കൊച്ചി: ഇരുപതാഴ്ച കഴിഞ്ഞ ഗർഭം അലസിപ്പിക്കാൻ ഹൈക്കോടതിയുടെ അനുമതി. കൃത്രിമ ബീജസങ്കലനത്തിലൂടെ (ഐ.വി.എഫ്.) ഗർഭിണിയായ യുവതിക്ക് അനിവാര്യ സാഹചര്യം കണക്കിലെടുത്താണ് കോടതി അനുമതി നൽകിയത്. കൊല്ലം കോട്ടയ്ക്കകം സ്വദേശിനിയാണ് ഈ ആവശ്യമുന്നയിച്ച് കോടതിയെ സമീപിച്ചത്. ഗർഭം 20 ആഴ്ച കഴിഞ്ഞാൽ അലസിപ്പിക്കൽ അനുവദനീയമല്ലെന്ന് നിയമത്തിൽ പറയുന്നുണ്ടെങ്കിലും അനിവാര്യഘട്ടങ്ങളിൽ ആവാമെന്ന സുപ്രീംകോടതി, ഹൈക്കോടതി ഉത്തരവുകൾ പരിഗണിച്ചാണ് കോടതിയുടെ നടപടി. 37-കാരിയുടെ ഗർഭസ്ഥശിശുവിന്റെ തല അസാധാരണമായി വളരുന്നതായി ഡോക്ടർമാർ കണ്ടെത്തി. ഇത് അമ്മയെയും കുഞ്ഞിനെയും ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി. ഗർഭം 20 ആഴ്ച പിന്നിട്ടതിനാൽ 1971-ലെ നിയമപ്രകാരം അലസിപ്പിക്കൽ സാധ്യമല്ലാതെവന്നു. തുടർന്നാണ് യുവതി കോടതിയെ സമീപിച്ചത്. ഗർഭം അലസിപ്പിക്കുന്നത് യുവതിയുടെ ജീവന് ഭീഷണിയാകുമെന്ന മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് സർക്കാർ നൽകിയിരുന്നെങ്കിലും ആവശ്യത്തിൽ യുവതി ഉറച്ചുനിന്നു. അപകടസാധ്യത സ്വയം നേരിടണമെന്ന നിർദേശത്തോടെയാണ് കോടതി അനുമതിനൽകിയത്. ഗർഭധാരണം നടന്നിട്ട് 21 ആഴ്ച കഴിഞ്ഞതേയുള്ളൂ എന്നതും കോടതി പരിഗണിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിനും ഗൈനക്കോളജി വിഭാഗത്തിനും തുടർനടപടികൾക്ക് അനുമതിനൽകി. Content Highlights:High Court clears abortion after 20 weeks
from mathrubhumi.latestnews.rssfeed https://ift.tt/2ngsXNv
via
IFTTT