തിരുവനന്തപുരം: മരടിലെ ഫ്ളാറ്റ് നിർമാതാക്കൾക്കെതിരെ ക്രിമിനൽ കേസെടുക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഫ്ളാറ്റ് ഉടമകൾക്കുള്ള നഷ്ടപരിഹാരം നിർമാതാക്കളിൽനിന്ന് ഈടാക്കി സർക്കാരിന്റെ നേതൃത്വത്തിൽ പുനരധിവാസം നടപ്പാക്കാനും ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്തു. മരട് ഫ്ളാറ്റ് വിഷയം പ്രധാന അജണ്ടയായിരുന്ന യോഗത്തിൽ ചീഫ് സെക്രട്ടറി ടോം ജോസ് കോടതി നടപടിക്രമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞദിവസം സുപ്രീംകോടതിയിൽ നടന്ന ഓരോകാര്യങ്ങളും അദ്ദേഹം മന്ത്രിസഭാ യോഗത്തിൽ വിശദീകരിച്ചു. മൂന്നുമാസത്തിനകം ഫ്ളാറ്റുകൾ പൊളിച്ചുനീക്കാനുള്ള കർമ്മപദ്ധതിയും ചീഫ് സെക്രട്ടറി മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിച്ചു. ഫ്ളാറ്റുകൾ പൊളിക്കാനുള്ള വിധി പൂർണമായി നടപ്പാക്കാൻ സംസ്ഥാന സർക്കാരിന് താത്പര്യക്കുറവുണ്ടെന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. എന്നാൽ സർക്കാർ നടപടികൾ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നെങ്കിലും അതിന് കോടതി വേണ്ടത്ര പരിഗണന നൽകിയില്ലെന്നായിരുന്നു സർക്കാരിന്റെ വാദം. കഴിഞ്ഞദിവസം മരട് കേസ് പരിഗണിക്കുന്നതിനിടെ ചീഫ് സെക്രട്ടറിയെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഫ്ളാറ്റുകൾ പൊളിക്കാൻ എത്രദിവസം വേണ്ടിവരുമെന്ന് വ്യക്തമാക്കി വെള്ളിയാഴ്ച വിശദമായ റിപ്പോർട്ട് നൽകാനും കോടതി ആവശ്യപ്പെട്ടിരുന്നു. Content Highlights:maradu flat issue; cabinet meeting decides to book case against builders
from mathrubhumi.latestnews.rssfeed https://ift.tt/2lzaWJF
via
IFTTT