ഇന്ത്യ-പാക് വിഭജനം കഴിഞ്ഞ് രണ്ടുവർഷത്തിനുശേഷമാണ് 19-കാരനായ ബി.എം. കുട്ടി ആദ്യമായി പാകിസ്താനിലെത്തുന്നത്. മദ്രാസ് മുഹമ്മദൻ കോളേജിൽ ഡിഗ്രി പഠനം പൂർത്തിയാക്കിയശേഷം കൂട്ടുകാരുമൊത്ത് പാകിസ്താൻ കാണാൻ പോയതായിരുന്നു. കൂട്ടുകാർ തിരിച്ചുവന്നെങ്കിലും കുട്ടി അവിടെ ജോലിയിൽത്തുടർന്നു. ആ തുടർച്ച ആറുപതിറ്റാണ്ടിലേറെ നീണ്ടു. അറുപതുവർഷം പാകിസ്താനിൽ കഴിഞ്ഞതിനെക്കുറിച്ച് 2011-ൽ 'സിക്സ്റ്റി ഇയേഴ്സ് ഇൻ സെൽഫ് എക്സൈൽ-എ പൊളിറ്റിക്കൽ ഓട്ടോബയോഗ്രഫി' എന്ന ആത്മകഥ രചിച്ചതിലൂടെയാണ് കുട്ടി അന്തർദേശീയ ശ്രദ്ധനേടിയത്. ട്രേഡ് ആൻഡ് ഇൻഡസ്ട്രി പബ്ലിക്കേഷൻ കമ്പനിയിലായിരുന്നു ആദ്യജോലി. തുടർന്ന് പല കമ്പനിയിലും ജോലിചെയ്ത ഇദ്ദേഹം രാഷ്ട്രീയത്തിലേക്കിറങ്ങി. പഠിക്കുന്ന സമയത്ത് കേരള സ്റ്റുഡന്റ് ഫെഡറേഷൻ പ്രവർത്തകനായിരുന്ന ബി.എം. കുട്ടി പാകിസ്താനിലും ഇടത് അനുഭാവമുള്ള പ്രസ്ഥാനങ്ങളിലാണ് പ്രവർത്തിച്ചത്. പാകിസ്താനി അവാമി ലീഗ്, നാഷണൽ ഡെമോക്രാറ്റിക് പാർട്ടി, പാകിസ്താൻ നാഷണൽ പാർട്ടി എന്നിവയുടെ നേതൃനിരയിൽ പ്രവർത്തിച്ച ബി.എം. കുട്ടി ജി.ബി. ബിസഞ്ചോ ബലൂചിസ്താൻ ഗവർണറായിരുന്നപ്പോൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഉപദേഷ്ടാവായി. അക്കാലത്ത് ഇന്ത്യാ-പാക് സമാധാനത്തിന്റെ വക്താവായിരുന്നു. രണ്ടുതവണ ജയിൽവാസവും അനുഭവിച്ചു. നിലവിൽ, പാകിസ്താൻ പീസ് കോയലിഷൻ (പി.പി.എൽ.) സെക്രട്ടറി ജനറലും പാകിസ്താൻ ലേബർ എഡ്യുക്കേഷൻ ആൻഡ് റിസർച്ച് ഡയറക്ടറുമാണ്. രണ്ടുവർഷംമുമ്പ് ചികിത്സയ്ക്കായാണ് അവസാനമായി നാട്ടിൽ വന്നത്. ഉത്തർപ്രദേശ് സ്വദേശിനി പരേതയായ ബിജീഷ് ആണ് ഭാര്യ. ജാവേദ് മുഹ്യുദ്ധീൻ, റൂബി, ഷാസിയ എന്നിവരാണ് മക്കൾ. പരേതരായ ബിയ്യാത്തിൽ കുഞ്ഞലവി ഹാജിയുടെയും ബിരിയക്കുട്ടി ഹജ്ജുമ്മയുടെയും മകനാണ്. സഹോദരങ്ങൾ: ബി. ബീരാൻ (മുൻ കസ്റ്റംസ് അസി. കമ്മിഷണർ), മുഹമ്മദ് കുട്ടി, പാത്തുമ്മു (കുവൈത്ത്), പരേതരായ മുഹമ്മദ് (മുൻ കോട്ടയ്ക്കൽ പഞ്ചായത്ത് മാനേജർ), മൂസ്സ (പൊൻമുണ്ടം പഞ്ചായത്ത് മുൻ പ്രസിഡന്റ്), കുഞ്ഞീൻ ഹാജി, അഹമ്മദ് കുട്ടി, കദിയക്കുട്ടി, മമ്മാദിയ. ഖബറടക്കം കറാച്ചിയിൽ നടന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2MExYuU
via
IFTTT