മലപ്പുറം: ധാർമിക സേവന സാന്ത്വന രംഗത്ത് പരിശീലനം ലഭിച്ച സന്നദ്ധ പ്രവർത്തകരെ സമർപ്പിക്കുന്നതിന്റെ ഭാഗമായി എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ടീം ഒലീവ് സംഗമം സംഘാടന മികവ് കൊണ്ടും ആസൂത്രണം കൊണ്ടും മികവുറ്റതായി. പതിനൊന്ന് സോണുകളിലെ എഴുപത്തിയഞ്ച് സർക്കിളുകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട ഒലീവ് അംഗങ്ങൾക്ക് പ്രത്യേക ഇരിപ്പിടങ്ങൾ തയ്യാറാക്കിയതും ശ്രദ്ധേയമായി. വിശാലമായ പന്തലിൽ സ്‌ക്രീൻ സംവിധാനങ്ങളടക്കമുള്ള സൗകര്യങ്ങളൊരുക്കിയിരുന്നു. കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരിയുടെ ടീം ഒലീവ് ലോഞ്ചിംഗിന് ശേഷം ടീം സോങ്ങിന്റെ അകമ്പടിയോടെ ഓരോ സോണും പ്രത്യേകം എഴുന്നേറ്റ് നിന്ന് വ്യത്യസ്ത മുദ്രാവാക്യങ്ങൾ മുഴക്കിയാണ് സമർപ്പണ പ്രഖ്യാപനത്തെ വരവേറ്റത്. ഓരോ സോണുകളിലെയും വൈജ്ഞാനിക സാംസ്‌കാരിക നായകരെ സ്മരിച്ചും നവോത്ഥാന പ്രവർത്തനങ്ങൾ ഓർമപ്പെടുത്തിയും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി മുൻഗാമികൾ നടത്തിയ പടയോട്ട കഥകൾ അയവിറക്കിയുമായിരുന്നു ചടങ്ങ്.
ആദ്യമൂഴം എടക്കരയുടേതായിരുന്നു. പ്രകൃതി ക്ഷോഭം നൽകിയ ശക്തമായ ആഘാതങ്ങളിലും പതറാതെ തളരാത്ത മനസ്സുമായി കവളപ്പാറയും പാതാറും വരച്ചിട്ട ഭീകരതകൾക്ക് മുമ്പിലും നാടിന്റെ പുനർ നിർമിതിക്കായി സർവവും സമർപ്പിച്ച് നേടിയ കരുത്തുമായാണ് എടക്കര സോൺ എഴുന്നേറ്റ് നിന്നത്. സമസ്ത മുശാവറ അംഗമായിരുന്ന വി എൻ വീരാൻ കുട്ടി മുസ്്‌ലിയാരും പാണ്ഡിത്യത്തിന്റെ നിറകുടമായിരുന്ന കെ സി ജമാലുദ്ധീൻ മുസ്്‌ലിയാരും ഏൽപ്പിച്ച ആദർശ വിപ്ലവത്തിന്റെ മൂവർണ പതാക വാനിലേക്കുയർത്തിയാണ് സമർപ്പണത്തിൽ പങ്കാളികളായത്.
ആദർശ പ്രസ്ഥാനത്തിന്റെ സമര പഥത്തിൽ സുവർണ ലിപികളാൽ എഴുതപ്പെട്ട പാലപ്പറ്റ പള്ളിയുടെ ഓർമകളുമായാണ് നിലമ്പൂർ ടീം ഒലീവ് എത്തിയത്. പ്രാസ്ഥാനിക രംഗത്തെ സൂര്യ തേജസ്സായിരുന്ന വാണിയമ്പലം അബ്ദുറഹ്്മാൻ മുസ്്‌ലിയാരും സ്വദഖത്തുള്ള മുസ്്‌ലിയാരും പാണ്ടിക്കാട് ബാപ്പു മുസ്്‌ലിയാരും എടപ്പുലം മാനു മുസ്്‌ലിയാരും പള്ളിശ്ശേരി അലി മുസ്്‌ലിയാരും പകർന്ന പ്രാസ്ഥാനിക ആവേശം ഏറ്റെടുത്താണ് വണ്ടൂർ ടീം ഒലീവ് അംഗങ്ങൾ മുദ്രാവാക്യം മുഴക്കിയത്. 