Breaking

Saturday, September 28, 2019

കാപ്പൻ കപ്പടിച്ചപ്പോൾ തട്ടകത്തിൽ തകർന്ന് കേരള കോൺഗ്രസ്

കോട്ടയം: അപ്രതീക്ഷിത കുതിപ്പിൽ മാണി സി. കാപ്പൻ കപ്പടിച്ചപ്പോൾ അരനൂറ്റാണ്ടിലേറെ കേരള കോൺഗ്രസ് കൈയടക്കിവെച്ചിരുന്ന മണ്ഡലം കൈവിട്ടു. കെ.എം. മാണിക്കും കേരളകോൺഗ്രസിനും എന്നും അനുകൂലമായിരുന്ന പാലായിലെ രാഷ്ട്രീയ കാലാവസ്ഥയിലെ മാറ്റം പാർട്ടിയെ വലിയ പ്രതിസന്ധിയിലേക്കാവും കൊണ്ടെത്തിക്കുക. യു.ഡി.എഫിന്റെ ആഭ്യന്തര രാഷ്ട്രീയത്തെയും കലുഷിതമാക്കും. ഉടമസ്ഥാവകാശ തർക്കം മാണി നയിച്ച കേരള കോൺഗ്രസ് ആരുടേതെന്നതിനെച്ചൊല്ലി പി.ജെ. ജോസഫിന്റെയും ജോസ് കെ. മാണിയുടെയും ഗ്രൂപ്പുകൾ തമ്മിലുള്ള ബലാബലത്തിന്റെ അങ്കത്തട്ട് കൂടിയായി തിരഞ്ഞെടുപ്പ് മാറി. അഞ്ചിടത്തെ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കേ ഇരു വിഭാഗത്തെയും അനുനയിപ്പിച്ചുകൊണ്ടുപോകാമെന്ന ധാരണയിലായിരുന്നു യു.ഡി.എഫ്. നേതൃത്വം. പാലായിൽ ജയം ഉറപ്പിച്ചിരുന്ന മുന്നണിനേതാക്കൾ അതിനു പ്രയാസമുണ്ടാകില്ലെന്നും കരുതി. എന്നാൽ, തിരിച്ചടി കാര്യങ്ങൾ തകിടം മറിക്കുകയാണ്. ജോസഫ് വിഭാഗത്തിന്റെ നിലപാടുകൾ ശക്തമായേക്കും. കേരള കോൺഗ്രസിലെ അന്തഃച്ഛിദ്രം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ മുന്നണിസ്ഥാനാർഥികൾക്കും ദോഷമാകുമെന്ന ചിന്തയും ശക്തമായി. പ്രത്യേകിച്ചും നാലിടത്ത് മത്സരിക്കുന്ന കോൺഗ്രസിനാണ് ഇക്കാര്യത്തിൽ കൂടുതൽ ആശങ്ക. കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും കെ. മുരളീധരനും ഇതിന്റെ സൂചന നൽകിക്കഴിഞ്ഞു. കേരള കോൺഗ്രസിലെ തരംതാണ തർക്കം വോട്ടർമാർ കണ്ടുമടുത്തതിന്റെ ഫലമാണ് തിരഞ്ഞെടുപ്പ് വിധിയെന്ന വിലയിരുത്തലിലാണ് മുന്നണിനേതൃത്വം. വിഭാഗീയതയിൽ മറിച്ചതും മരവിച്ചതും എത്ര വോട്ടുകളെന്ന കണക്കെടുപ്പും തുടങ്ങി. കേരള കോൺഗ്രസ് വോട്ടുകളും കാപ്പനു ലഭിച്ചതായാണ് വിലയിരുത്തൽ. തുടക്കംമുതൽ പാളി പാലായിലെ സ്ഥാനാർഥിനിർണയം യു.ഡി.എഫ്. ക്യാമ്പിനെ കുറച്ചൊന്നുമല്ല ആശങ്കയിലാക്കിയത്. കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുംവിധമായിരുന്നു രണ്ടില ചിഹ്നത്തിനായുള്ള പോരാട്ടവും നേതാക്കളുടെ തമ്മിലടിയും. ജോസഫ് വിഭാഗം സ്വന്തം സ്ഥാനാർഥിയെ മത്സരിപ്പിക്കാൻ തീരുമാനിച്ചതും പത്രികനൽകിയ ആളെ ഒടുവിൽ പിൻവലിപ്പിച്ചതും വോട്ടർമാരിലുണ്ടാക്കിയ മടുപ്പ് കുറച്ചൊന്നുമല്ല. കൺവെൻഷനെത്തിയ ജോസഫിനെ കൂവിവിളിക്കുന്നിടംവരെ ചേരിപ്പോരെത്തി. ജോസഫിനെ പാർട്ടി ആക്രമിക്കുന്നുവെന്ന നിഷ്പക്ഷ വിഭാഗത്തിന്റെ തോന്നലും വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. വോട്ടെടുപ്പുദിനത്തിലും ഒഴിയാതെ പോര് യു.ഡി.എഫ്. സ്ഥാനാർഥിക്കെതിരേ ആദ്യംമുതൽ കടുത്ത നിലപാട് സ്വീകരിച്ച ജോസഫ് വിഭാഗം വോട്ടെടുപ്പ് ദിനത്തിലും പ്രതികരണങ്ങളിലൂടെ അതൃപ്തി പ്രകടമാക്കി. ജോസഫ് പക്ഷത്തെ പ്രമുഖനേതാവും പാർട്ടി ജനറൽ സെക്രട്ടറിയുമായ ജോയി എബ്രഹാമും കോട്ടയം ജില്ലാപ്രസിഡന്റ് സജി മഞ്ഞക്കടമ്പനും പരസ്യ പ്രതികരണത്തിനും മുതിർന്നു. ഇതൊക്കെ കേരള കോൺഗ്രസിൽ ആരാണ് ബലവാനെന്ന നിലയിലേക്കുള്ള പോരാട്ടമായി. വിഴുപ്പലക്കൽ തുടങ്ങി ഉൾപ്പാർട്ടി തർക്കംമൂലം ശ്രദ്ധയാകർഷിച്ച തിരഞ്ഞെടുപ്പ് ഇപ്പോൾ അവസാനിക്കുന്നതും കേരള കോൺഗ്രസിലെ വാക്പോരോടെയാണ്. മുന്നണിക്കുള്ളിലും പുറത്തും പോര് രൂക്ഷമാക്കുന്നതിന്റെ സൂചനയായി വിഴുപ്പലക്കലും തുടങ്ങി. ഇരുകൂട്ടരെയും മുന്നണിയിൽ എത്രനാൾ ഒന്നിച്ചുകൊണ്ടുപോകാനാകുമെന്നത് വരുംദിവസങ്ങളിൽ പ്രധാന ചർച്ചയാവും. തിരഞ്ഞെടുപ്പ് പരാജയം കേരള കോൺഗ്രസിലെയും മുന്നണിയിലെയും രാഷ്ട്രീയ സമവാക്യങ്ങളിൽ മാറ്റമുണ്ടാക്കിയാലും അദ്ഭുതമില്ല. Content Highlights:Pala byelection result; Kerala Congress breaks to ground


from mathrubhumi.latestnews.rssfeed https://ift.tt/2mvbDUO
via IFTTT