കുന്നംകുളം: പ്ലീസ്, ഉപദ്രവിക്കരുത്. ആകാശിന്റെയും ലീനയുടെയും മക്കളാരും ഇവിടെയില്ല. ഇല്ലാത്ത വാർത്ത പ്രചരിപ്പിച്ച് ഞങ്ങൾക്ക് പണി തരരുത്... ഇത് കുന്നംകുളം സ്റ്റേഷനിലെ പോലീസുകാരുടെ അഭ്യർഥനയാണ്. കുന്നംകുളം സ്റ്റേഷനിൽ ഉപേക്ഷിച്ച നിലയിൽ കുഞ്ഞിനെ ലഭിച്ചെന്ന രീതിയിൽ സാമൂഹികമാധ്യമങ്ങളിൽ തുടർച്ചയായി വരുന്ന പ്രചാരണങ്ങൾ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് പോലീസുകാർ. കുട്ടിയെ കിട്ടിയിട്ടുണ്ടോയെന്ന് അന്വേഷിച്ച് ഒട്ടേറെ ഫോൺവിളികളാണ് എത്തുന്നത്. ഇതിനെല്ലാം മറുപടി പറഞ്ഞ് മടുത്ത പോലീസ് ഒടുവിൽ കുന്നംകുളം സ്റ്റേഷനിൽ ഇങ്ങനെ ഒരു കുട്ടിയെ കിട്ടിയിട്ടില്ല. ഇത് വ്യാജമാണ് പ്രചരിപ്പിക്കാതിരിക്കുക എന്ന സന്ദേശമാണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്. സാമൂഹികമാധ്യമങ്ങളിൽ ഇതിനെ പരിഹസിച്ച് ഒട്ടേറെ ട്രോളുകളുമിറങ്ങിയിട്ടുണ്ട്. വിവിധ കുട്ടികളുടെ ചിത്രങ്ങൾ ഉപയോഗിച്ചാണ് ഓരോ തവണയും പ്രചരിപ്പിക്കുന്നത്. ഇതിലെല്ലാം കുട്ടിയുടെ അച്ഛന്റ പേര് ആകാശെന്നും അമ്മയുടെ പേര് ലീനയെന്നുമാണ്. കുട്ടി കുന്നംകുളം പോലീസ് സ്റ്റേഷനിലുണ്ട്. പ്ലീസ് ഒന്നു ഷെയർ ചെയ്യൂ. ഇതൊക്കെയല്ലേ ഷെയർ ചെയ്യേണ്ടത്. പിശുക്ക് കാണിക്കല്ലേ, നിങ്ങളുടെ കൈവിരലുകൾക്ക് അദ്ഭുതങ്ങൾ തീർക്കാൻ കഴിയും എന്ന കുറിപ്പോടെയാണ് പ്രചാരണം. ഓരോ തവണയും വാട്സ്ആപ്പിലും ഫെയ്സ്ബുക്കിലും സന്ദേശമെത്തുമ്പോൾ പോലീസ് സ്റ്റേഷനിലേക്കും എസ്.എച്ച.ഒ.യുടെ ഫോണിലേക്കും വിളികളുമെത്തും. സഹികെട്ടതോടെയാണ് പോലീസ് മറുപടിക്കുറിപ്പ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്. 2017 ഡിസംബറിൽ തൃശ്ശൂർ പൂത്തോളിൽനിന്ന് തട്ടിക്കൊണ്ടുവന്നയാളെയും കുട്ടിയെയും കുന്നംകുളം പോലീസ് പിടികൂടിയിരുന്നു. ഇതിനു ശേഷമാണ് ഇത്തരത്തിൽ വ്യാജപ്രചാരണം തുടങ്ങിയത്. രണ്ടുവർഷമാകുമ്പോഴും ഇടയ്ക്കെല്ലാം ഇത് വീണ്ടുമെത്തും. ആരാണ് സന്ദേശം പ്രചരിപ്പിക്കുന്നതെന്ന് കണ്ടെത്താനുമായിട്ടില്ല. തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നവരുടെ പേരിൽ നിയമനടപടിക്കൊരുങ്ങുകയാണ് പോലീസ്. ഷെയർ ചെയ്യുന്നതിനുമുമ്പ് തെറ്റല്ലെന്ന് ഉറപ്പാക്കുക :സാമൂഹികമാധ്യമങ്ങളിലുടെ സന്ദേശങ്ങൾ കൈമാറുന്നതിനു മുമ്പ് അത് തെറ്റല്ലെന്ന് ഉറപ്പാക്കുക പ്രധാനമാണെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു. കേരള പോലീസ് ആക്ട് 120 ഒ പ്രകാരം വ്യാജപ്രചരണം നടത്തുന്നവരുടെ പേരിൽ നിയമനടപടി സ്വീകരിക്കാം. 10,000 രൂപ പിഴയും ആറുമാസം തടവുമാണ് ശിക്ഷ.
from mathrubhumi.latestnews.rssfeed https://ift.tt/336xDpQ
via
IFTTT