ന്യൂഡൽഹി: മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന വിജയ താഹിൽരമാനിക്കെതിരെ സിബിഐ അന്വേഷണം. ഇവർക്കെതിരായ ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നിയമ നടപടിയെടുക്കാൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് സിബിഐക്ക് നിർദേശം നൽകി. നേരത്തെ, മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കി സ്ഥലംമാറ്റിയതിൽ പ്രതിഷേധിച്ച് വിജയ താഹിൽരമാനിരാജിവെച്ചിരുന്നു. അനധികൃത നടപടികളുടെ പേരിലുള്ള ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിജയയ്ക്കെതിരായ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ചെന്നൈയ്ക്ക്പുറത്ത് വിജയ 3.28 കോടി രൂപയ്ക്ക് രണ്ട് ഫ്ളാറ്റുകൾ വാങ്ങിയിരുന്നു. ഇതിൽ ഒന്നര കോടി രൂപ ബാങ്ക് ലോൺ ആയിരുന്നു. ബാക്കി തുകയുടെ സ്രോതസ്സ് സംബന്ധിച്ച വ്യക്തതവരുത്താൻ സാധിച്ചിട്ടില്ലെന്നാണ് ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. മദ്രാസ് ഹൈക്കോടതിയിൽ വിഗ്രഹമോഷണ കേസുമായി ബന്ധപ്പെട്ടുണ്ടായിരുന്ന പ്രത്യേക ബെഞ്ച് വിജയ പിരിച്ചുവിട്ടിരുന്നു. തമിഴ്നാട് മന്ത്രിസഭയിലെ ഒരു മുതിർന്ന അംഗത്തിനെതിരായ ഉത്തരവുകൾ ഈ ബെഞ്ചിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. ഈ നേതാവുമായുള്ള ബന്ധമാണ് യാതൊരു കാരണവും കാണിക്കാതെ ഈ ബെഞ്ച് പിരിച്ചുവിടുന്നതിന് പിന്നിലെന്നാണ് ഇവർക്കെതിരായ രണ്ടാമത്തെ ആരോപണം. വിജയ താഹിൽരമാനിയുടെ പേരിൽ ആറ് ബാങ്ക് അക്കൗണ്ടുകൾ ഉണ്ടായിരുന്നെന്നും ഇതിലെ ഇടപാടുകൾ സംബന്ധിച്ച് അന്വേഷണം വേണമെന്നും ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു. ഇന്റലിജൻസിന്റെ അഞ്ചു പേജുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമപരമായ നടപടികൾ സ്വീകരിക്കാനാണ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് സിബിഐക്ക് നിർദേശം നൽകിയിരിക്കുന്നത്. തന്നെ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി സ്ഥലംമാറ്റിയതിനു പിന്നിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടെന്ന് വിജയ ആരോപിച്ചിരുന്നു. സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് അവർ സുപ്രീം കോടതി കൊളീജിയത്തിന് കത്തയച്ചു. എന്നാൽ ഈ ആവശ്യം കൊളീജിയം നിരസിച്ചു. തുടർന്നാണായിരുന്നു വിജയ താഹിൽരമാനി രാജിവെച്ചത്. ബോംബെ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആയിരിക്കെ, ഗുജറാത്ത് കലാപകാലത്തെ ബിൽക്കിസ് ബാനു കൂട്ടബലാൽസംഗക്കേസിലെ പ്രതികളുടെ ശിക്ഷ ശരിവെച്ചത് ജസ്റ്റിസ് വിജയ താഹിൽരമാനി ആയിരുന്നു. Content Highlights:CJI asks CBI to take action against Justice V K Tahilramani
from mathrubhumi.latestnews.rssfeed https://ift.tt/2nK4m3Q
via
IFTTT