ എസ്. സുഹാസ് നിർദേശിച്ചതായി സമിതി ഭാരവാഹികൾ അറിയിച്ചത്. 11.30-ഓടെ സംഘം പുറപ്പെട്ടു. അൽപ്പം കഴിഞ്ഞപ്പോഴേക്കും ക്രൈംബ്രാഞ്ച് മേധാവി എ.ഡി.ജി.പി. ടോമിൻ തച്ചങ്കരിയെത്തി. അനധികൃത ഫ്ളാറ്റ് നിർമാണം അന്വേഷിക്കുന്നത് ക്രൈം ബ്രാഞ്ചാണ്. ഗസ്റ്റ്ഹൗസിൽ നടന്ന ചർച്ചകളിലാണ് നിരാഹാര സമരം പിൻവലിക്കാൻ തീരുമാനമായത്. വലിയ ഉറപ്പുകളൊന്നും ലഭിച്ചില്ലെങ്കിലും ഫ്ളാറ്റുടമകൾക്ക് വേറെ മാർഗമൊന്നുമില്ലായിരുന്നു. ആളുകൾ സ്വയം ഒഴിഞ്ഞുപോകാൻ തുടങ്ങിയിരുന്നു. ഭാരവാഹികൾ നേരിട്ടെത്തി തീരുമാനം അറിയിച്ചതോടെ നിരാഹാരം അവസാനിപ്പിച്ചു. എട്ടും പത്തും വർഷം ഒരുമിച്ച് ജീവിച്ചവർ പിരിയുകയാണ്... അനിവാര്യമായ പടിയിറക്കം. അതിന്റെ വിഷമങ്ങൾ പങ്കുവെച്ച് ഓരോരുത്തരും അതത് ഫ്ളാറ്റുകളിലേക്ക് മടങ്ങി. content highlights:owners of maraduflats leaving


from mathrubhumi.latestnews.rssfeed https://ift.tt/2nHaF8k
via IFTTT