Breaking

Monday, September 30, 2019

ആർ.ബി.ഐ.യിൽനിന്ന് 30,000 കോടികൂടി സർക്കാർ എടുത്തേക്കും

ന്യൂഡൽഹി: ഈ സാമ്പത്തികവർഷം അവസാനത്തോടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ(ആർ.ബി.ഐ.)നിന്ന് 30,000 കോടി രൂപകൂടി ഇടക്കാല ലാഭവിഹിതമായി കേന്ദ്രസർക്കാർ എടുത്തേക്കുമെന്ന് റിപ്പോർട്ട്. നടപ്പുസാമ്പത്തിക വർഷത്തെ ധനക്കമ്മി മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.ഡി.പി.) 3.3 ശതമാനത്തിൽ കൂടാതിരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണിതെന്ന് ധനമന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. സാമ്പത്തികവളർച്ച അഞ്ചുശതമാനത്തിലേക്കു താഴ്ന്നതോടെ സർക്കാർ ഒട്ടേറെ നികുതിയിളവുകൾ പ്രഖ്യാപിച്ചിരുന്നു. വിപണിയിൽ ഉണർവുണ്ടാക്കാൻ 1.45 ലക്ഷം കോടിയുടെ കോർപ്പറേറ്റ് നികുതിയിളവാണ് സർക്കാർ ഇതിനകം പ്രഖ്യാപിച്ചിട്ടുള്ളത്. വിദേശ-ആഭ്യന്തര നിക്ഷേപം പ്രോത്സാഹിപ്പിക്കാനുള്ള ഇളവുകൾ വഴി 1400 കോടിയുടെ നികുതിനഷ്ടവും സർക്കാർ കണക്കുകൂട്ടുന്നുണ്ട്. ജി.എസ്.ടി. കൗൺസിൽ ഒട്ടേറെ ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും നികുതിയിളവ് വരുത്തിയതും വരുമാനം കുറയ്ക്കുമെന്നാണ് വിലയിരുത്തൽ. ഇത് ബജറ്റിൽ ലക്ഷ്യമിട്ടതിലും കൂടുതൽ ധനക്കമ്മിക്ക് ഇടയാക്കുമെന്ന സാഹചര്യത്തിലാണ് സർക്കാർ അധികവിഭവസമാഹരണത്തിന് ആർ.ബി.ഐ. വിഹിതത്തെ ആശ്രയിക്കാനൊരുങ്ങുന്നത്. 25,000 മുതൽ 30,000 കോടി രൂപവരെയാണ് സർക്കാർ ആവശ്യപ്പെടുന്നത്. ജനുവരിയിലായിരിക്കും ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കുക. സർക്കാരിന്റെ കൈവശമുള്ള ഓഹരികൾ വിറ്റും ദേശീയ ചെറുകിട സമ്പാദ്യ പദ്ധതി (എൻ.എസ്.എസ്.എഫ്.) വഴിയും പണം സ്വരൂപിക്കാനും നീക്കമുണ്ട്. എയർ ഇന്ത്യ ഉൾപ്പെടെയുള്ള പൊതുമേഖലാ കമ്പനികളുടെ സ്വകാര്യവത്കരണത്തിന് വേഗം കൂടുമെന്നാണ് സൂചനകൾ. 2017-18 സാമ്പത്തികവർഷം 10,000 കോടി രൂപയാണ് ആർ.ബി.ഐ. സർക്കാരിനു ലാഭവിഹിതമായി നൽകിയത്. 2018-19 കാലത്ത് അറ്റാദായമായ 12,13,414 കോടിയിൽനിന്ന് 28,000 കോടിയും ആർ.ബി.ഐ. നൽകി. കഴിഞ്ഞമാസമാണ് 1.76 ലക്ഷം കോടി രൂപ കരുതൽ ശേഖരത്തിൽനിന്ന് സർക്കാരിനു കൈമാറാൻ ഗവർണർ ശക്തികാന്ത് ദാസിന്റെ അധ്യക്ഷതയിൽ ചേർന്ന ആർ.ബി.ഐ. ബോർഡ് യോഗം തീരുമാനിച്ചത്. ബിമൽ ജലാൻ കമ്മിറ്റിയുടെ ശുപാർശപ്രകാരമായിരുന്നു ഇത്. നിലവിൽ ബജറ്റിൽ പറഞ്ഞിട്ടുള്ളതിലും കൂടുതൽ തുക സർക്കാർ ഈ സാമ്പത്തികവർഷം റിസർവ് ബാങ്കിൽനിന്നു കൈപ്പറ്റിക്കഴിഞ്ഞു. ബജറ്റ് നിർദേശം 90,000 കോടിയും കൈപ്പറ്റിയത് 95,414 കോടിയുമാണ്. Content Highlights:Centre government is likely to seek Rs 30,000 crore worth of interim dividend from the Reserve Bank


from mathrubhumi.latestnews.rssfeed https://ift.tt/2m9tXCZ
via IFTTT