ബെംഗളൂരു: തീവണ്ടിപ്പാളത്തിൽ 'ടിക്ടോക്' വീഡിയോ ചിത്രീകരിക്കുന്നതിടെ തീവണ്ടിതട്ടി രണ്ടുപേർ മരിച്ചു. ബെംഗളൂരു ഹെഗ്ഡെ നഗർ സ്വദേശികളായ അബ്സാദ് (19), മുഹമ്മദ് മട്ടി (22) എന്നിവരാണ് മരിച്ചത്. സുഹൃത്തായ സലീബുള്ള (22) യെ ഗുരുതരപരിക്കുകളോടെ തൊട്ടടുത്ത സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ടോടെ ഹെഗ്ഡെ നഗർ റെയിൽവേ ഗേറ്റിനു സമീപത്താണ് സംഭവം. മൂന്നുപേരും ചേർന്നു തീവണ്ടിപ്പാളത്തിലൂടെ നടന്ന് 'ടിക്ടോക്' വീഡിയോ ചിത്രീകരിക്കുകയായിരുന്നു. പിന്നിൽവരുകയായിരുന്ന കോലാർ -ചിക്കബെല്ലാപൂർ-ബെംഗളൂരു എക്സ്പ്രസ് അടുത്തെത്തുന്നതിനുമുമ്പ് പാളത്തിൽനിന്നു മാറാനായിരുന്നു ഇവരുടെ പദ്ധതി. എന്നാൽ, ഓടിമാറുന്നതിനുമുമ്പ് തീവണ്ടി മൂവരെയും ഇടിച്ചുതെറിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ അബ്സാദ് തൊട്ടടുത്ത വൈദ്യുതിത്തൂണിൽ ഇടിച്ച് പത്തടി അകലേക്ക് തെറിച്ചുപോയി. മുഹമ്മദ് മട്ടിയുടെ മൃതദേഹവും മീറ്ററുകൾക്കപ്പുറത്തുനിന്നാണ് കണ്ടെത്തിയത്. തൊട്ടടുത്ത കുറ്റിക്കാട്ടിനുള്ളിലേക്ക് തെറിച്ചുവീണ സലീബുള്ളയ്ക്ക് തലയ്ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ജൂലായിൽ 'ടിക്ടോക്' വീഡിയോ ചിത്രീകരിക്കുന്നതിനിടെ കർണാടക തുമകൂരു സ്വദേശിയായ 19-കാരൻ മരിച്ചിരുന്നു. നട്ടെല്ലിനു പരിക്കേറ്റു ദിവസങ്ങളോളം ആശുപത്രിയിൽ കിടന്നശേഷമായിരുന്നു മരണം. ജൂണിൽ മാണ്ഡ്യയിൽ 'ടിക്ടോക്കി'ലെ പാട്ടിനൊത്ത് നൃത്തംചെയ്യവേ കോളേജ് വിദ്യാർഥിനി കുളത്തിൽവീണുമരിച്ചു. തുടർന്ന് വിവിധ കോണുകളിൽനിന്ന് ടിക്ടോക് 'ആപ്പ്' നിരോധിക്കണമെന്ന് ആവശ്യമുയർന്നിരുന്നു. Content Highlights:Two killed by train while recordinf TikTok video
from mathrubhumi.latestnews.rssfeed https://ift.tt/2m3kU6w
via
IFTTT