Breaking

Saturday, September 28, 2019

ഗാന്ധിജിക്കായി കോൺഗ്രസ്-ബി.ജെ.പി. പോര്

ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തിൽ അദ്ദേഹത്തിന്റെ യഥാർഥ പിന്തുടർച്ചക്കാർ തങ്ങളെന്നുറപ്പിക്കാനുള്ള ശ്രമവുമായി ബി.ജെ.പി. നേതൃത്വം. ഇല്ലാത്ത പാരമ്പര്യം ഉണ്ടാക്കാനായുള്ള ഗാന്ധിജിയുടെ ഘാതകരുടെ തന്ത്രമാണിതെന്ന് ആരോപിച്ചാണ് കോൺഗ്രസ് ഇതിനെ നേരിടുന്നത്. ഗാന്ധിയൻ ആദർശങ്ങൾ ജനങ്ങളിലെത്തിക്കാൻ ഒക്ടോബർ രണ്ടുമുതൽ രാജ്യവ്യാപകമായി പദയാത്രകൾ നടത്താനാണ് ബി.ജെ.പി.യുടെയും കോൺഗ്രസിന്റെയും തീരുമാനം. ഗാന്ധിജിയുടെ ജന്മവാർഷികം അദ്ദേഹത്തെ തങ്ങളുടേതാക്കാനുള്ള സുവർണാവസരമായി ഉപയോഗപ്പെടുത്തണമെന്ന് ബി.ജെ.പി. വർക്കിങ് പ്രസിഡന്റ് ജെ.പി. നഡ്ഡ പാർട്ടിനേതാക്കൾക്കയച്ച കത്തിൽ നിർദേശിച്ചു. ഗാന്ധിയൻ ആശയങ്ങളുടെ യഥാർഥ പിന്തുടർച്ചക്കാരാണെന്ന് ഉറപ്പിക്കാനുള്ള സന്ദർഭവുമാണിതെന്ന് കത്തിൽ പറയുന്നു. മതേതര ചിന്താഗതിക്കാരെക്കൂടി പാട്ടിലാക്കാനും പാരമ്പര്യം ഉണ്ടാക്കാനുമുള്ള രാഷ്ട്രപിതാവിന്റെ ഘാതകരുടെ തട്ടിപ്പാണിതെന്ന് കോൺഗ്രസ് നേതൃത്വം കുറ്റപ്പെടുത്തി. “ഗോഡ്സെയ്ക്ക് അമ്പലം ഉണ്ടാക്കുന്നവരെങ്ങനെയാണു ഗാന്ധിജിയുടെ യഥാർഥ അവകാശികളാവുക. ഗാന്ധിയൻ ആദർശങ്ങൾ ജനങ്ങളിലെത്തിക്കുന്ന പരിപാടികളുമായി കോൺഗ്രസ് മുന്നോട്ടുപോകും” -സംഘടനാ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. രാഷ്ട്രപിതാവിന്റെ ആശയങ്ങളുടെ കടുത്ത അനുയായിയാണ് താനെന്ന പ്രതിച്ഛായ ഉണ്ടാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദി നിരന്തരം ശ്രമിച്ചുവരുകയാണ്. എന്നാൽ, ഗോഡ്സെ രാജ്യസ്നേഹിയാണെന്ന ഭോപാലിൽനിന്നുള്ള ബി.ജെ.പി. എം.പി. പ്രജ്ഞാ സിങ്ങിന്റെ പ്രസ്താവനയും മറ്റും ബി.ജെ.പി.ക്കു മോശം പ്രതിച്ഛായ സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോഴത്തെ നീക്കം. ഖാദിവസ്ത്രങ്ങൾ ധരിച്ച് 15 ദിവസം ഗ്രാമ-നഗര ഭേദമില്ലാതെ ഗാന്ധി സങ്കല്പയാത്ര നടത്താനാണ് കീഴ്ഘടകങ്ങൾക്കു ദേശീയനേതൃത്വം നിർദേശം നൽകിയിരിക്കുന്നത്. ബി.ജെ.പി.യുടെ ശ്രമം വിജയിക്കില്ലെന്ന് വേണുഗോപാൽ അഭിപ്രായപ്പെട്ടു. “ഗാന്ധിയൻ ആദർശങ്ങളെ കൊല്ലുക എന്നതാണ് ബി.ജെ.പി.യുടെ പ്രത്യയശാസ്ത്രം. ഓരോ ദിവസവും അവർ സ്വന്തം പ്രവൃത്തിയിലൂടെ ഗാന്ധിജിയെ ഇല്ലാതാക്കുകയാണ്” -അദ്ദേഹം കുറ്റപ്പെടുത്തി. ഒക്ടോബർ രണ്ടിന് സോണിയാഗാന്ധി ഡൽഹിയിലും പ്രിയങ്കാഗാന്ധി യു.പി.യിലെ ഷാജഹാൻപുരിലും ഗാന്ധിയൻ പദയാത്രയ്ക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹമറിയിച്ചു. content highlights:BJP set to launch a padyatra to mark 150th birth anniversary of Mahatma Gandhi


from mathrubhumi.latestnews.rssfeed https://ift.tt/2o0aIfH
via IFTTT