Breaking

Sunday, September 29, 2019

റാനിറ്റിഡിൻ പിൻവലിച്ച് കമ്പനികൾ, സർക്കാർനടപടി പരിശോധയ്ക്കുശേഷം

കൊച്ച: ഉദരസംബന്ധമായ അസുഖങ്ങൾക്ക് വ്യാപകമായി ഉപയോഗിക്കുന്ന റാനിറ്റിഡിൻ മരുന്നുകളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർന്നതിനുപിന്നാലെ പ്രധാനകമ്പനികൾ മരുന്ന് പിൻവലിച്ചുതുടങ്ങി. അതേസമയം, കൊൽക്കത്തയിലെ ലാബിലെ പരിശോധന പൂർത്തിയായാലേ രാജ്യത്തെ നിരോധനത്തിന്റെ കാര്യത്തിൽ തീരുമാനമാകൂ. അൾസറിനും ആന്റിബയോട്ടിക്കുകൾ പോലുള്ള മരുന്നുകൾ കഴിക്കുമ്പോഴുണ്ടാകുന്ന ആമാശയപ്രശ്നങ്ങൾ മാറ്റുന്നതിനുമാണ് ഈ മരുന്ന് ഉപയോഗിക്കുന്നത്. ലോകാരോഗ്യസംഘടനയുടെ അവശ്യമരുന്നുകളിൽപ്പെടുന്ന ഇതിന്റെ 150-ലധികം ബ്രാൻഡുകൾ വിപണിയിലുണ്ട്. ഇന്ത്യയിൽ ഒരുവർഷം റാനിറ്റിഡിൻ മരുന്നുകളുടെ വിറ്റുവരവ് 650 കോടിയിലധികമാണ്. അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ) വകുപ്പാണ് അർബുദത്തിന് കാരണമാകുന്ന കാർസിനോജെൻ വസ്തുക്കളുടെ സാന്നിധ്യം ചില മരുന്നുകളിൽ കണ്ടെത്തിയത്. തുടർന്ന് പല യൂറോപ്യൻ രാജ്യങ്ങളിലും നിയന്ത്രണങ്ങളോ നിരോധനമോ നിലവിൽവന്നു. ഓരോനാട്ടിലും ഉപയോഗിക്കുന്ന മരുന്നുകളിൽ അപകടകരമായ വസ്തുക്കൾ അടങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് എഫ്.ഡി.എ. നിർദേശിച്ചിരുന്നു. ഇന്ത്യയിലും എല്ലാ നിർമാതാക്കളും ഇക്കാര്യത്തിൽ ശ്രദ്ധചെലുത്തണമെന്ന ഡ്രഗ്സ് കൺട്രോൾ ജനറലിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ഗ്ലാക്സോ അടക്കമുള്ള കമ്പനികൾ മരുന്ന് പിൻവലിച്ചു. വിപണിയിൽ ലഭ്യമായ എല്ലാ ബ്രാൻഡുകളുടെയും സാമ്പിളെടുത്ത് കൊൽക്കത്തയിലെ ലാബിലേക്കയക്കാനും നിർദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി കിട്ടിയ മരുന്നുകളുടെ പരിശോധന പുരോഗമിക്കുകയാണ്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാരാണ് നിരോധനമേർപ്പെടുത്തേണ്ടത്. കേരളത്തിലെ മൊത്തവിതരണക്കാരോട് മരുന്നിന്റെ വിതരണം താത്കാലികമായി മരവിപ്പിക്കാൻ അനൗദ്യോഗിക നിർദേശം നൽകിയിട്ടുണ്ട്. ഗൗരവതരം, ശ്രദ്ധിക്കണം നിത്യേനയെന്നോണം ശുപാർശ ചെയ്യുന്ന മരുന്നാണ്. കണ്ടെത്തൽ ഏറെ ഗൗരവമുള്ളതാണ്. വില കുറവുളളതിനാൽ ഏറെ ഉപയോഗിക്കപ്പെടുന്ന മരുന്ന് ശുപാർശ ചെയ്യുന്നതിൽനിന്ന് ഡോക്ടർമാർ മാറിനിൽക്കണം. പകരം ഉപയോഗിക്കാവുന്ന മരുന്നുകൾ ഏറെ ലഭ്യമാണ്. ഡോ. ബി.പത്മകുമാർ ആലപ്പുഴ മെഡിക്കൽകോളേജ് Content highlights:Pharmaceutical companies recalling ranitidine medicines


from mathrubhumi.latestnews.rssfeed https://ift.tt/2nEeXx5
via IFTTT