കൊച്ചി : ബി.ജെ.പി.യിലെ മുതിർന്ന നേതാക്കൾക്ക് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള മടിക്ക് പ്രധാനകാരണം, സാമ്പത്തികം. പൊതുതിരഞ്ഞെടുപ്പിനുള്ള പരിഗണനയൊന്നും ഉപതിരഞ്ഞെടുപ്പിൽ കിട്ടില്ലെന്നതാണ് നേതാക്കളെ ആശങ്കയിലാക്കുന്നത്. മത്സരിക്കണമെന്ന് താത്പര്യമുള്ള നേതാക്കളുണ്ടെങ്കിലും പണംകണ്ടെത്താൻ വിഷമിക്കുമെന്നതിനാൽ പലരും ആ വഴിക്ക് പോയിട്ടില്ല കേന്ദ്രത്തിൽനിന്ന് കാര്യമായ സഹായമൊന്നും കിട്ടാൻസാധ്യതയില്ല. കൂടിയാൽ പതിനഞ്ചുലക്ഷം രൂപവരെ. ഹരിയാണയിലും മഹാരാഷ്ട്രയിലും പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ അതുതന്നെ കിട്ടുമെന്ന് ഉറപ്പില്ല. തിരഞ്ഞെടുപ്പ് ചെലവ് ഏതാണ്ട് ഒരു കോടിക്കടുത്തുവരും. ശേഷിക്കുന്ന പണം ഉണ്ടാക്കേണ്ട ബാധ്യതയും തലയിൽ വീഴും. മത്സരം കഴിഞ്ഞ് ക്ഷീണംമാറുമ്പോഴേക്കും, ഒന്നരവർഷം കഴിയുമ്പോൾ പൊതുതിരഞ്ഞെടുപ്പിനുള്ള സമയമാവും. ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്നാൽ പിന്നെ വരുന്ന പൊതുതിരഞ്ഞെടുപ്പിൽ സീറ്റ് തരപ്പെടുത്താനും അപ്പോൾ തിരഞ്ഞെടുപ്പിന് പണംകണ്ടെത്താനും വിഷമമാവും. മഞ്ചേശ്വരത്ത് 89 വോട്ടിനുമാത്രം തോറ്റ കെ. സുരേന്ദ്രൻ അവിടെ മത്സരിക്കാനില്ലെന്ന് ഉറപ്പിച്ചുപറഞ്ഞിരിക്കുകയാണ്. അവിടെ ഏതെങ്കിലുംവിധത്തിൽ പിന്നോട്ടുപോയാൽ അത് പേരുദോഷമാകും. കോന്നിയിലും വട്ടിയൂർക്കാവിലും പാർട്ടി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. എന്നാൽ അവിടെയെല്ലാം പിന്നിലേക്ക് പോയാൽ അത് രാഷ്ട്രീയഭാവിയെതന്നെ ബാധിച്ചേക്കുമെന്ന ആശങ്കയുള്ളതിനാലാണ് മുതിർന്ന നേതാക്കൾ വിമുഖത കാട്ടുന്നതെന്നാണ് ബി.ജെ.പി.ക്കുള്ളിലെ സംസാരം. content highlights:kerala byelection 2019 bjp
from mathrubhumi.latestnews.rssfeed https://ift.tt/2lyko06
via
IFTTT