കൊച്ചി: ആഗോളതാപനം ഇക്കണക്കിനുപോയാൽ കേരളത്തിലുൾപ്പെടെ തീരദേശത്തുള്ളവരുടെ ജീവിതം വഴിമുട്ടും. അന്തരീക്ഷത്തിലെ ചൂട് നിയന്ത്രിച്ചില്ലെങ്കിൽ 2100 ആകുമ്പോഴേക്ക് സമുദ്രനിരപ്പ് 1.1 മീറ്റർ വരെ ഉയർന്നേക്കാമെന്ന് 'ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചെയ്ഞ്ച്'(ഐ.പി.സി.സി.) പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുപഠിക്കുന്ന അന്താരാഷ്ട്രസംഘടനയാണിത്. വർഷം രണ്ടുമില്ലീമീറ്റർെവച്ച് സമുദ്രനിരപ്പ് ഉയരുന്ന കേരളതീരത്തെ സംബന്ധിച്ച് ആശങ്കാജനകമാണ് ഈ റിപ്പോർട്ട്. ചൂട് പുറന്തള്ളുന്നത് നിയന്ത്രിക്കാൻ രാജ്യങ്ങൾക്കായാൽ 1.1 മീറ്റർ എന്നത്, 30 മുതൽ 60 വരെ സെന്റിമീറ്ററായി കുറയ്ക്കാനാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. സമുദ്രനിരപ്പിൽനിന്ന് അല്പംമാത്രം ഉയർന്നുനിൽക്കുന്ന തീരനഗരങ്ങളിൽ കഴിയുന്ന 680 ദശലക്ഷംപേരെ ഇത് ബാധിക്കും. കേരളത്തിൽ ഇത്തരത്തിലുള്ള നഗരങ്ങൾ ധാരാളം. ഹരിതഗൃഹവാതകങ്ങളുടെ സാന്നിധ്യംകാരണം അന്തരീക്ഷത്തിലെ ചൂടുകൂടുന്നതിനാൽ ഭൂമിയിലെ മഞ്ഞുപാളികൾ ഉരുകുകയാണ്. അതിന്റെ അളവും വേഗവും കൂടിവരുന്നുമുണ്ട്. സമുദ്രനിരപ്പുയരുന്നതിന്റെ കാരണം ഇതാണ്. ഒാരോ വർഷവും ചൂടേറിവരുന്നു. അതനുസരിച്ച് സമുദ്രനിരപ്പും ഉയരുന്നു. അത് കടലാക്രമണം കൂടാനും കാരണമാകുന്നു. 1995-നുശേഷം അറബിക്കടലിൽ ചൂടുകൂടിയിട്ടുള്ളതായി തെളിഞ്ഞിട്ടുണ്ട്. സമുദ്രത്തിലുണ്ടാകുന്ന ഈ മാറ്റം നിമിത്തം ചില ദ്വീപുകളിൽ മനുഷ്യർക്ക് ജീവിക്കാൻ കഴിയാത്ത അവസ്ഥവരുമെന്ന് ഐ.പി.സി.സി. മുന്നറിയിപ്പ് നൽകുന്നു. ഇതൊരു യാഥാർഥ്യംതന്നെ ആഗോളതാപനം ഈ നിലയ്ക്കുപോയാൽ ഉറപ്പായും സമുദ്രനിരപ്പുയരും. കാലാവസ്ഥാവ്യതിയാനം സംഭവിച്ചുകഴിഞ്ഞു. അതിൽനിന്നൊരു തിരിച്ചുപോക്ക് ഇനി അസാധ്യവുമാണ്. ലോകത്തിന്റെ പലഭാഗത്തും പലതരത്തിലാണ് സമുദ്രതീരം. െകാച്ചിയിൽ വൈപ്പിനൊക്കെ സമുദ്രനിരപ്പിലാണ്. ലക്ഷദ്വീപിൽ പ്രശ്നമാണ്. നെതർലൻഡ്സ് ഒക്കെ ഇതുതടയാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. നമ്മുടെ ഭാവി ഭീഷണിയിൽത്തന്നെയാണ്. പേടിപ്പിപ്പിക്കാൻ പറയുന്നതല്ല, ഇതൊരു യാഥാർഥ്യമാണ്. -ഡോ. പി.കെ. ദിനേശ് കുമാർ, ചീഫ് സയന്റിസ്റ്റ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒാഷ്യനോഗ്രഫി Content Highlights:By 2100, sea level will rise to 1.1 meters
from mathrubhumi.latestnews.rssfeed https://ift.tt/2lYIZeO
via
IFTTT