പ്രത്യേകപദവി റദ്ദാക്കി കേന്ദ്രഭരണപ്രദേശങ്ങളാക്കുന്നതിനെച്ചൊല്ലി ജമ്മുകശ്മീരിലും ലഡാക്കിലും നടക്കുന്ന പ്രതിഷേധങ്ങൾക്കുപിന്നിൽ ഭൂമിയിലും തൊഴിലിലും അവകാശം നഷ്ടപ്പെടുമെന്ന ആശങ്ക. ഇതിന്റെപേരിൽ രണ്ടിടങ്ങളിലും ജനവികാരം ശക്തമായതിനാൽ പ്രശ്നപരിഹാരത്തിനുള്ള ഊർജിതനീക്കത്തിലാണ് കേന്ദ്രസർക്കാർ. മുസ്ലിങ്ങളിൽ സുന്നി-ഷിയ വിഭാഗങ്ങൾക്കിടയിലുള്ള ഭിന്നത ഉപയോഗപ്പെടുത്തി സാഹചര്യം അനുകൂലമാക്കാനാണു ശ്രമം. ലഡാക്ക് മേഖലയിൽ സ്വാധീനമുള്ള ഷിയകളുടെ ആത്മീയനേതാക്കളുമായി ചർച്ചയ്ക്കുള്ള വഴിതുറന്നു കഴിഞ്ഞു. കാർഗിലിൽ കേന്ദ്രവിരുദ്ധസമരത്തിനു നേതൃത്വം നൽകുന്ന കർമസമിതിയുമായിട്ടാണു ചർച്ച. കേന്ദ്രഭരണപ്രദേശമല്ല തങ്ങളുടെ പ്രശ്നമെന്നും ഭൂവിനിയോഗത്തിലും തൊഴിൽ സുരക്ഷയിലുമുള്ള അവകാശം തുടരണമെന്നതു മാത്രമാണ് ആവശ്യമെന്നും ഷിയ മുസ്ലിങ്ങളുടെ സംഘടനയായ അൻജുമാൻ ഇ ജാമിയത്ത് ഉൽ ഉലമ ഇസ്ന അഷാരിയ അധ്യക്ഷൻ ശൈഖ് നാസിർ മെഹ്ദി മുഹമ്മദി വ്യക്തമാക്കിയിരുന്നു. പത്തോളം രാഷ്ട്രീയ-സാമൂഹിക സംഘടനകളുടെ കൂട്ടായ്മയായ കർമസമിതിയുടെയും നേതാവ് ഇദ്ദേഹമാണ്. പുറത്തുനിന്നുള്ളവർ വ്യാപകമായി ഭൂമി കൈയേറി തങ്ങളുടെ സംസ്കാരം ഇല്ലാതാവുമെന്നാണ് ലഡാക്കിലെ ഷിയകളുടെ ആശങ്ക. ബുദ്ധമതക്കാർ ഏറെയുള്ള ലഡാക്കിലെ ലേ ഡെവലപ്മെന്റ് കൗൺസിൽ പുനഃസംഘടിപ്പിക്കണമെന്നും തങ്ങൾക്കെല്ലാം അർഹമായ പ്രാതിനിധ്യം നൽകണമെന്നും ലഡാക്കിലെ സുന്നിസംഘടനയായ അൻജുമാൻ മൊയ്നുൾ ഇസ്ലാം പ്രസിഡന്റ് ഡോ. അബ്ദുൾ ഖ്വയം പറഞ്ഞു. “370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകൾ അസാധുവാക്കിയെങ്കിലും 371-ാം അനുച്ഛേദമനുസരിച്ച് ഭൂമിയിലും തൊഴിലിലും ഞങ്ങൾക്കു സംരക്ഷണം നൽകണം. ലഡാക്കിനെ പിന്നാക്കമേഖലയായി പ്രഖ്യാപിച്ച് ഭരണഘടനാപട്ടികയിൽ ഉൾപ്പെടുത്തണം. ഞങ്ങളുടെ സാംസ്കാരിക-സാമ്പത്തിക സംരക്ഷണം ഉറപ്പാക്കാൻ കേന്ദ്രസർക്കാർ തയ്യാറാവണം” -ഖ്വയം നയം വ്യക്തമാക്കി. ഇക്കാര്യങ്ങളാവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലഡാക്കിൽ ഭൂവിനിയോഗത്തിനുള്ള അധികാരം നിലവിൽ ലേ ഹിൽ കൗൺസിലിനാണ്. കേന്ദ്രഭരണപ്രദേശമാവുന്നതോടെ, ഈ അധികാരം നഷ്ടപ്പെടാതിരിക്കാൻ ഭരണഘടനാഭേദഗതി കൊണ്ടുവരണമെന്നാണ് ഷിയകളുടെ ആവശ്യം. പ്രധാനമന്ത്രിയെ നേരിൽക്കണ്ട് തങ്ങളുടെ അധികാരം നിലനിർത്താൻ അഭ്യർഥിക്കുമെന്ന് കൗൺസിൽ വൃത്തങ്ങൾ വ്യക്തമാക്കി. ഡാർജിലിങ്ങിനു സമാനമായി ഭൂവിനിയോഗാധികാരം കൗൺസിലിൽ നിക്ഷിപ്തമാക്കണമെന്നാണ് ആവശ്യം. അപ്പോൾ പുറത്തുനിന്നുള്ളവർക്കു ഭൂമി വാങ്ങാൻ കൗൺസിലിന്റെ അനുവാദം വേണം. ഈ ആവശ്യങ്ങളിൽ ഉറപ്പുലഭിച്ചാൽ ഷിയകൾ പിന്നീടു കേന്ദ്രത്തിനെതിരേ തിരിയില്ല. കശ്മീരിലെ 70 ലക്ഷം ജനങ്ങളിൽ 96 ശതമാനമാണ് മുസ്ലിങ്ങൾ. സുന്നി വിഭാഗക്കാരാണ് ഭൂരിപക്ഷം. ലഡാക്ക് മേഖലയിലെ കാർഗിലിലെ ഒന്നരലക്ഷം പേരിൽ 77 ശതമാനവും മുസ്ലിങ്ങളാണ്. ഇവരിൽ ഭൂരിപക്ഷവും ഷിയാകളാണ്. അവർ ചർച്ചയ്ക്കു തയ്യാറായതിനാൽ അതുവഴി സമവായസാധ്യത തേടുകയാണ് സർക്കാർ. ലഡാക്ക് മേഖലയിലുള്ള ഷിയകളെ തങ്ങൾക്ക് അനുകൂലമാക്കി കശ്മീരിലെ മുസ്ലിങ്ങളെ സമർദത്തിലാക്കാനാണ് നിലവിലെ നീക്കം. എന്നാൽ, ഇപ്പോഴും നീറിപ്പുകയുന്ന കശ്മീരിൽ ഒത്തുതീർപ്പ് എളുപ്പമാവില്ല. Content Highlights:government trying to solve issues in ladakh with the help of shiyas
from mathrubhumi.latestnews.rssfeed https://ift.tt/2z7AqRD
via
IFTTT