: ‘എന്റെ കവിതകൾ ഇനി പഠിപ്പിക്കരുത്’ എന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞിട്ട് ഒന്നരക്കൊല്ലമാകുന്നു. അതു പറയാനിടയാക്കിയ സാഹചര്യത്തിന് ഇന്നും മാറ്റമുണ്ടായിട്ടില്ല. മലയാളമറിയാത്ത കുട്ടികളെ മലയാളമറിയാത്ത അധ്യാപകർ മലയാളം പഠിപ്പിക്കുന്നതിലെ രോഷവും സങ്കടവും പ്രകടിപ്പിക്കാനായിരുന്നു കവി അങ്ങനെ പറഞ്ഞത്. സ്കൂളുകളിൽ മലയാളം സംസാരിക്കാൻ അനുവദിക്കാത്തതിനാൽ ഇംഗ്ലീഷ് മീഡിയം കുട്ടികൾക്ക് പത്താംക്ലാസ് കഴിഞ്ഞാലും മലയാളം മനസ്സിലാക്കാനും ഉൾക്കൊള്ളാനും എഴുതാനും കഴിയാത്ത സ്ഥിതിയാണെന്ന് ഔദ്യോഗികഭാഷ സംബന്ധിച്ച നിയമസഭാ സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. പൊതുവിദ്യാഭ്യാസ മേഖലയിൽ ‘മലയാളം പള്ളിക്കൂടം’ മാതൃകയിൽ മലയാളഭാഷാ പരിശീലനം നൽകുന്നതുസംബന്ധിച്ച് ഇ.എസ്. ബിജിമോൾ അധ്യക്ഷയായ സമിതിയുടെ പഠനറിപ്പോർട്ടാണിത്. മലയാളത്തെ മാറ്റിനിർത്തി മറ്റു ഭാഷകൾ പഠിപ്പിക്കുന്നതാണ് ഇപ്പോഴത്തെ പഠനസമ്പ്രദായം. ഇതു മാറ്റാൻ സ്വകാര്യ അൺഎയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ പ്രദർശിപ്പിക്കുന്ന ‘സ്പീക്ക് ഇൻ ഇംഗ്ലീഷ്’ ബോർഡുകൾ നീക്കംചെയ്യാൻ നടപടിയെടുക്കണമെന്നും സമിതി ശുപാർശ ചെയ്തിരുന്നു. എന്നാൽ, ഇപ്പോഴും ഇത്തരം സ്കൂളുകളിൽ മലയാളം സംസാരിക്കാൻ വിലക്കുണ്ട്. മലയാളം പറയുന്ന കുട്ടികൾക്ക് എഴുത്തുശിക്ഷ(ഇംപോസിഷൻ) കൊടുക്കുന്നതും സമിതിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എം.ടി. വാസുദേവൻനായർ മലയാളം പള്ളിക്കൂടത്തിനു വേണ്ടി എഴുതിയ വാക്യങ്ങൾ ഭാഷാപ്രതിജ്ഞയായി ചൊല്ലിക്കണമെന്ന സമിതിയുടെ നിർദേശവും നടപ്പായിട്ടില്ല. ഈ വാക്യങ്ങൾ സ്കൂൾ അസംബ്ലിയിൽ ചൊല്ലിക്കാനുള്ള നടപടി സർക്കാർ തലത്തിലുണ്ടാവണം. ഈ ഭാഷാപ്രതിജ്ഞ, സർക്കാർ ഔദ്യോഗിക ഭാഷാപ്രതിജ്ഞയായി പ്രഖ്യാപിച്ച സാഹചര്യത്തിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രദർശിപ്പിക്കാൻ നടപടി സ്വീകരിക്കാനും സമിതി നിർദേശിച്ചിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2PeZ9hX
via
IFTTT