സിങ്കപ്പൂർ: അന്താരാഷ്ട്ര ക്രിക്കറ്റിലേയ്ക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുന്ന സിങ്കപ്പൂരിന് ചരിത്രവിജയം. ഒരു ഐ.സി.സി. ഫുൾ മെമ്പർ രാജ്യത്തിനെതിരേ അവർ കന്നി വിജയം സ്വന്തമാക്കിയിരിക്കുകയാണ്. ത്രിരാഷ്ട്ര ട്വന്റി 20 പരമ്പരയിൽ സിംബാബ്വെയെ നാലു റണ്ണിനാണ് അവർ തോൽപിച്ചത്. ലോക ട്വന്റി 20 റാങ്കിങ്ങിൽ പതിനൊന്നാം സ്ഥാനക്കാരാണ് സിംബാബ്വെ. നേപ്പാളാണ് പരമ്പരയിലെ മൂന്നാമത്തെ ടീം. കഴിഞ്ഞ ദിവസം നേപ്പാളിനോടേറ്റ തോൽവിയിൽ നിന്നുള്ള വൻ തിരിച്ചുവരവു കൂടിയായിസിങ്കപ്പൂരിന് ഈ വിജയം. ആദ്യം ബാറ്റ് ചെയ്ത സിങ്കപ്പൂർ പതിനെട്ട് ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 181 റൺസാണ് നേടിയത്. 41 റൺസ് വീതം നേടിയ മൻപ്രീത് സിങ്ങും ടിം ഡേവിഡുമായിരുന്നു ടോപ് സ്കോറർമാർ. ഓപ്പണർ രോഹൻ രംഗരാജൻ 39 ഉം സുരേന്ദ്രൻ ചന്ദ്രമോഹൻ 23 ഉം റൺസെടുത്തു. മറ്റുള്ളവർക്കൊന്നും കാര്യമായ സംഭാവന നൽകാനായില്ല. സിംബാബ്വെയ്ക്കുവേണ്ടി റയാൻ ബേൾ മൂന്നും റിച്ചാർഡ് എൻഗ്രാവ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. മറുപടിയായി ബാറ്റ് ചെയ്ത സിംബാബ്വെയ്ക്ക് 18 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 177 റൺസ് മാത്രമാണ് നേടായത്. 35 പന്തിൽ നിന്ന് 66 റൺസെടുത്ത ക്യാപ്റ്റൻ ഷോൺ വില്ല്യംസാണ് ടോപ് സ്കോറർ. ഒരുവേള മൂന്നിന് 104 റൺസ് എന്ന നിലയിൽ ജയം ഉറപ്പിച്ചിരുന്ന സിംബാബ്വെ വില്ല്യംസൺ വീണതോടെയാണ് മൂക്കുകുത്തിയത്. ഓപ്പണർ റഗസ് ചകാബ്വ 48 ഉം ടിനോടെൻഡ മുതോംബോഡ്സി 32 ഉം റൺസെടുത്തു. സിങ്കപ്പൂരിനുവേണ്ടി അംജദ് മഹബൂബും ജനക് പ്രകാശും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആകെ ആറു മത്സരങ്ങളുള്ള ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തിൽ സിംബാബ്വെ നേപ്പാളിനെ അഞ്ച് വിക്കറ്റിന് തോൽപിച്ചിരുന്നു. രണ്ടാം മത്സരത്തിൽ നേപ്പാൾ സിങ്കപ്പൂരിനെ ഒൻപത് വിക്കറ്റിന് തകർത്തു. നേപ്പാളും സിംബാബ്വെയും തമ്മിലാണ് അടുത്ത മത്സരം. Content Highlights:Singapore, T20 series, Zimbabwe, Nepal
from mathrubhumi.latestnews.rssfeed https://ift.tt/2mJ2LeF
via
IFTTT