1973 ൽ സുന്നി വിദ്യാർത്ഥികളുടെ സിരകളിൽ ചോര തിളക്കുന്ന ത്രയാക്ഷരം എസ് എസ് എഫ് രൂപം കൊണ്ടതിന്റെ ആവേശവുമായി പെരിന്തൽമണ്ണയിൽ നിന്നുള്ള ടീം ഒലീവ് അംഗങ്ങളും അഹ്്‌ലുസ്സുന്നയുടെ ആദർശ വൈജ്ഞാനിക രംഗത്തെ നിറസാനിദ്ധ്യമായിരുന്ന പാങ്ങിൽ അഹ്്മദ് കുട്ടി മുസ്്‌ലിയാരുടെ പാരമ്പര്യം ഏറ്റു പിടിച്ച് കൊളത്തൂർ ടീം ഒലീവ് അംഗങ്ങളും സമർപ്പണത്തിലെ കണ്ണികളായി മാറി. 1983 ലെ സുന്നി സമ്മേളനം, 1994 ൽ നടന്ന എസ് വൈ എസ് 40ാം വാർഷിക സമ്മേളനം തുടങ്ങി പ്രാസ്ഥാനിക വിപ്ലവത്തിന്റെ രംഗഭൂമിയായ മലപ്പുറം ടീം ഒലീവ് അംഗങ്ങളെത്തിയത് പൂർവീകർ കത്തിച്ച പോരാട്ടത്തിന്റെ സ്മരണകളുമായാണ്. സ്വാതന്ത്ര്യ സമരത്തിന്റെ വിപ്ലവാധ്യായങ്ങൾ താണ്ടി വന്ന മഞ്ചേരിയിലെ ടീം ഒലീവ് അംഗങ്ങളുടെ കരുത്ത് ശൈഖുൽ ഹദീസ് നെല്ലിക്കുത്ത് ഉസ്താദിന്റെയും പയ്യനാട് തങ്ങളുടെയും കാരക്കുന്ന മമ്മദ് മുസ്്‌ലിയാരുടെയും തോട്ടുപൊയിൽ അബ്ദുറഹ്്മാൻ ഫൈസിയുടെയും ഖാരിഅ്് ഹസ്സൻ മുസ്്‌ലിയാരുടെയും വൈജ്ഞാനിക പ്രാസ്ഥാനിക പോരാട്ടങ്ങളാണ്. കണ്ണിയത്തിന്റെ ഗുരുവര്യർ മരക്കാരുട്ടി മുസ്്‌ലിയാർ, സമസ്തയുടെ രൂപീകരണത്തിനായി ഉണ്ടാക്കിയ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രസിഡണ്ട് അഹ്്മദ് മീരാൻ മുസ്്‌ലിയാർ കേരളത്തിന്റെ മദ്രസാ പ്രസ്ഥാനത്തിന്റെ വളർച്ചയിൽ ത്യാഗോജ്ജ്വലമായ അദ്ധ്യായം തുന്നിച്ചേർത്ത തരുവണ അബ്ദുള്ള മുസ്്‌ലിയാർ തുടങ്ങിയവരുടെ വിപ്ലവ പ്രവർത്തനങ്ങളാണ് അരീക്കോട് ടീം ഒലീവിന്റെ ആവേശം. 1967 മുതൽ ഇരുപത്തിയഞ്ച് വർഷം സമസ്തയുടെ അദ്ധ്യക്ഷ പദവിയിലിരുന്ന് പ്രസ്ഥാനത്തിന് കരുത്ത് പകർന്ന കണ്ണിയത്ത് അഹ്്മദ് മുസ്ലിയാരുടെ ധീര സ്മരണകൾ ഏറ്റുപിടിച്ച് ഓമാനൂർ ശുഹദാക്കളുടെ ജന്മനാട്ടിൽ നിന്ന് വാരിയെടുത്ത വിപ്ലവത്തിന്റെ ഉജ്ജ്വല ഓർമകളുമായാണ് എടവണ്ണപ്പാറ ടീം ഒലീവ് എത്തിയത്. ആദർശ വൈരികളുടെ പേടി സ്വപ്‌നമായിരുന്ന പതി അബ്ദുൽ ഖാദർ മുസ്്‌ലിയാരുടെ പടയോട്ടത്തിൽ നിന്നും ആവേശം പകർന്നാണ് കൊണ്ടോട്ടി ടീം ഒലീവ് എഴുന്നേറ്റ് നിന്നത്. അഹ്്്‌ലുസ്സുന്നയുടെ ആദർശ പടയോട്ടങ്ങൾക്ക് നേതൃത്വം നൽകിയ ഇ കെ ഹസ്സൻ മുസ്്‌ലിയാരുടെയും വഹാബി കുതന്ത്രങ്ങൾ പൊളിച്ചടുക്കി അഹ്്‌ലുസ്സുന്നയുടെ ആവേശമായിമാറിയ സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദിന്റെ കൊട്ടപ്പുറം സംവാദ വിജയത്തിന്റെ ഊർജ്ജസ്വലതയുമായാണ് പുളിക്കൽ ടീം ഒലീവ് അംഗങ്ങൾ അണി നിരന്നത്.
മഅ്ദിൻ ഗ്രാന്റ് മസ്ജിദ് പരിസരത്ത് നിന്നും ആരംഭിച്ച് ആലത്തൂർ പടിയിൽ സമാപിച്ച പ്രകടനത്തോടെ ടീം ഒലീവ് സംഗമത്തിന് സമാപ്തി കുറിച്ചു.
from Islamic Media Mission I https://ift.tt/32JC4We
via IFTTT